നാട്ടിലേക്ക് പോകാന്‍ അധികൃതര്‍ അനുമതി നല്‍കണമെന്ന ആവശ്യം ശക്തം

ദുബൈ: കോവിഡ് 19 പശ്ചാത്തലത്തില്‍ യുഎഇയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലുമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ അനുമതി നല്‍കണമെന്ന ആവശ്യം ശക്തമായി. രോഗബാധ കണ്ടെത്തിയവരുമായി ഇടപഴകി ജീവിക്കേണ്ടി വരുന്ന സാഹചര്യം പലേടങ്ങളിലുമുള്ളതിനാല്‍ തങ്ങള്‍ക്കും രോഗം പകരുമോയെന്ന ആശങ്കയിലാണ് നിരവധി പേര്‍. രോഗം മാറിയവരും ഒരു രോഗവുമില്ലാത്തവരും നിലവില്‍ മറ്റു പല അസുഖങ്ങള്‍ക്കും ചികില്‍സ തുടരുന്നവരുമായ ആയിരക്കണക്കിനാളുകള്‍ നാട്ടിലേക്ക് പോകാന്‍ കഴിഞ്ഞെങ്കില്‍ എന്നാശിക്കുകയാണ്. പലര്‍ക്കും ജോലി ഇല്ലാതായതും ഉള്ള ജോലിയുടെ ഭാവി സംബന്ധിച്ച് ആശങ്ക സൃഷ്ടിക്കപ്പെട്ടതും വിസിറ്റ് വിസയിലുള്ള നിരവധി പേരുടെ കാലാവധി തീര്‍ന്നതും അടക്കമുള്ള പല കാരണങ്ങള്‍ പ്രവാസികളില്‍ സിംഹഭാഗത്തെയും നാട്ടിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നതാണ്. ഒന്നുമില്ലെങ്കിലും, കുടുംബത്തോടൊപ്പം കഴിയാമല്ലോയെന്നാണ് പലരും ആഗ്രഹിക്കുന്നത്. ക്വാറന്റീനില്‍ കുറച്ചു ദിവസം തങ്ങേണ്ടി വന്നാലും നിലവിലെ അവസ്ഥയെക്കാള്‍ ഭേദമാണെന്നും പ്രവാസികള്‍ കരുതുന്നു. ഇതുകൂടാതെ, എമര്‍ജെന്‍സി സാഹചര്യങ്ങള്‍ മൂലം നാട്ടിലെത്തേണ്ട മറ്റു നിരവധി പേരുമുണ്ട്. ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ തീരുന്നയുടന്‍ തന്നെ ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനമുണ്ടാവണമെന്നാണ് ഇവരെല്ലാം താല്‍പര്യപ്പെടുന്നത്. ഇത് മനസ്സിലാക്കി വിമാനം ചാര്‍ട്ടര്‍ ചെയ്യാന്‍ സ്മാര്‍ട്ട് ട്രാവല്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, പല അധികൃതരെയും സമീപിച്ചെങ്കിലും ഇതു വരെ അനുകൂല തീരുമാനമായില്ലെന്നാണ് മാനേജിംഗ് ഡയറക്ടര്‍ അഫി അഹമ്മദ് മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞത്. അതിനിടെ, ഫ്‌ളൈ ദുബൈ ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റ് ബുക്കിംഗ് എടുക്കുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നു.
ഈ മാസം 16ന് പുലര്‍ച്ചെയുള്ള ടിക്കറ്റാണ് ലഭ്യമെന്നും 1,900 ദിര്‍ഹമാണ് നിരക്കെന്നും ട്രാവല്‍ ഏജന്‍സി ഉടമ അറിയിക്കുകയും ചെയ്തു. എന്നാല്‍, നോണ്‍ റീഫണ്ടബ്ള്‍ വ്യവസ്ഥയിലാണ് ടിക്കറ്റ് ബുക്കിംഗ് നടത്തുകയെന്നും കേന്ദ്ര സര്‍ക്കാര്‍ പോളിസിയും ബാധകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ കാബിനറ്റ് യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം അറിയാനാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടക്ക് ഫ്‌ളൈ ദുബൈ ടിക്കറ്റ് ബുക്കിംഗ് നിര്‍ത്തി വെച്ചെന്ന വിവരവും ലഭിക്കുകയുണ്ടായി. ഏതായാലും, ഇതുസംബന്ധിച്ച അന്തിമ വിവരം ലഭിക്കുന്നതോടെ മാത്രമേ പൂര്‍ണ ചിത്രം വ്യക്തമാവുകയുള്ളൂ.