
കുവൈത്ത് സിറ്റി: കുവൈത്തില്‍ കര്‍ഫ്യൂ സമയം രണ്ട് മണിക്കൂര്‍ ദീര്‍ഘിപ്പിച്ചതിനു ശേഷം തിങ്കളാഴ്ച രാത്രി ആഭ്യന്തര മന്ത്രാലയം അടിയന്തിര യോഗം ചേര്‍ന്ന് ജലീബ് അല്‍ ഷുയൂക്ക്, മഹബൂല എന്നീ മേഖലകളിലേക്കുള്ള എല്ലാ വഴികളും അടച്ച് ഐസൊലേറ്റ് ചെയ്യാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്റം ആണ് മന്ത്രിസഭാ തീരുമാനം പ്രഖ്യാപിച്ചത്. മലയാളികളടക്കം ധാരാളം ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയ, ഹസാവി മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ഏരിയയാണ് ജലീബ്. ഒട്ടുമിക്ക കമ്പനികളുടേയും ലേബര്‍ ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മഹ്ബൂല ഏരിയ. കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥിരീകരിച്ച കൂടുതല്‍ കോവിഡ് കേസുകളും ഈ രണ്ട് ഏരിയകളിലായിരുന്നു. രണ്ടാഴ്ച ത്തേക്കാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് രണ്ട് പ്രദേശങ്ങളും ഇപ്പോള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. താമസക്കാര്‍ വീട്ടില്‍ തന്നെ കഴിയേണ്ടി വരും എന്നാണ് ലോക്ക് ഡൗണ്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്.