കോവിഡ് മുക്തനായി സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി ആശുപത്രി വിട്ടു

കോവിഡ് രോഗ മുക്തനായ നസീര്‍ വാടാനപ്പള്ളിയെ ദുബൈ മെഡിയോര്‍ ആശുപത്രി ഡോക്ടര്‍മാരും നഴ്‌സുമാരും നിറകയ്യടികളോടെ യാത്രയാക്കുന്നു

ദുബൈ: നായിഫിലെ കോവിഡ് ബാധിതര്‍ക്ക് പരിശോധനയും ചികിത്സയും ലഭ്യമാക്കുന്നതിനിടെ കോവിഡ് ബാധിച്ച സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി തുടര്‍ച്ചയായ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ് ആയതിനെ തുടര്‍ന്ന് രോഗമുക്തനായി ആശുപത്രി വിട്ടു. 14 ദിവസത്തെ ചികിത്സക്ക് ശേഷം ഐസൊലേഷന്‍ റൂമില്‍ നിന്ന് രോഗമുക്തനായിറങ്ങിയ നസീറിനെ ദുബൈ വിപിഎസ് മെഡിയോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ജീവനക്കാരും നിറകയ്യടികളോടെയാണ് യാത്രയാക്കിയത്. പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഈ മാസം 6നാണ് നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. നായിഫില്‍ ഇന്ത്യക്കാരടക്കമുള്ളവരെ പരിശോധക്ക് എത്തിക്കാന്‍ ശ്രമിച്ച അതേ ആവേശത്തോടെയായിരുന്നു ആശുപത്രിക്കിടക്കയിലും നസീറിന്റെ പ്രവര്‍ത്തനങ്ങള്‍. വിവിധ സംഘടനകളും വളണ്ടിയര്‍മാരും ഉള്‍പ്പെടുന്ന കോവിഡ് കോര്‍ കമ്മിറ്റിയുമായി ഫോണിലൂടെയും വീഡിയോ കോളിലൂടെയും നിരന്തരം ആശയ വിനിമയം നടത്തി നൂറുകണക്കിനാളുകള്‍ക്ക് സഹായം എത്തിക്കുകയായിരുന്നു ആശുപത്രി ദിനങ്ങളളിലും നസീര്‍.
”പരിശോധനാ ഫലം പോസിറ്റീവ് ആണെന്നറിഞ്ഞപ്പോള്‍ നേരിട്ട് ചെയ്യാനുള്ള കുറെ കാര്യങ്ങള്‍ ഇനി പറ്റില്ലല്ലോയെന്ന നിരാശയിലായിരുന്നു. എന്നാല്‍, ആശുപത്രിയില്‍ എത്തിയ ആദ്യ ദിവസം തന്നെ അത് മാറി. നിറയെ പ്രാര്‍ത്ഥനകളും ആരോഗ്യ അന്വേഷണവുമായി നിരവധി ഫോണ്‍ കോളുകളാണ് ലഭിച്ചത്. ദുബൈ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും കേരളത്തിലെ മന്ത്രിമാരും എംഎല്‍എമാരും രാഷ്ട്രീയ നേതാക്കളുമൊക്കെ അതിലണ്ടായിരുന്നു. പരിചയമില്ലാത്തവര്‍ പോലും സമൂഹ മാധ്യമങ്ങളിലൂടെ പ്രാര്‍ത്ഥനയുമായി എത്തി. പ്രവര്‍ത്തനം ആശുപത്രിയിലും തുടരാനുള്ള ഊര്‍ജമായി അത് മാറി. അത്രയും പ്രാര്‍ത്ഥനകള്‍ ലഭിച്ചതിന്റെ ധൈര്യത്തില്‍ തിരിച്ചു വീട്ടിലേക്ക് പോവാതെ പ്രവര്‍ത്തനത്തില്‍ എത്രയും വേഗം മുഴുകാനാണ് തീരുമാനം. ഒരാളുടെയും വേദന കണ്ടു കൊണ്ടിരിക്കാന്‍ എനിക്കാവില്ല” -ആശുപത്രി വിട്ടിറങ്ങിയ നസീര്‍ പറഞ്ഞു.
നസീര്‍ കോവിഡ് മുക്തനായെന്നും ഏതാനും ദിവങ്ങള്‍ കൂടി വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടെന്നും ചികിത്സിച്ച പള്‍മണോളജിസ്റ്റ് ഡോ. സഹീര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു.
നസീറിന്റെ ആരോഗ്യ സ്ഥിതി ആരാഞ്ഞ് നിരവധി അന്വേഷണങ്ങളാണ് യുഎഇയില്‍ നിന്നും കേരളത്തില്‍ നിന്നും ആശുപത്രി അധികൃതര്‍ക്ക് ലഭിച്ചിരുന്നതെന്ന് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ദുബൈ-നോര്‍തേണ്‍ എമിറേറ്റ്‌സ് സിഇഒ ഡോ. ഷാജിര്‍ ഗഫാര്‍ പറഞ്ഞു.