ദുബൈ: യുഎഇയില്‍ കുടുങ്ങിയ പൗരന്മാരെ പ്രത്യേക വിമാന സര്‍വീസുകള്‍ വഴി തിരിച്ചയക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ യുഎഇ അധികൃതര്‍ പ്രശംസിച്ചു. യുഎഇയിലെ മാനവ വിഭവശേഷി, എമിറൈസേഷന്‍ മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹമേലിയും വിദേശ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക അസിസ്റ്റന്റ് സുല്‍ഫിക്കര്‍ ബുഖാരിയും തമ്മിലുള്ള വീഡിയോ ലിങ്ക് വഴിയുള്ള വെര്‍ച്വല്‍ മീറ്റിംഗിലാണ് ഈ പരാമര്‍ശം. കൊറോണ വൈറസ് ആഘാതം മൂലം യുഎഇയില്‍ നിന്ന് പാകിസ്ഥാനിലേക്ക് മടങ്ങാന്‍ തയ്യാറുള്ള പാകിസ്ഥാനികളെ ഒഴിപ്പിക്കുന്നതില്‍ യുഎഇയും പാകിസ്ഥാനും തമ്മിലുള്ള സഹകരണത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.
യോഗത്തില്‍, കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളും കുടുങ്ങിയ പാകിസ്ഥാനികളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചക്ക് വന്നു. ഒപ്പം കൊറോണ വൈറസ് പകര്‍ച്ചവ്യാധി കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങാനുള്ള നടപടികള്‍ സ്വീകരിച്ചതിന് പാകിസ്താനിലെ യുഎഇ അംബാസഡര്‍ ഹമദ് ഒബയ്ദ് അല്‍ സാബിയും പാക്കിസ്ഥാന്‍ സര്‍ക്കാരിനോട് നന്ദി അറിയിച്ചു. ഒരു പ്രത്യേക സംവിധാനത്തിനുള്ളില്‍ എമിറേറ്റില്‍ നിന്ന് പാകിസ്ഥാനിലേക്ക് തിരിച്ചുവരുന്നത് ഉറപ്പാക്കുന്നതിന് നിരന്തരമായ പ്രവര്‍ത്തനവും ഏകോപനവും നടക്കുന്നു. ഇരു രാജ്യങ്ങളുടെയും ഏകോപിത പരിശ്രമത്തെത്തുടര്‍ന്ന് ഏപ്രില്‍ 20 ന് യുഎഇയില്‍ നിന്ന് 1,500 ഓളം പാകിസ്ഥാനികളെ പാകിസ്ഥാനിലേക്ക് കൊണ്ടുപോയി. പ്രത്യേക വിമാനങ്ങള്‍ ഉപയോഗിച്ച് ഇതുവരെ 3,418 പാക്കിസ്ഥാനികളെ യുഎഇയില്‍ നിന്ന് തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചയച്ചതായി പാകിസ്ഥാന്‍ നയതന്ത്രജ്ഞന്‍ പറഞ്ഞു. ഏപ്രില്‍ 28 ന് ഷെഡ്യൂള്‍ ചെയ്ത അഞ്ച് പ്രത്യേക വിമാനങ്ങളിലും ആളുകളെ നാട്ടിലെത്തിച്ചു.
കുടുങ്ങിയ പാകിസ്ഥാനികളെ യുഎഇയില്‍ നിന്ന് തിരിച്ചയക്കുന്നതിന് മെയ് 1 മുതല്‍ 10 വരെ കുറഞ്ഞത് 21 പ്രത്യേക വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്തും. മൊത്തം 21 വിമാനങ്ങളില്‍ 15 എണ്ണം പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് പ്രവര്‍ത്തിപ്പിക്കും. ആറ് വിമാനങ്ങള്‍ യുഎഇ ആസ്ഥാനമായുള്ള വിമാനക്കമ്പനികള്‍ തയ്യാറായിട്ടുണ്ട്. 4,600 ല്‍ അധികം യാത്രക്കാര്‍ക്ക് ഈ പ്രത്യേക വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ കഴിയും. ഏപ്രില്‍ 28 ന് യുഎഇയില്‍ നിന്ന് പുറപ്പെടുമെന്ന് നേരത്തെ പ്രഖ്യാപിച്ച അഞ്ച് വിമാനങ്ങള്‍ക്ക് പുറമെയാണിത്.