‘ഫുഡ് ഫോര്‍ ഓള്‍’ കാമ്പയിനുമായി ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച്

അദീബ് അഹമ്മദ്‌

600,000ത്തിലധികം ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യും

അബുദാബി: കോവിഡ് 19ന്റെ പ്രതിസന്ധി ഘട്ടത്തില്‍ അര്‍ഹര്‍ക്ക് ഭക്ഷണ കിറ്റുകള്‍ എത്തിച്ചു കൊടുക്കുന്ന ‘ഫുഡ് ഫോര്‍ ഓള്‍’ ക്ഷേമ കാമ്പയിന് ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് തുടക്കം കുറിച്ചു. യുഎഇ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് രാജ്യങ്ങളിലായി 600,000ത്തിലധികം ഭക്ഷണ കിറ്റുകള്‍ കാമ്പയിന്‍ മുഖേന അടുത്ത ദിവസങ്ങളിലായി പ്രവാസികള്‍ക്ക് വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ”ആകസ്മികമായ ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായം ഏറ്റവുമധികം ആവശ്യമുള്ളവര്‍ക്കൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നു. ഏത് രാജ്യക്കാരാണെന്ന് പരിഗണിക്കാതെ വിവിധ ക്ഷേമ സംഘടനകളുമായി കൈ കോര്‍ത്ത് സഹായമെത്തിക്കും” -ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് എംഡി അദീബ് അഹമ്മദ് പറഞ്ഞു. കെഎംസിസി, ഇന്‍കാസ്, കെഎസ്‌സി, ഐഎസ്‌സി, ശക്തി, നവധാര എന്നീ സംഘടനകളുമായും വിവിധ രാജ്യങ്ങളുടെ എംബസികളുമായും ഇതിനകം ബന്ധപ്പെട്ട് ഏകോപനം നടത്തിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ഘട്ടം ഘട്ടമായാണ് കാമ്പയിന്‍ നടത്തുക. ലേബര്‍ ക്യാമ്പുകളിലാണ് പ്രാഥമികമായി കാമ്പയിന്‍ നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.