ഓണ്‍ലൈന്‍ അസംബ്‌ളി: ഇലേണിംഗിന് പുതുമുഖവുമായി അല്‍ ഐന്‍ ഗ്രേസ് വാലി ഇന്ത്യന്‍ സ്‌കൂള്‍

163
അല്‍ ഐന്‍ ഗ്രേസ് വാലി ഇന്ത്യന്‍ സ്‌കൂള്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ അസംബ്‌ളിയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായി പങ്കെടുത്തപ്പോള്‍

അല്‍ ഐന്‍: ലോക്ക് ഡൗണ്‍ കാലം നിത്യ വിദ്യാഭ്യാസ പ്രക്രിയക്ക് തടസ്സമാവരുതെന്ന നിര്‍ബന്ധം തെളിയിച്ച് അല്‍ ഐന്‍ ഗ്രേസ് വാലി ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്‌കൂള്‍ അസംബ്‌ളി ഇലേണിംഗിലൂടെ പുനരാവിഷ്‌കരിച്ച് മാതൃക തീര്‍ത്തു. സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷാകര്‍ത്താക്കളുമായി ഏകദേശം 1,500 പേര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ അസംബ്‌ളിയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. പുതിയ കാലത്തെ നൂതന പഠന സംവിധാനങ്ങളുടെ സാധ്യതകള്‍ വിശദീകരിച്ച അദ്ദേഹം, കൂടുതല്‍ മികവാര്‍ന്ന പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ഓര്‍മിച്ചു. പ്രാര്‍ത്ഥന, പ്രതിജ്ഞ തുടങ്ങിയ പരിപാടികളോടെ ആരംഭിച്ച അസംബ്‌ളിയില്‍ വിശുദ്ധ റമദാനെ സ്വാഗതം ചെയ്ത് ആവിഷ്‌കരിക്കപ്പെട്ട വ്യത്യസ്ത പരിപാടികള്‍ ഇംഗ്‌ളീഷ്, അറബിക് ഭാഷകളിലായി അസംബ്‌ളിയില്‍ അരങ്ങേറി. ഡിസ്റ്റന്‍സ് ലേണിംഗ് ഐന്‍ജിഷ സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ആന്‍ഡ്‌ല ക്‌ളസ്റ്റര്‍, മാനേജര്‍ നതാലീ ദഹ്ദാല്‍ ഇലേണിംഗിന്റെ വ്യത്യസ്ത സാധ്യതകളെ കുറിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. പരിപാടിയില്‍ ഗ്രേസ് വാലി പബ്‌ളിക് സ്‌കൂള്‍ മാനേജര്‍ എസ്.ഹമീദ് ഹാജി, ഗ്രേസ് വാലി ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പൂക്കോയ തങ്ങള്‍, മാനേജിംഗ് ഡയറക്ടര്‍ മൊയ്തീന്‍ ഹാജി, പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഇബ്രാഹിം, വൈസ് പ്രിന്‍സിപ്പല്‍ അര്‍ജില്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.