മാളുകള്‍ തുറക്കുന്നതിന് മുന്നോടിയായി 20,000 ജീവനക്കാരെ കോവിഡ് പരിശോധിച്ചു

28

ദുബൈ: അബുദാബിയില്‍ ഷോപ്പിംഗ് മാളുകള്‍ വീണ്ടും തുറക്കുന്നതിന് മുന്നോടിയായി 20,000 ജീവനക്കാരെ കോവിഡ് -19 പരിശോധന്ക്ക് വിധേയരാക്കിതായി അധികൃതര്‍ അറിയിച്ചു. അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി ഏഴ് കോവിഡ് -19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് സെന്ററുകള്‍ മുഴുവന്‍ സമയം പ്രവര്‍ത്തിച്ചു.
വൈറസിനെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും മുന്‍കരുതല്‍ നടപടികളെക്കുറിച്ചും സെഹ ജീവനക്കാരെ ഉദ്‌ബോധിപ്പിച്ചു. അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് ഇത്തരം നടപടികള്‍. തലസ്ഥാനത്തെ വാണിജ്യ, വ്യാവസായിക കേന്ദ്രങ്ങളിലുള്ള എല്ലാ തൊഴിലാളികളെയും കോവിഡ് -19 പരീക്ഷിക്കണമെന്ന് തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ വകുപ്പ് അറിയിച്ചിരുന്നു.
എല്ലാ സ്റ്റാഫ് അംഗങ്ങളും ജോലി പുനരാരംഭിക്കുന്നതിന് മുമ്പും സ്റ്റോറുകള്‍ വീണ്ടും തുറക്കുന്നതിന് മുമ്പും നെഗറ്റീവ് ഫലങ്ങളുടെ ഒരു സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരിക്കണം. മാളുകളും മറ്റു വാണിജ്യ കേന്ദ്രങ്ങളും വീണ്ടും തുറക്കുന്നതിനുള്ള പെര്‍മിറ്റുകള്‍ നല്‍കുന്നതിന് ഇത് പൂര്‍ത്തിയാക്കിയിരിക്കണം. അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ 12 മാളുകള്‍ പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പിന്റെ ഷോപ്പിംഗ് മാള്‍ ഡിവിഷനായ ലൈന്‍ ഇന്‍വെസ്റ്റ്മെന്റ് അതിന്റെ ജീവനക്കാരെ പരിശോധിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച ആദ്യ ഘട്ടത്തില്‍ മൂവായിരത്തിലധികം സ്റ്റാഫുകളെ പരിശോധിച്ചു.
എല്ലാ സ്റ്റാഫുകളെയും പരിശോധിക്കുന്നതിന്റെ ആദ്യ ഘട്ടം കഴിഞ്ഞു. ഇതില്‍ മാനേജ്‌മെന്റ്, ഓപ്പറേഷന്‍സ് ടീം, ഭക്ഷണപാനീയ വിതരണക്കാര്‍ എന്നിവരും ഉള്‍പ്പെടുന്നു. അബുദാബി മേഖലയില്‍ നിന്നുള്ള 3,400 സ്റ്റാഫ് അംഗങ്ങളുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയായതായി ലുലു ഗ്രൂപ്പിന്റെ ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ വി. നന്ദകുമാര്‍ പറഞ്ഞു. ഇത് വളരെ കഠിനമായ ഒരു ജോലിയായിരുന്നു. പക്ഷേ സേഹ ഞങ്ങളെ സഹായിച്ചു. രാത്രി 9 മുതല്‍ അതിരാവിലെ വരെ അവര്‍ ഞങ്ങള്‍ക്ക് പ്രത്യേക സമയ സ്ലോട്ടുകള്‍ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
ഖാലിദിയ മാള്‍, അല്‍ വഹ്ദ മാള്‍, മുഷ്രിഫ് മാള്‍, അല്‍ റഹ മാള്‍, മസ്യാദ് മാള്‍, അല്‍ ഫോഹ് മാള്‍, മദീനത്ത് സായിദ് ഷോപ്പിംഗ് സെന്റര്‍ എന്നിവയാണ് ലൈന്‍ ഇന്‍വെസ്റ്റ്മെന്റുകള്‍. രണ്ടാം ഘട്ട പരിശോധന ചൊവ്വാഴ്ച ആരംഭിച്ച് ഈ വാരാന്ത്യത്തോടെ പൂര്‍ത്തിയാകും. സ്ഥാപനത്തില്‍ ആഴത്തിലുള്ള ശുചീകരണവും ശുചിത്വവല്‍ക്കരണവും നടത്താന്‍ ഞങ്ങള്‍ മുന്‍നിര കമ്പനികളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.