അഡ്വ. കെ.വി മുഹമ്മദ്കുഞ്ഞിയുടെ ഇടപെടല്‍; തൊഴിലാളിക്ക് 8 ലക്ഷം ദിര്‍ഹം നല്‍കാന്‍ ഉത്തരവ്

107

അബുദാബി: തൊഴിലാളിക്ക് എട്ടു ലക്ഷം ദിര്‍ഹം തൊഴിലുടമ നല്‍കണമെന്ന് അബുദാബി ലേബര്‍ അപ്പീല്‍ കോടതി വിധിച്ചു. ബംഗ്‌ളാദേശ് സ്വദേശി ജംഷീദ് ആലമിനാണ് അദ്ദേഹം ജോലി ചെയ്തിരുന്ന സ്വകാര്യ കമ്പനി 8 ലക്ഷം ദിര്‍ഹം (3.66 കോടി ബംഗ്‌ളാദേശ് ടാക്ക) നല്‍കണമെന്ന് കോടതി വിധിച്ചത്.
2010 ജൂണിലാണ് ജംഷീദ് ആലം സ്വകാര്യ കമ്പനിയുടെ ഡയറക്ടര്‍ ആയി ചുമതലയേറ്റത്. എന്നാല്‍, 2016 മാര്‍ച്ചില്‍ കമ്പനിയുടെ പാര്‍ട്ണര്‍ഷിപ്പിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് 2017 മെയ് മുതല്‍ 2018 ഡിസംബര്‍ വരെയുള്ള ശമ്പള കുടിശ്ശിക നല്‍കാതെ കമ്പനി പിടിച്ചു വെക്കുകയായിരുന്നു. കുടിശ്ശിക ആവശ്യപ്പെട്ട് പല തവണ കത്ത് നല്‍കി യെങ്കിലും നല്‍കാന്‍ തയാറായിരുന്നില്ല. തുടര്‍ന്നാണ് പ്രമുഖ നിയമ സ്ഥാപനമായ ഹൗസ് ഓഫ് ജസ്റ്റിസിലെ പ്രമുഖ ലീഗല്‍ കണ്‍സള്‍ട്ടന്റും അബുദാബി സംസ്ഥാന കെഎംസിസി ജന.സെക്രട്ടറിയുമായ അഡ്വ. കെ.വി മുഹമ്മദ്കുഞ്ഞി മുഖേന കോടതിയിലെത്തിയത്. പ്രാഥമിക കോടതി 5 ലക്ഷം ദിര്‍ഹം നല്‍കാന്‍ വിധിച്ചുവെങ്കിലും തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. 2016 മാര്‍ച്ചില്‍ പരാതിക്കാരനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതാണെന്ന കമ്പനിയുടെ വാദം കോടതി തള്ളി. പരാതിക്കാരന്റെ മുഴുവന്‍ വാദങ്ങളും അപ്പീല്‍ കോടതി അംഗീരിക്കുകയും പരമാവധി തുകയായ എട്ടു ലക്ഷം ദിര്‍ഹം നല്‍കാന്‍ വിധിക്കുകയും ചെയ്തു. പരാതിക്കാരനു വേണ്ടി അഡ്വ. ഖല്‍ഫാന്‍ അല്‍ഗാനിം ആണ് കേസ് വാദിച്ചത്.