കുവൈത്ത് സിറ്റി : കുവൈത്തിൽ ഒരു മലയാളി നഴ്സിനു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.അമീരി ആശുപത്രിയിൽ ജോലി ചെയ്യുന്ന കോട്ടയം കാഞ്ഞിരത്താനം സ്വദേശിയായ 43 കാരിക്കാണു വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.ജലീബ് ശുയൂഖ് ബ്ലോക്ക് 4 സ്ട്രീറ്റ് 17 ൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണു ഇവർ കുടുംബത്തോടൊപ്പം താമസിക്കുന്നത്.രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പരിശോധന നടത്തിയതോടെ ഇന്നലെയാണു ഇവർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഇവരെ ചികിൽസക്കായി ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ കുടുംബാംഗങ്ങൾക്ക് ആർക്കും തന്നെ ഇതു വരെ രോഗലക്ഷണങ്ങൾ പ്രകടമായിട്ടില്ല. അബ്ബാസിയയിൽ താമസിക്കുന്ന 58 കാരിയായ മലയാളി നഴ്സിനു കഴിഞ്ഞ ആഴ്ച രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. കുവൈത്തിൽ ഇത് വരെ കൊറോണ സ്ഥിരീകരിച്ചവരിൽ നിരവധി മലയാളികളും ഉൾപ്പെട്ടതായാണ് വിവരം ലഭിക്കുന്നത്