ദുബൈ: നേരത്തെ തീരുമാനിച്ച പ്രകാരം ഈ മാസം 4ന് അവസാനിക്കേണ്ടിയിരുന്ന ദേശീയ അണുനശീകരണ യജ്ഞം യുഎഇയിലുടനീളം തുടരുമെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. എല്ലാ എമിറേറ്റുകളിലും അണുനശീകരണ യജ്ഞം തുടരേണ്ടതിനാലാണ് ദീര്‍ഘിപ്പിച്ചത്. നിത്യവും രാത്രി 8 മുതല്‍ രാവിലെ 6 മണി വരെയാണ് അനുനശീകരണം നടത്തി വരുന്നത്. ഈ സമയത്ത് ഗതാഗതവും ജനസഞ്ചാരവും നിയന്ത്രിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ ശിപാര്‍ശകള്‍ക്കനുസൃതമായി, അംഗീകൃത രാജ്യാന്തര നടപടിക്രമങ്ങളുടെ ചുവടു പിടിച്ചാണ് അണുശനീകരണ യജ്ഞം തുടങ്ങിയത്. മാര്‍ച്ച് 26നാരംഭിച്ച യജ്ഞത്തിന്റെ ആദ്യ ഘട്ടം വിജയമായതും ഇത് തുടരാന്‍ പ്രേരിപ്പിക്കുകയായിരുന്നു.