സി.വി.എം വാണിമേല്‍
നിസാമുദ്ദീന്‍ ചൂടുള്ള വാര്‍ത്തയാകുമ്പോള്‍ ചുട്ടു പൊള്ളുന്ന മനസ്സുകളുടെ നീറ്റല്‍ കാണാതെ പോകരുത്. കൊറോണയെന്ന മഹാമാരിക്കെതിരെ പ്രാത്ഥനയും സേവനവുമായിക്കഴിയുന്നവരുടെ മനോഗതം അത്ര പെട്ടെന്ന് ആര്‍ക്കും വായിച്ചെടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. രാജ്യം ഒറ്റക്കെട്ടായി ഈ വിപത്തിനെതിരെ നിലയുറപ്പിക്കുമ്പോള്‍ നിസാമുദ്ദീന്‍ ചര്‍ച്ചാ വിഷയമാക്കി കാടിളക്കി വെടിക്കുന്ന പ്രാകൃത ശൈലി എന്തായാലും ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിക്കുന്നതല്ല.
മര്‍കസ് എന്ത് നിയമ ലംഘനം നടത്തിയെന്ന് ഇതു വരെ ആരും പറഞ്ഞു കേട്ടില്ല. പ്രധാനമന്ത്രിയുടെ ആഹ്വാനം പൂര്‍ണമായും ശിരസ്സാവഹിച്ച മര്‍കസിന്റെ അപേക്ഷകള്‍ക്ക് കേന്ദ്ര സര്‍ക്കാറോ ഡല്‍ഹി മുഖ്യനോ വേണ്ടത്ര പരിഗണന ല്‍ കിയില്ലെന്ന വസ്തുത ചെറുതായി കണ്ടു കൂടാ.
അല്ലെങ്കിലും ഡല്‍ഹി മുഖ്യന് ഒരു എല്ല് കുറവാണല്ലോ. മുഖ്യന്റെ പല ഇടപെടലുകളിലും മാലോകര്‍ക്കത് ബോധ്യപ്പെട്ടിട്ടുമുണ്ട്. ‘കളി’ ചൂല് കൊണ്ടാവുന്നതിനാലാവാം ഇങ്ങ നെയൊക്കെ. കോടിക്കണക്കിന് ജനങ്ങളോട് ഇരിക്കുന്നിടത്ത് തന്നെ ഇരിക്കുകയെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം അക്ഷരം പ്രതി പാലിച്ച മര്‍കസ് സാഹചര്യങ്ങളെ ബുദ്ധിപൂര്‍വം കൈകാര്യം ചെയ്തുവെന്ന് നിഷ്പക്ഷമായ അന്വേഷണത്തില്‍ ബോധ്യപ്പെടുന്നുണ്ട്.
ഇവിടെ ദു:ഖകരമായ ഒരു വസ്തുത പറയാതിരുന്നു കൂടാ.
ഏത് സംഭവത്തെയും ഒരു പ്രത്യേക സമുദായത്തെ മോശമായും മ്‌ളേഛമായും വര്‍ഗീയമായും ചിത്രീകരിക്കുന്ന ത്രിബിള്‍ ആക്റ്റ് ജേര്‍ണലിസത്തിന്റെ അതിപ്രസരം നമുക്കിവിടെയും കാണാന്‍ കഴിഞ്ഞു. ഒരു വേള കോവിഡ് 19 നിസാമുദ്ദീനിലും കാസര്‍കോട്ടുമെന്ന് വരെ ചാനല്‍ സ്‌ക്രീനില്‍ വെണ്ടക്കയായി. ലോകത്തെ ഒട്ടനവധി ഭരണാധികാരികള്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. എംപിമാര്‍ക്കും കലാകാരന്മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും വരെ. ആ വാര്‍ത്തകളൊക്കെ ഒരു വൈകുന്നേരത്തോടെ ചത്തൊടുങ്ങുകയായിരുന്നു. ഡല്‍ഹി പട്ടണത്തിലൂടെ ആയിരങ്ങള്‍ പൂര്‍ണമായും നിയമ ലംഘനം നടത്തി മണിക്കൂറുകള്‍ ഭീതി സൃഷ്ടിച്ചതും ഒരു രാത്രിയുടെ മാത്രം വാര്‍ത്തകളായി. യുപിയിലെ ചിലയിടങ്ങളില്‍ തടിച്ചു കൂടിയ ആയിരങ്ങള്‍ നമുക്ക് വാര്‍ത്തയായതേയില്ല. യുപിയിലും ഗുജറാത്തിലും താമരപ്പൊയ്കളില്‍ തമ്പടിച്ചതും മാധ്യമങ്ങളില്‍ തലക്കെട്ടുകളായില്ല. ഭരണാധികാരികള്‍ക്കും മാധ്യമ മേലാളന്‍മാര്‍ക്കും അതൊന്നും അത്ര വലിയ വിഷയമല്ല. തബ്‌ലീഗ് എന്താണെന്ന് ജീവിതത്തില്‍ കേട്ടിട്ടില്ലാത്തവര്‍ പോലും തബ്‌ലീഗ് ജമാത്തത്തിനെ കുറിച്ച് ആധികാരികമായി പറയാന്‍ തുടങ്ങിയിരിക്കുന്നു. പിറന്നു വീണ സമുദായവും ജനിപ്പിച്ച തന്തയും നികൃഷ്ടമാണെന്ന് എഴുതിയും പറഞ്ഞും സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് പൊങ്ങച്ചം നടിക്കുന്ന ചില സംസ്‌കാരിക ശൂന്യന്മാരും ഖാന്‍മാരും തബ്‌ലീഗ് ജമാഅത്തിനെ വിലയിരുത്തുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. സമൂഹത്തില്‍ ചിലരുണ്ട്, അവര്‍ക്ക് മമ്മദ്ക്കാന്റെ പണം വേണം, ഫ്‌ളാറ്റ് വേണം,
വണ്ടി വേണം, പക്ഷേ മമ്മദ്ക്കാന്റെ നെറ്റിത്തടത്തോടെന്തോ പുഛമാണ്. വെറുപ്പാണ്. അസഹിഷ്ണുതയാണ്. വര്‍ഷങ്ങളേറെയായി ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന തബ്‌ലീഗ് പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര ബിന്ദുവായ നിസാമുദ്ദീനില്‍ നിയമ ലംഘനവും അച്ചടക്ക രാഹിത്യവുമുണ്ടായെന്ന് പ്രചരിച്ചാല്‍ അതിന്റെ നാണക്കേട് തബ്‌ലീഗിനല്ല ഈ രാജ്യത്തിനാണ്. കാരണം, ഭാരതത്തില്‍ മണ്‍മറഞ്ഞതും ജീവിച്ചിരിക്കുന്നതുമായ മത-വര്‍ഗ-ജാതി വ്യത്യാസമില്ലാതെ മഹാരഥന്‍മാര്‍ ഒരു പോലെ ആദരിച്ച് അംഗീകരിച്ച് പോരുന്നതാണ് നിസാമുദ്ദീനിലെ തബ്‌ലീഗ് മര്‍കസ്. തബ്‌ലീഗിന്റെ ചരിത്രം പറയല്‍ എന്റെ ഉദ്ദേശ്യമല്ല. അതിന് ഇവിടെ പ്രസക്തിയുമില്ല. മാത്രവുമല്ല, ഞാനൊരു തബ്‌ലീഗുകാരനുമല്ല. പക്ഷേ, ചില നേരങ്ങളില്‍ ചിലരുടെ ദുരുദ്ദേശ്യപരമായ പ്രചാരണ തന്ത്രം കാണുമ്പോള്‍ അറിയാവുന്ന സത്യം പരിസരങ്ങളുമായി പങ്കു വെക്കുകയാണെന്ന് മാത്രം. മാധ്യമ പ്രവര്‍ത്തകനായി വിദേശത്തുള്ളപ്പോള്‍ തബ്‌ലീഗിനെ അടുത്തറിയാന്‍ ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തബ്‌ലീഗ് ജമാഅത്തിനെ കുറിച്ച് അമേരിക്ക
വാജ്‌പേയ് സര്‍ക്കാറിനോട് വ്യക്തമായ വിവരം തേടിയപ്പോള്‍ അന്ന് നമ്മുടെ സര്‍ക്കാര്‍ നല്‍കിയ മറുപടി ഇതായിരുന്നു:
ആത്മ സംസ്‌കരണവും സദുപദേശങ്ങളുമാണ് അവരുടെ പ്രവര്‍ത്തന ശൈലി. സംഘടനാ സംവിധാനമോ അധികാരങ്ങളോ ഇല്ല. വെറുപ്പോ വിദ്വേഷമോ പ്രകടിപ്പിക്കാത്ത ഒരു സംഘമാണവര്‍.
