ദുബൈ: കോവിഡ് 19 മഹാമാരിക്കെതിരെ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കടപ്പാട് രേഖപ്പെടുത്തി സ്വദേശികളും വിദേശികളുമടങ്ങിയ യുഎഇയിലെ 200ലധികം രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ ഐക്യനിര. ദേശീയ ഗാനമാലപിച്ചു കൊണ്ടാണ് വെള്ളിയാഴ്ച രാഷ്ട്രം കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ അണി ചേര്‍ന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചത്. വെള്ളിയാഴ്ച രാത്രി 9 മണിക്കായിരുന്നു ഫ്‌ളാറ്റുകളുടെ ബാല്‍കണികളില്‍ നിന്നും ജനങ്ങള്‍ ദേശീയ പതാക വീശിയും വെളിച്ചം തെളിച്ചും ആര്‍പ്പു വിളിച്ചും രാഷ്ട്രത്തിന്റെ മഹത്തായ ആഹ്വാനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.
അബുദാബി പൊലീസിന്റെ ഏകോപനത്തില്‍ മയ്ഥാ ബിന്‍ത് അഹ്മദ് അല്‍നഹ്‌യാന്‍ ഫൗണ്ടേഷനും നാഷണല്‍ ഹാപിനസ് ആന്റ് പോസിറ്റിവിറ്റി പ്രോഗ്രാമുമാണ് ‘ദി റ്റുഗെദര്‍ വീ ചാന്റ് ഫോര്‍ യുഎഇ ഇനീഷ്യേറ്റീവി’ന് തുടക്കം കുറിച്ചത്. കോവിഡ് 19നെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള പോരാളികള്‍ക്കുള്ള ആദരവും കൃതജ്ഞതയുമായിരുന്നു ഇതെന്ന് അധികൃതര്‍ പറഞ്ഞു.
‘ഇഷി ബിലാദി’ (എന്റെ രാജ്യം നീണാള്‍ വാഴട്ടെ) എന്ന ദേശീയ ഗാനം ഈ മാസം 15ന് രാത്രി 9ന് തങ്ങളുടെ ബാല്‍കണികളില്‍ വന്നു കൊണ്ട് ദേശീയ പതാക വീശിയും സംഗീത ഉപകരണങ്ങള്‍ വായിച്ചും യുഎഇയിലെ ജനങ്ങള്‍ ആലപിച്ചിരുന്നു. 17ന് രാത്രി 9ന് സമാനമായ രണ്ടാം ആഹ്വാനത്തിനാണ് ജനങ്ങള്‍ സ്‌നേഹപൂര്‍വം പ്രതികരിച്ചത്. ഇതും ഏറെ ശ്രദ്ധേയമായി. പ്രഥമ രക്ഷാപ്രവര്‍ത്തകര്‍ (ഫസ്റ്റ് റെസ്‌പോണ്ടേഴ്‌സ്), മെഡിക്കല്‍ ജീവനക്കാര്‍, മുനിസിപ്പാലിറ്റി ജീവനക്കാര്‍, പൊലീസ് വകുപ്പുകള്‍ എന്നിവ കോവിഡ് 19 എന്ന പകര്‍ച്ചവ്യാധിക്കെതിരെ ഒന്നിച്ചൊന്നായി പോരാടുന്നവരാണ്.
ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുബൈ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് യോഗം ദുബൈയിലെ 24 മണിക്കൂര്‍ അണുനശീകരണ യജ്ഞം ഒരാഴ്ച കൂടി ദീര്‍ഘിപ്പിച്ച തീരുമാനത്തിന് തൊട്ടുടനെയാണ് ‘ദി റ്റുഗെദര്‍ വീ ചാന്റ് ഫോര്‍ യുഎഇ ഇനീഷ്യേറ്റീവി’ന് തുടക്കമായത്. അണുനശീകരണ യജ്ഞം 24 മണിക്കൂറാക്കി ആദ്യം നടപ്പാക്കിയത് ഏപ്രില്‍ 4നായിരുന്നു.
രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിനെതിരെ പ്രവാസി സമൂഹം സ്വീകരിക്കുന്ന പ്രതിജ്ഞാബദ്ധതയോടെയുള്ള നടപടികളെ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് കഴിഞ്ഞ മാസം പ്രശംസിച്ചിരുന്നു. യുഎഇയുടെ ദേശീയ ഗാനം ബാല്‍കണികളില്‍ വന്നു നിന്നും മുറികളിലെ ജനാലകള്‍ തുറന്നും പ്രവാസികള്‍ ആലപിച്ചപ്പോള്‍ തന്റെ കണ്ണു നിറഞ്ഞു പോയെന്നും ഇത്രയും പ്രതിസന്ധി നിറഞ്ഞ ഈ ഘട്ടത്തില്‍ താന്‍ ഏറെ വികാരാധീനനായെന്നും ശൈഖ് മുഹമ്മദ് ഒരു വീഡിയോ സന്ദേശത്തില്‍ പറയുകയുണ്ടായി.