കൂടുതല്‍ ജാഗ്രതയെന്ന് അധികൃതര്‍; ന്യൂയോര്‍ക്കില്‍ അത്യാഹിതം വരാനിരിക്കുന്നതേയുള്ളൂ

30
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ന്യൂയോര്‍ക്കിലെ കളിസ്ഥലം
മഞ്ഞുമലയുടെ അഗ്രം മാത്രമേ ന്യൂയോര്‍ക്ക് കണ്ടിട്ടുള്ളൂ, അത്യാഹിതം വരാനിരിക്കുന്നതേയുള്ളൂവെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്വോമോയും, ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ഡി ബ്ലാസിയോയും. സംസ്ഥാനത്തെ മരണസംഖ്യ 1,500 ല്‍ എത്തിനില്‍ക്കുകയാണ്. ആയിരക്കണക്കിന് പുതിയ കോവിഡ് 19 രോഗികള്‍ക്ക് ഇടം നല്‍കുന്നതിന് ആശുപത്രികള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്.
ന്യൂയോര്‍ക്കില്‍ 75,000 ത്തിലധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസിലെ അണുബാധകളില്‍ പകുതിയും ന്യൂയോര്‍ക്കിലാണ്. 1,550 ന്യൂയോര്‍ക്കുകാര്‍ മരിക്കുകയും 11,000 ത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ന്യൂയോര്‍ക്ക് ആരോഗ്യ വകുപ്പിന്റെ കണക്കുകളനുസരിച്ച് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഏതാണ്ട് 42,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്കിലെ കൊവിഡ്19 മരണങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും ചൊവ്വാഴ്ച വൈകീട്ട് 5 വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് അഞ്ച് ബൊറോകളില്‍ 1096 ആണ്.
ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയും (എഫ്ഇഎംഎ), ന്യൂയോര്‍ക്ക് സിറ്റി ഹാളും, ന്യൂയോര്‍ക്ക് നഗരത്തിന് 250 ആംബുലന്‍സുകള്‍ കൂടി നല്‍കാനുള്ള തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രശസ്തമായ ജേക്കബ് ജാവിറ്റ്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ അടുത്തിടെ പൂര്‍ത്തിയാക്കിയ 1,000 കിടക്കകളുള്ള ഫീല്‍ഡ് ഹോസ്പിറ്റല്‍, യുഎസ് നേവിയുടെ പുതുതായി എത്തിച്ചേര്‍ന്ന 1,000 കിടക്കകള്‍ ഉള്ള യുഎസ്എന്‍എസ് കംഫര്‍ട്ട് ആശുപത്രി കപ്പല്‍ എന്നിവ സജ്ജമായിരിക്കുകയാണ്.  പകര്‍ച്ചവ്യാധിയേറ്റ രോഗികളുടെ പരിചരണത്തിന് 500 ബാക്കപ്പ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍സും (ഇ.എം.ടി) പാരാമെഡിക്കുകളും നഗരത്തിലെത്തും. ക്വീന്‍സ് ഫ്‌ലഷിംഗ് മെഡോസ് പാര്‍ക്കിലെ യുഎസ് ഓപ്പണ്‍ ടെന്നീസ് സമുച്ചയത്തെ 350 കിടക്കകളുള്ള ഒരു ഫീല്‍ഡ് ആശുപത്രിയാക്കി മാറ്റുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കെ, ഹോട്ടല്‍ മുറികള്‍ കൂട്ടത്തോടെ വാടക്‌ക്കെടുക്കാനും കോവിഡ് 19 രോഗികള്‍ക്കായി തീവ്രപരിചരണ വിഭാഗങ്ങളാക്കി മാറ്റാനും നഗരം പദ്ധതിയിടുന്നുണ്ടെന്നും മേയര്‍ ഡി ബ്ലാസിയോ പറഞ്ഞു. സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമായില്ലെങ്കില്‍, നഗരത്തിലെ മുഴുവന്‍ ഹോട്ടലുകളും പാട്ടത്തിനെടുക്കാന്‍ ആലോചനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂയോര്‍ക്ക് നിവാസികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ സിറ്റി ഏജന്‍സികള്‍ ചിലപ്പോഴൊക്കെ പാടുപെടുന്നുണ്ട്. ഇതിന് പരിഹാരമായി സിറ്റി ഹാള്‍ ചൊവ്വാഴ്ച അഞ്ച് ബറോകളിലെയും 10 കളിസ്ഥലങ്ങള്‍ അടച്ചു പൂട്ടി. ഇതര പാര്‍ക്കുകളുടെ നിയന്ത്രണങ്ങളും ഏപ്രില്‍ 14 വരെ നീട്ടി.