മലയാളി യുവതി ദുബൈയില്‍ മരിച്ച സംഭവം: വ്യക്തത തേടി ബന്ധുക്കള്‍

180

ദുബൈ: മലയാളി യുവതി ദുബൈയില്‍ മരിച്ച സംഭവത്തില്‍ വ്യക്തത ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്. മാള സ്വദേശി കടവില്‍ ഇഖ്ബാലിന്റെ ഭാര്യ ശബ്‌ന (45) ആണ് വ്യാഴാഴ്ച ഉച്ചയോടെ ദുബൈ ഖിസൈസില്‍ ജോലി ചെയ്യുന്ന ഫ്‌ളാറ്റില്‍ മരിച്ചത്. വീട്ടുജോലിക്കാരിയായിരുന്ന ശബ്‌നക്ക് അവിടത്തെ കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ പൊള്ളലേറ്റതായാണ് വിവരം. കുട്ടിയെ കുളിപ്പിക്കാന്‍ വെച്ച വെള്ളത്തില്‍ കാല്‍ തെറ്റി വീണു എന്നാണ് വീട്ടുകാര്‍ പറഞ്ഞത്. ബാത് റൂമില്‍ ഉണ്ടായിരുന്ന ദ്രാവകം തലയിലൂടെ വീഴുകയും ചെയ്തുവത്രേ. പൊള്ളലേറ്റ ശേഷം ഇവരെ കുളിപ്പിച്ചിരുന്നത് വീട്ടുകാരിയാണ്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് കുളിപ്പിക്കുന്നതിനിടെ ബാത് റൂമില്‍ കുഴഞ്ഞു വീഴുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് വീട്ടുടമ പറയുന്നു. ആംബുലന്‍സും പൊലീസും എത്തി നടപടിക്രമങ്ങള്‍ കൈക്കൊണ്ട ശേഷമാണ് ദുബൈയിലുള്ള മകനെ വിവരം അറിയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ വിസിറ്റ് വിസയിലാണ് ശബ്‌ന ദുബൈയിലെത്തയിയത്. കൊച്ചിന്‍ പോര്‍ട്ടില്‍ ചുമട്ടു തൊഴിലാളിയാണ് ഇവരുടെ ഭര്‍ത്താവ് ഇഖ്ബാല്‍. ഭാരിച്ച കട ബാധ്യതയുള്ള ഇഖ്ബാല്‍ അസുഖ ബാധിതനായതിനെ തുടര്‍ന്നാണ് 20കാരനായ മകനും ശബ്‌നയും ദുബൈയില്‍ ജോലിക്ക് എത്തിയത്. അഴീക്കോട് മരപ്പാലം സ്വദേശി കടവില്‍ ഇസ്ഹാഖ് സേട്ടിന്റെ മൂന്ന് പെണ്‍മക്കളില്‍ രണ്ടാമത്തെ മകളാണ് ശബ്‌ന. മക്കള്‍: ഇര്‍ഫാന്‍, സാജിത. മരുമകന്‍: മാഹിന്‍. സഹോദരിമാര്‍ സജ്‌ന, നജ്‌ന.
മൃതദേഹം ദുബൈ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ ഫോറന്‍സിക് വിഭാഗത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടോയെന്നന്വേഷിക്കണമെന്നും മരണ കാരണത്തില്‍ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രി, നോര്‍ക അധികൃതര്‍, ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍ പരാതി അയച്ചിട്ടുണ്ട്. അഷ്‌റഫ് താമരശ്ശേരി, ഹംപാസ് പ്രവര്‍ത്തകര്‍, മാള മഹല്ല് പ്രവാസി കൂട്ടായ്മ, കേരള പ്രവാസി സംഘം എന്നിവര്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തു വരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം മൃതദേഹം നാട്ടില്‍ എത്തിക്കണമെന്നും ബന്ധുക്കള്‍ അഭ്യര്‍ത്ഥിക്കുന്നു.