ദുബൈ: യുഎഇയിലെ പ്രധാന ലേബര്‍ ക്യാമ്പുകളില്‍ കോവിഡ് 19 പരിശോധന ശക്തമാക്കി പ്രമുഖ സേവന ദാതാക്കളായ റൈറ്റ് ഹെല്‍ത്ത്, ഹെല്‍ത്ത് ഹബ് എന്നീ ക്ളിനിക്കുകള്‍ രംഗത്ത്. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയാനുള്ള യുഎഇ ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് അല്‍ഫുതൈം ആരോഗ്യ സേവന സംരംഭമായ ഹെല്‍ത്ത് ഹബ്ബിന്റെ സഹകരണത്തോടെ റൈറ്റ് ഹെല്‍ത്ത് തൊഴിലാളികള്‍ താമസിക്കുന്ന മേഖലകളില്‍ കോവിഡ് 19 പരിശോധന നടത്തുന്നത്. ഇത്തരമൊരു നിര്‍ണായക സമയത്ത് രാജ്യത്തെ തൊഴിലാളി സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തി സര്‍ക്കാര്‍ നയിക്കുന്ന കൊറോണ വിരുദ്ധ പോരാട്ടം ശക്തമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അല്‍ഫുതൈം മാനേജിംഗ് ഡയറക്ടര്‍ ഡോ. ഹൈദര്‍ യൂസുഫ് പറഞ്ഞു. രോഗബാധ നേരത്തെ തിരിച്ചറിഞ്ഞ് തൊഴിലാളികളെ സുരക്ഷിത അകലത്തില്‍ താമസിപ്പിച്ച് അവരുടെ ഇടപഴകലുകള്‍ നിരീക്ഷിച്ച് ആവശ്യമായ ചികിത്സ നല്കുന്ന പദ്ധതിയാണിത്. തങ്ങളുടെ തൊഴിലാളി താമസ മേഖലകളിലെ ക്ളിനിക് ശൃംഖലകളിലായിരിക്കും പരിശോധനയെന്ന് റൈറ്റ് ഹെല്‍ത്ത് സിഇഒ ജയന്.കെ പറഞ്ഞു. പ്രമുഖ കോര്‍പറേറ്റ് കമ്പനികളുടെ തൊഴിലാളികള്‍ ഈ പരിശോധനയുടെ ഭാഗമാകും.