
മുന്നറിയിപ്പില്ലാതെ എത്തിയതാണ് കാരണമെന്ന് : വൈറസ് ബാധ സംശയമുള്ളവര്‍ ആദ്യം കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കണമെന്ന് സൂപ്രണ്ട്
തിരൂരങ്ങാടി: ചെമ്മാടും വേങ്ങരയിലും കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയിലേക്ക് മുന്നറിയിപ്പ് ഇല്ലാതെ എത്തിയത് ജീവനക്കാര്‍ക്കും മറ്റു രോഗികള്‍ക്കും പ്രയാസമായി. ഇതോടെ ആസ്പത്രിയുടെ ഒരു ഗേറ്റ് അടച്ച് പൂട്ടി. ഇന്നലെ മാത്രം നിരവധി പേരാണ് കോവിഡ് 19 സംശയത്തില്‍ ആസ്പത്രിയിലെത്തിയത്. മാര്‍ച്ച് 11, 12 തീയതികളില്‍ ഡല്‍ഹി നിസാമുദ്ദീനിലെ സമ്മളനത്തില്‍ പങ്കെടുത്ത വേങ്ങര കൂരിയാട് സ്വദേശി 63 കാരനും ചെമ്മാട് ബൈപ്പാസ് സ്വദേശി 33 കാരനും തിങ്കളാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
ഇരുവരും മാര്‍ച്ച് 16-നാണ് വീട്ടിലെത്തുന്നത്. വീട്ടിലെത്തിയ ഇവര്‍ വീട്ടുകാരുമായും നാട്ടിലും അടുത്ത് ഇടപഴകിയിട്ടുണ്ടെന്നും വേങ്ങര കൂരിയാട് സ്വദേശി കൂരിയാട് മണ്ണില്‍ പിലാക്കല്‍ കുന്നുമ്മല്‍ പള്ളിയിലും ചെമ്മാട് മസ്ജിദിലും സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിത്തിയിരുന്നു. ചെമ്മാട് സ്വദേശി ചെമ്മാട് കോഴിക്കോട് റോഡിലെ മാര്‍ക്കറ്റിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ജില്ലയില്‍ നിന്ന് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കായി ആരോഗ്യ വകുപ്പും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരേയും കണ്ടെത്തിയത്.
ഏപ്രില്‍ നാലിന് തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലെത്തിച്ച് ഇവരുടെ സ്രവമെടുത്ത് പരിശോധനക്കയച്ചപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്. പരിശോധനാ ഫലം ലഭിച്ചതോടെ വൈറസ് ബാധയുള്ള വേങ്ങര കൂരിയാട് സ്വദേശിയേയും ഭാര്യ, മൂന്ന് മക്കള്‍, മൂന്ന് മരുമക്കള്‍, മൂന്ന് പേരമക്കള്‍ എന്നിവരേയും ചെമ്മാട് സ്വദേശിയായ വൈറസ് ബാധിതന്‍, മാതാവ്, ഭാര്യ, മൂന്ന് കുട്ടികള്‍ എന്നിവരേയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഇവരുമായി അടുത്തിടപഴകിയവരും ഒരുമിച്ച് യാത്ര ചെയ്തവരും നിര്‍ബന്ധമായും വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം അറിയിച്ചു കൊണ്ട് പള്ളികളിലും മറ്റും ഇന്നലെ പ്രത്യേകം അനൗണ്‍സ്മെന്റുകള്‍ നടത്തി. കൂടാതെ ചെമ്മാട് സ്വദേശി സാധനങ്ങള്‍ വാങ്ങാനെത്തിയിരുന്ന ബൈപ്പാസ് റോഡ് ഖാസി റോഡ് ജങ്ഷനിലെ കടകളും അടപ്പിച്ചു. കടയും പള്ളിയും പരിസരങ്ങളും അണുവിമുക്തമാക്കി.
യുവാവ് ചെമ്മാട് കോഴിക്കോട് റോഡിലെ മാര്‍ക്കറ്റ്, ഖാസി റോഡിലെ കട, സി.കെ നഗര്‍ റോഡിലെ കട, പരിസരത്തെ നിസ്‌കാരപള്ളി എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ വിവിധ ആളുകളുമായി ഇടപഴകിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതോടെയാണ് പ്രദേശത്തെ ഒരുപാട് പേര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാതെ ആസ്പത്രിയിലെത്തിയത്.
ഇത് ആസ്പത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. ഇതോടെ കൊടിഞ്ഞി റോഡില്‍ നിന്നുള്ള ആസ്പത്രിയുടെ ഗേറ്റ് അനിശ്ചിത കാലത്തേക്ക് അടച്ച് പൂട്ടി. പ്രധാന ഗേറ്റില്‍ സ്‌ക്രീനിങ് നടത്തുന്നതിന് പ്രത്യേകം ജീവനക്കാരെയും നിയമിച്ചു. എല്ലാ രോഗികളെയും പ്രത്യേകം സ്‌ക്രിനിങ് നടത്തി മാത്രമേ ഇപ്പോള്‍ ആസ്പത്രിയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. ആരോഗ്യ പ്രശ്നങ്ങളോ രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ നേരിട്ട് ആസ്പത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ ഫോണില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആസ്പത്രി സുപ്രണ്ട് അറിയിച്ചു.