ദുബൈ: നായിഫ് മേഖലയിലെ അല്‍റാസ്, പാം ദേര, ബനിയാസ് മെട്രോ സ്റ്റേഷനുകള്‍ ഇന്ന് മുതല്‍ വീണ്ടും തുറക്കുമെന്ന് ദുബൈ
റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ട്വിറ്റര്‍ അക്കൗണ്ടില്‍ മെട്രോ സ്റ്റേഷനുകള്‍ വീണ്ടും തുറക്കുന്നതായി ആര്‍ടിഎ പ്രഖ്യാപിച്ചു. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ദേശീയ അണുവിമുക്ത പദ്ധതിക്കായി ദുബൈ മെട്രോയുടെ ഗ്രീന്‍ ലൈനിലെ ഈ മൂന്ന് മെട്രോ സ്റ്റേഷനുകള്‍ മാര്‍ച്ച് 31 ന് അടച്ചിരുന്നു. പിന്നീട് ഈ മേഖല പൂര്‍ണമായു ലോക് ഡൗണിലായിരുന്നു. ഇപ്പോള്‍ അണുവിമുക്ത പദ്ധതിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നടത്തി വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടു മെട്രോ സര്‍വീസ് ആരംഭിക്കുന്നത്. നായിഫ് മേഖലയില്‍ നിന്നും കുറച്ചു ദിവസങ്ങളിലായി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷയും സുരക്ഷാ നടപടികളും പാലിക്കാന്‍ യാത്രക്കാരോട് ആര്‍ടിഎ അഭ്യര്‍ത്ഥിച്ചു.