ഓണ്‍ലൈന്‍ വാണിജ്യത്തിന് വേഗം കൂട്ടാന്‍ നിര്‍ദേശം; കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും

റസാഖ് ഒരുമനയൂര്‍
അബുദാബി: ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയുടെ ഓണ്‍ലൈന്‍ വാണിജ്യം കൂടുതല്‍ ഫലപ്രദവും വേഗത്തിലുമാക്കാന്‍ സ്വകാര്യ മേഖലയിലുള്ള വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. നിലവില്‍ പ്രമുഖ സ്ഥാപനങ്ങളിലെല്ലാം ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ സ്വീകരിക്കുകയും സാമ്പത്തിക ഇടപാടുകള്‍ നടക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ എത്തിക്കുന്നതില്‍ കാലതാമസം നേരിടുന്നുണ്ടെന്ന ആക്ഷേപം ഉയരുന്നുണ്ട്. ആവശ്യക്കാര്‍ക്ക് എത്രയും വേഗം സാധനങ്ങള്‍ എത്തിക്കുന്ന സംവിധാനം നടപ്പാകുന്നതോടെ വിവിധ സ്ഥാപനങ്ങളില്‍ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ വാണിജ്യം കൂടുതല്‍ വ്യവസ്ഥാപിതവും കാര്യക്ഷമവുമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം വളരെയധികം വര്‍ധിച്ചിട്ടുണ്ട്. ഇതോടെയാണ് സാധനങ്ങള്‍ എത്തിക്കുന്നതില്‍ കാലതാമസം നേരിട്ടിട്ടുള്ളത്.
ചില സ്ഥാപനങ്ങളില്‍ ഓര്‍ഡര്‍ നല്‍കി ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ഡലിവറി ഉണ്ടാവുകയുള്ളൂവെന്ന അറിയിപ്പാണ് ലഭിക്കുന്നത്. അധികൃതര്‍ നിര്‍ദേശം കടുപ്പിക്കുന്നതോടെ ഇതിന് പരിഹാരം ഉണ്ടാകുമെന്നതില്‍ സംശയമില്ല. പ്രധാന വാണിജ്യ കേന്ദ്രങ്ങളിലെല്ലാം ആളുകളെ പ്രവേശിപ്പിക്കുന്നതില്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെങ്കിലും പലേടങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതുമൂലം ചില വാണിജ്യ സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശം പാലിക്കന്‍ കഴിയാതാവുന്നുണ്ട്. എന്നാല്‍, അധികം പേര്‍ ഒത്തുകൂടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ടിട്ടും മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം വാണിജ്യ സ്ഥാപനങ്ങളില്‍ തിരക്ക് വര്‍ധിപ്പിക്കുന്നുണ്ട്. പ്രധാന സ്ഥാപനങ്ങളില്‍ മാത്രമല്ല, ഇടത്തരം സ്ഥാപനങ്ങളിലും അടുത്ത കാലത്തായി ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹൈപര്‍-സൂപര്‍ മാര്‍ക്കറ്റുകളില്‍ നേരിട്ടുപോയി സാധനങ്ങള്‍ വാങ്ങുന്നതിനെക്കാള്‍ വിലക്കുറവില്‍ ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ പല സ്ഥാപനങ്ങളുടെയും ഓണ്‍ലൈന്‍ സംവിധാനത്തില്‍ ലഭ്യമാണ്. എന്നാല്‍, അതേ സ്ഥാപനത്തില്‍ തന്നെ നേരിട്ടു പോകുന്നതിനാണ് പലരും താല്‍പര്യം കാട്ടുന്നത്. ഇതുമൂലം സാമൂഹിക അകലം പാലിക്കപ്പെടാതെ പോവുകയും കോവിഡ് 19 കൂടുതല്‍ പേരിലേക്ക് പടരാനിടയാക്കുകയും ചെയ്യുന്നുണ്ട്. അനാവശ്യമായി തിക്കും തിരക്കുമുണ്ടാക്കുന്നതില്‍ മലയാളികളുമുണ്ടെന്നത് ശ്രദ്ധേയമാണ്. അവശ്യ വസ്തുക്കള്‍ക്ക് ഒരിക്കലും ക്ഷാമം നേരിടുകയോ കിട്ടാത്ത അവസ്ഥയുണ്ടാവുകയോ ഇല്ലെന്ന് അധകൃതര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതൊന്നും വക വെക്കാതെ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലും അവശ്യ വസ്തുക്കളല്ലാത്തവക്ക് പോലും വിവിധ സ്ഥാപനങ്ങളില്‍ എത്തുകയും ചെയ്യുന്നവരുണ്ട്. ആരോഗ്യ രംഗത്ത് കടുത്ത പ്രതിസന്ധിക്ക് ഇടയാക്കിയേക്കാവുന്ന വിധത്തിലുള്ള സാമൂഹിക ഇടപെടലുകള്‍ക്ക് നിയന്ത്രണമുണ്ടാക്കാന്‍ എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്നതില്‍ സംശയമില്ല.