സാമൂഹ്യ പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അസുഖ ബാധിതനായി ആസ്പത്രിയില്‍

    ദുബൈ: ദുബൈയില്‍ സന്നദ്ധപ്രവര്‍ത്തനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന നസീര്‍ വാടാനപ്പള്ളിയെ അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ്-19 പടര്‍ന്നതോടെ മലയാളി സമൂഹത്തിനിടയിലും മറ്റും മൂന്നാഴ്ചയോളമായി സേവനം ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ചയാണ് ഇദ്ദേഹത്തിന് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച നിരവധി പ്രവാസികള്‍ക്ക് ചികിത്സ ഒരുക്കുന്നതിനും മരുന്നുകളും ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്നതിലും നസീര്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ദുബൈ പൊലീസും ദുബൈ ഹെല്‍ത്ത് അതോറിറ്റിയുമായി ചേര്‍ന്നാണ് നസീറും സംഘവും പ്രവര്‍ത്തിച്ചിരുന്നത്. ആദ്യ ദിവസങ്ങളില്‍ വേണ്ടത്ര ശ്രദ്ധിച്ചതായി കരുതുന്നില്ലെന്ന് നസീര്‍ പറയുന്നു. പലപ്പോഴും മാസ്‌കും കൈയ്യുറകളും ധരിച്ചിരുന്നില്ല. വീ്ട്ടിലേക്ക് പോകാതെ ഹോട്ടലില്‍ താമസിച്ചാണ് സേവനരംഗത്തുണ്ടായിരുന്നത്. ഇപ്പോള്‍ വലിയ പ്രശ്നങ്ങളൊന്നുമില്ല. ഏകദേശം രണ്ടാഴ്ചയായി ശബ്ദം മാറി. പക്ഷെ ഇത് ഒരു ലക്ഷണമാണെന്ന് കരുതിയില്ല-ആസ്പത്രിയിലുള്ള നസീര്‍ പറഞ്ഞു. നേരിയ തലവേദനയും തൊണ്ടവേദനയുമുണ്ടെന്നും എന്നാല്‍ പനിയോ ശ്വസിക്കാന്‍ പ്രയാസമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.