തബ്‌ലീഗ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോകത്തെ ഒട്ടനവധി രാജ്യങ്ങളിലെ പട്ടണങ്ങളില്‍ മദ്യശാലകളും ചൂതുകളി കേന്ദ്രങ്ങളും വ്യഭിചാര തെരുവുകളുംഅടച്ചു പൂട്ടിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. തട്ടുപൊളിയന്‍ പ്രസംഗങ്ങളിലൂടെയല്ല ഭൗതികതയുടെ പെരുമ്പറ സൃഷ്ടിച്ചല്ല, മനസ്സുകളെ ശാന്തമാക്കി ദൈവിക വഴിയിലേക്ക് നയിക്കുന്ന ചെറുസംഘങ്ങളുടെ ആത്മീയ വേദികള്‍. വിമര്‍ശനങ്ങളില്ല. പ്രതിഷേധങ്ങളില്ല. പരാതികളില്ല. മസ്ജിദുകളിലെ മിഹ്‌റാബുകളുടെ ചാരത്ത് നാഥന്റെ മുന്നില്‍ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവര്‍ ലോകമെങ്ങുമുള്ള മനുഷ്യര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനാനിരതരാണ്. ഇതാ ഇന്ദ്രപ്രസ്ഥത്തിലെ നിസാമുദ്ദീനിലും ശുഭ്ര വസ്ത്രധാരികളായെത്തിയ ഈ നിഷ്‌കളങ്കര്‍ ഒന്നിച്ചൊന്നായ് പടച്ച തമ്പുരാനോട് പ്രാര്‍ത്ഥിച്ചതും ഈ മഹാമാരിയില്‍ നിന്നും രാജ്യത്തെയും ജനതയെയും രക്ഷിക്കണേയെന്നാണ്. സത്യം തുറന്ന് പറയുമ്പോള്‍ മുഖം ചുളിക്കുന്നവരുണ്ടാവാം. വര്‍ഗീയ വാദിയെന്ന് വിളിക്കുന്നവരുമുണ്ടാകും. അതൊന്നും പ്രശ്‌നമാക്കുന്നേയില്ല. എന്തിനേറെ, ചില മാധ്യമങ്ങള്‍ പൗരത്വ ഭേദഗതി നിയമ പോരാട്ടത്തോടൊപ്പം നിസാമുദ്ദീന്‍ സംഭവത്തെ കൂട്ടിക്കെട്ടാനും ശ്രമം നടത്തി. വേറെ ചാനല്‍ കാമറകള്‍ നിസാമുദ്ദീനും ഷാഹിന്‍ ബാഗ് സമരവും ക്‌ളബ് ചെയ്യുന്നതിലെ ത്രില്ലിലായിരുന്നു. ഒരു വെടിക്ക് ഏതാനും പക്ഷികള്‍! ഒന്ന് ആവര്‍ത്തിച്ചു പറയുന്നു, നിസാമുദ്ദീനിലെ തബ്‌ലീഗ് കേന്ദ്രത്തെ അന്ധമായി ന്യായീകരിക്കേണ്ട കാര്യം ഇവിടെയില്ല. അത് പോലെ ഇടവും വലവും നോക്കാതെ മര്‍കസിനെ പ്രതിക്കൂട്ടിലാക്കി പുകമറ സൃഷ്ടിക്കുന്നതും ശരിയല്ല. എല്ലാറ്റിനും ന്യായം വേണം. നീതിയുടെ ഭാഷയില്‍ സംസാരിക്കണം. അപ്പോഴേ എല്ലാറ്റിനും പരിഹാരമുണ്ടാകൂ. എല്ലാം വേര്‍തിരിച്ചറിയാന്‍ കെല്‍പ്പുള്ളവരാണ് ഇന്ത്യക്കാര്‍. ദേശത്തിന്റെ വിളി കേട്ടുണര്‍ന്നവരോടൊപ്പം സേവന സന്നദ്ധരായവര്‍ ആയിരങ്ങളാണ്. നിസാമുദ്ദീനിലേക്കുള്ള ദൂരം കുറവല്ല. എന്നാല്‍, നിഷ്പക്ഷ ഭാവത്തോടെ നിസാമുദ്ദീനെ തൊട്ടറിയുമ്പോള്‍ അകലം കുറയുന്നു. അര്‍ത്ഥം നഷ്ടപ്പെട്ട കണ്ടെത്തലുകളും നിറം കൊടുക്കപ്പെട്ട കഥകളും വൃഥാവിലാവുകയാണ്. അവരെ അടുത്തറിയുക. മനുഷ്യ കുലത്തിന് വേണ്ടിയുള്ള യാത്രയിലാണവര്‍.