പ്രവാസത്തിന് കൈത്താങ്ങായി പ്രവാസി ഇന്ത്യ

91
പ്രവാസി ഇന്ത്യ ആഭിമുഖ്യത്തില്‍ ഭക്ഷണ കിറ്റുകള്‍ തയാറാക്കുന്നു

ദുബൈ: ദുരന്ത കാലത്ത് പ്രവാസികള്‍ക്ക് കൈത്താങ്ങായി പ്രവാസി ഇന്ത്യ ടീം. എല്ലാ എമിറേറ്റുകളിലും നൂറുകണക്കിന് വളണ്ടിയര്‍മാരാണ് സേവന സജ്ജരായിട്ടുള്ളത്. കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാള്‍ മുതല്‍ ആധുനിക സാങ്കേതിക വിദ്യയെ കൂട്ടു പിടിച്ചാണ് സംഘടന ജനസേവന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുന്നത്. ജോലിയും കൂലിയുമില്ലാതെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നവരെ കണ്ടെത്തി സഹായമെത്തിക്കാനായി മാത്രം പ്രത്യേക വിഭാഗത്തെ തയ്യാറാക്കിയിട്ടുണ്ട്. ലേബര്‍ ക്യാമ്പുകളിലും ഫ്‌ളാറ്റുകളിലും പ്രവാസി ഇന്ത്യയുടെ പ്രവര്‍ത്തകര്‍ സഹായവുമായി കടന്നു ചെല്ലുന്നു. ദുരിതങ്ങള്‍ മൂടിവച്ച്, ദുരഭിമാനം പേറുന്നവരെ കണ്ടെത്തി അവര്‍ക്ക് കരുതലിന്റ കരം നീട്ടുന്നു. ഇതിനകം പതിനായിരത്തിലധികം പേര്‍ക്കാണ് ഭക്ഷണ കിറ്റുകള്‍ വിതരണം നടത്തിയതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
സന്ദര്‍ശക വിസയിലെത്തി കുടുങ്ങിപ്പോയവരാണ് കുടുസ്സു മുറികളില്‍ വീര്‍പ്പു മുട്ടുന്നവരിലധികവും. ഭക്ഷണ സാധനങ്ങള്‍ മുന്നില്‍ ഉണ്ടെങ്കിലും മനസില്‍ പെരുകുന്ന ഭയാശങ്കകള്‍ ഭക്ഷണത്തിനോടു പോലും വിരക്തി സൃഷ്ടിക്കുന്നു. ഇത്തരം നിരവധി കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ കൗണ്‍സലിംഗ് ടീമിനെ സജജമാക്കിയിട്ടുള്ളത്. ഇരുന്നൂറോളം പേര്‍ക്ക് തുടക്കത്തില്‍ തന്നെ സേവനം നല്‍കാനായി. താമസ സ്ഥലത്തിരുന്നു കൊണ്ടു തന്നെ ഡോക്ടറോട് സംസാരിക്കാനും ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കാനുമുള്ള അതിവിശാലമായ ഓണ്‍ലൈന്‍ ആശുപത്രി പ്രവാസി ഇന്ത്യ തുറന്നിട്ടുണ്ട്. ഇമെയില്‍, വാട്‌സാപ്പ് ലിങ്ക്, വാട്‌സാപ്പ് നമ്പര്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തിയാണ് രോഗി ആശുപത്രിയില്‍ പ്രവേശിക്കുന്നത്. ആശുപത്രിയില്‍ എത്തിയ രോഗിക്ക് ഡോക്ടറുമായി മുഖാമുഖം കണ്ട് സംസാരിക്കാനുള്ള സൗകര്യം ആപ്‌ളികേഷന്‍ വഴി സജ്ജമാക്കുന്നു. ആരോഗ്യ മേഖലയില്‍ പരിചയസമ്പത്തുള്ള നിരവധി ഡോക്ടര്‍മാരും നഴ്‌സുമാരുമാണ് ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലുള്ളത്.

*dr.onlive* ല്‍ രജിസ്റ്റര്‍ ചെയ്യാന്‍ മൂന്ന് വഴികള്‍:

1) ലിങ്ക്: http://bit.ly/dronlive.

2) വാട്‌സാപ്പ് ലിങ്ക്: http://wa.me/+971557217686.

3) വാട്‌സാപ്പ് നമ്പര്‍: +971557217686.