അഷ്റഫ് വേങ്ങാട്ട്
റിയാദ്: കൊറോണ പ്രതിസന്ധിയില്‍ കഴിയുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ചെറിയൊരു ആശ്വാസം നല്കി ഇന്ത്യന്‍ എംബസി. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തില്‍ രക്ഷിതാക്കളുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചാണ് എംബസിയുടെ ആശ്വാസ നടപടി. സഊദിയിലെ ഇന്ത്യന്‍ സ്കൂളുകളില്‍ ട്യൂഷന് ഫീസ് മാത്രമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുകയെന്നും സ്കൂളുകള്‍ ഈടാക്കി വരുന്ന മറ്റ് ഫീസുകള്‍ നല്‍കേണ്ടതില്ലെന്നും എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. രക്ഷിതാക്കളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അംബാസഡര്‍ ഡോ. ഔസാഫ് സഈദിന്റെ ഹയര്‍ ബോര്‍ഡ് ചേര്‍ന്ന് തീരുമാനമെടുത്തത്. ഫീസ് കുടിശ്ശികയുണ്ടെങ്കിലും ഓണ്‍ലൈന്‍ ക്ളാസുകളില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കും. സഊദിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ
സിബിഎസ്ഇ സ്കൂളുകളും ഇതേ തീരുമാനം നടപ്പാക്കണം. ജൂണ്‍ ഒന്ന് വരെയുള്ള കാലയളവിലാണ് ഈ ആനുകൂല്യം ലഭ്യമാവുക. നിലവിലുള്ള അധ്യാപകരെയും ജീവനക്കാരെയും സ്കൂളുകളില്‍ നിന്ന് പിരിച്ചു വിടില്ലെന്നും ജീവനക്കാര്‍ക്ക് അലവന്‍സില്‍ മാറ്റം വരുത്തി ശമ്പളം ഉറപ്പു വരുത്തണമെന്നും എംബസി രാജ്യത്തെ മുഴുവന്‍ ഇന്ത്യന്‍ സ്കൂളുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.