പഴങ്ങളും പച്ചക്കറികളുമായി നെസ്‌റ്റോ ഗ്രൂപ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ എത്തുന്നു

ദുബൈ: പഴങ്ങളും പച്ചക്കറികളും വഹിച്ചുള്ള നെസ്‌റ്റോ ഗ്രൂപ് ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങള്‍ കോഴിക്കോട്ട് നിന്നും എത്തിത്തുടങ്ങി. കോവിഡ് 19 കാരണം വാണിജ്യ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയ ശേഷം ചരക്കു വിമാനങ്ങള്‍ ആഴ്ചയില്‍ രണ്ടും മൂന്നും തവണകളിലായി കെബി എക്‌സ്‌പോര്‍ട്‌സുമായി സഹകരിച്ച് നെസ്‌റ്റോ ജിസിസി രാജ്യങ്ങളിലേക്കും അവശ്യ സാധനങ്ങള്‍ ആദ്യമേ എത്തിച്ചു തുടങ്ങിയിരുന്നു. ഉപഭോക്താക്കളുടെ ആവശ്യകത അധികരിച്ചതോടെ എമിറേറ്റ്‌സ് ചരക്കു വിമാനം വഴി 15 ടണ്‍ ഇക്കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ നിന്നും യുഎഇയിലേക്കും സഊദിയിലേക്കും സ്‌പൈസ് ജെറ്റ് വഴി ഒമാനിലേക്കും എത്തിച്ചിരുന്നു. തുടര്‍ന്നും ആവശ്യകത വര്‍ധിച്ചപ്പോഴാണ് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ തുടങ്ങിയത്. വിഷുവിനാവശ്യമായ പഴങ്ങള്‍ക്കും പച്ചകള്‍ക്കുമായി മാത്രം 2 വിമാനങ്ങളാണ് നെസ്‌റ്റോ ഗ്രൂപ് ഈയാഴ്ച കോഴിക്കോട്ട് നിന്നും ചാര്‍ട്ടര്‍ ചെയ്തിട്ടുള്ളത്. ആദ്യ ചാര്‍ട്ടര്‍ വിമാനം 9നാണ് പുറപ്പെട്ടത്. രണ്ടാമത്തേത് ഇന്നാണ് ദുബൈയിലേക്ക് എത്തുന്നത്. ഫ്‌ളൈ ദുബൈ ചരക്കു വിമാനമാണ് നെസ്‌റ്റോ ഗ്രൂപ്പിന് വേണ്ടി ചാര്‍ട്ടര്‍ സര്‍വീസ് നടത്തുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉപയോക്താക്കളുടെ ആവശ്യകതക്കനുസരിച്ച് കൂടുതല്‍ വിമാനങ്ങള്‍ യുഎഇയിലേക്കും മറ്റു ജിസിസി രാജ്യങ്ങളിലേക്കും ചാര്‍ട്ടര്‍ ചെയ്യാനുള്ള തയാറെടുപ്പിലാണ് നെസ്‌റ്റോ ഗ്രൂപ്പെന്ന് ഇന്റര്‍നാഷണല്‍ ട്രേഡ് വിഭാഗം തലവന്‍ റഷീദ് ആരാമവും ഫ്രഷ് ഫുഡ് വിഭാഗം തലവന്‍ ഷൗക്കത്ത് തോടന്നൂരും അറിയിച്ചു.