സ്വന്തം പൗരന്മാരെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ ഒടുവില്‍ പാകിസ്താനും രംഗത്ത്; ഇന്ത്യ മൗനം തുടരുന്നു

113

ദുബൈ: രാജ്യത്തിന് സമ്പത്തും വിദേശനാണ്യവും നേടിത്തരുന്ന സ്വന്തം പൗരന്മാരോട് ഇന്ത്യ നിഷേധാത്മക സമീപനം തുടരുമ്പോള്‍ പാകിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരുടെ രക്ഷക്ക് രംഗത്തിറങ്ങി. കോവിഡ് ലോകമാകെ വ്യാപിച്ചപ്പോള്‍ യുഎഇയില്‍ കുടുങ്ങിയ പൗരന്മാരെ രക്ഷിക്കാന്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും തയ്യാറായി. അതിന്റെ ഭാഗമായി നിരവധി വിദേശി പൗരന്മാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍ നിന്നും യാത്രയായി. ഇതിനായി യുഎഇ അവരുടെ ദേശീയ വിമാനക്കമ്പനിയുടെ വിമാനങ്ങള്‍ വിട്ടുനല്‍കി. മാത്രമല്ല വിമാനത്താവളത്തില്‍ റാപിഡ് കോവിഡ് പരിശോധന വരെ ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യന്‍ പ്രവാസി സമൂഹം ഇവിടെ ബുദ്ധിമുട്ടുമ്പോള്‍ അവരെ രക്ഷിക്കാന്‍ നാളിതുവരെ ജന്മനാട് തയ്യാറായിട്ടില്ല. നിരവധി നിവേദനങ്ങള്‍ നല്‍കി, ഏറ്റവുമൊടുവില്‍ പ്രവാസികള്‍ കോടതിയെ വരെ സമീപിച്ചു. എന്നിട്ടും കേന്ദ്രസര്‍ക്കാര്‍ അനങ്ങിയിട്ടില്ല. ഇത്തരമൊരു അപകടകരമായ അവസ്ഥയില്‍ സ്വന്തം പൗരന്മാരെ തിരികെ കൊണ്ടുപോവാത്ത രാജ്യങ്ങള്‍ക്കെതിരെ തൊഴില്‍പരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് വരെ യുഎഇ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫിലിപ്പീന്‍സ് വരെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ കൊണ്ടുപോവാന്‍ തയ്യാറായപ്പോള്‍ ഇന്ത്യയും പാകിസ്ഥാനും മാത്രമാണ് മൗനം പാലിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാന്‍ വരെ തയ്യാറായിരിക്കുന്നു. ഏപ്രില്‍ 20 നും 28 നും ഇടയില്‍ 17 വിമാനങ്ങളെങ്കിലും സര്‍വീസ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതിനാല്‍ യുഎഇയില്‍ നിന്ന് കുടുങ്ങിയ പാകിസ്ഥാനികളെ തിരിച്ചയക്കാന്‍ യുഎഇയും പാകിസ്ഥാനും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഒറ്റപ്പെട്ട 3,500 ല്‍ അധികം ആളുകള്‍ യുഎഇയില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള ഈ പ്രത്യേക വിമാനങ്ങളില്‍ യാത്രചെയ്യും. അടുത്തയാഴ്ച കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിക്കുമെന്ന് അറിയുന്നു. യുഎഇയില്‍ നിന്ന് പാകിസ്ഥാനിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പാകിസ്ഥാന്‍ പൗരന്മാരെ തിരിച്ചെടുക്കുന്നതിനായി അധിക വിമാന സര്‍വീസുകള്‍ നടത്താന്‍ യുഎഇ പാകിസ്ഥാന്‍ സര്‍ക്കാരുമായി വിജയകരമായി ഏകോപിപ്പിച്ചു. മൊത്തം 17 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. അതേസമയം 11 വിമാനങ്ങള്‍ പാകിസ്ഥാന്‍ സ്വന്തം വിമാനം വിട്ടുനല്‍കും. ആറു വിമാനങ്ങള്‍ എമിറേറ്റ്‌സ് അഞ്ച് എയര്‍ അറേബ്യ ഒരു ഉള്‍പ്പെടെ യുഎഇ ആസ്ഥാനമായുള്ള എയര്‍ലൈനുകള്‍ അനുവദിക്കുകയും ചെയ്തിരിക്കുന്നു.