അല്‍റാസും നായിഫും തുറന്നു മാര്‍ക്കറ്റ് പതുക്കെ സജീവമാവുന്നു

13

ദുബൈ: എമിറേറ്റിലെ പ്രധാനപ്പെട്ട വാണിജ്യവ്യാപാര കേന്ദ്രമായ അല്‍റാസ് നായിഫ് ഏരിയ തുറന്നതോടെ മാര്‍ക്കറ്റ് പതുക്കെ സജീവമായി തുടങ്ങി. വ്യാപാര കേന്ദ്രങ്ങളിലും കടകളിലും ആളുകള്‍ കുറവാണെങ്കിലും ഈ മേഖല സാവധാനത്തില്‍ സാധാരണ നിലയിലേക്ക് വരികയാണ്. ഈ മേഖലയില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന റിപ്പോര്‍ട്ടും പൊതുജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ദിവസങ്ങളോളം പൂര്‍ണമായും അടച്ചിട്ട ഈ പ്രദേശങ്ങള്‍ എമിറേറ്റിന്റെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷം ഇപ്പോള്‍ രണ്ട് ദിവസം പിന്നിട്ടിരിക്കുകയാണ്. മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കച്ചവടക്കാര്‍ ബിസിനസ്സിനായി തുറക്കുന്നതിനായി അവരുടെ കടകളിലേക്ക് മടങ്ങിയെത്തിയതിനാല്‍ രണ്ട് പ്രദേശങ്ങളിലും ഗതാഗതം വര്‍ദ്ധിച്ചു. മാര്‍ച്ച് 31 മുതല്‍ രണ്ട് മേഖലകളും കര്‍ശനമായ ചലന നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്നു.
വൈറസ് നിയന്ത്രിക്കാനുള്ള വിജയകരമായ ശ്രമങ്ങള്‍ക്ക് ശേഷമാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനുള്ള സമിതിയുടെ തീരുമാനം.
അല്‍ റാസിലോ നായിഫിലോ കഴിഞ്ഞ മൂന്ന് ദിവസമായി പുതിയ കോവിഡ് കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും ഇത് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്നും കമ്മിറ്റി അറിയിച്ചു. ഈ പ്രദേശങ്ങളില്‍ മൂന്ന് ദിവസത്തിന് ശേഷം പുതിയ കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് നായിഫ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ താരിക് തഹ്ലക് സ്ഥിരീകരിച്ചു. അതേസമയം രാത്രി 10 മുതല്‍ രാവിലെ 6 വരെ ദുബൈയിലെ മറ്റ് പ്രദേശങ്ങള്‍ക്ക് സമാനമായ നിയന്ത്രണങ്ങള്‍ ഇവിടെയുമുണ്ട്. ആളുകള്‍ മാസ്‌കുകളും കയ്യുറകളും ധരിച്ച് സുരക്ഷിതമായ അകലം പാലിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ വ്യാപാരികളും ലക്ഷങ്ങളുടെ നഷ്ടം സഹിച്ചാണ് ഇതുവരെ കഴിച്ചുകൂട്ടിയത്. പലര്‍ക്കും നിത്യജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടിലാണ്. ഇനിയും കടകള്‍ തുറന്നില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് ഉടമകള്‍ പറയുന്നു. ജോലിയില്ലാത്തതിനാല്‍ തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്. പൂര്‍ണ ലോക്ഡൗണായതിനാല്‍ താമസക്കാര്‍ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലായിരുന്നു. പലരും മുറിയില്‍ നിന്നും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ദുബൈ കെഎംസിസിയുടെ നേതൃത്വത്തില്‍ ഭക്ഷണവും ഭക്ഷണകിറ്റുകളും എത്തിച്ചത് വലിയ ആശ്വാസമായെന്ന് ഇവിടുത്ത് താമസക്കാര്‍ പറയുന്നു. ഓരോ ദിവസവും നൂറ് കണക്കിന് ഭക്ഷണകിറ്റുകളാണ് കെഎംസിസി വളണ്ടിയര്‍മാര്‍ ഇവിടെ വിതരണം ചെയ്തിരുന്നത്. പലരും ഇതുപയോഗിച്ച് ഭക്ഷണ പാകം ചെയ്താണ് ഇവിടെ കഴിഞ്ഞിരുന്നത്. ഇനി സ്ഥിതി മാറുമെന്നും മാര്‍ക്കറ്റ് പതുക്കെ സജീവമാകുന്നതോടെ നായിഫ് സാധാരണ നിലയിലേക്ക് തിരിച്ചുവരുമെന്നും ഇവിടുത്തെ ഓരോ വ്യാപാരിയും പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും മാര്‍ക്കറ്റ് പഴയ സ്ഥിതി പ്രാപിക്കാന്‍ ദിവസങ്ങളെടുക്കുമെന്ന യാഥാര്‍ത്ഥ്യവും വ്യാപാരികള്‍ മനസ്സിലാക്കുന്നുണ്ട്. എന്നാലും മാര്‍ക്കറ്റ് തുറന്നതിലുള്ള ആശ്വാസം പലരും പങ്കുവെച്ചു. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരു കടയില്‍ രണ്ട് സെയില്‍സ്മാന്‍ എന്ന കണക്കിലാണ് കടകള്‍ തുറന്നിരിക്കുന്നത്. ഒരു കടയിലേക്ക് ഒരേ സമയം കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കരുതെന്നും കര്‍ശനമായ നിര്‍ദേശമുണ്ട്. നിയമം ലംഘിച്ചാല്‍ കടകള്‍ അടപ്പിക്കുന്നതടക്കം പിഴ ചുമത്താനും സാധ്യതയുണ്ട്. ഇക്കാരണത്താല്‍ വളരെ കരുതലോടെയാണ് വ്യാപാരികള്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ എത്തിയിട്ടുള്ളത്.