
ചെര്‍പ്പുളശ്ശേരി : കോവിഡ്-19 പ്രതിരോധത്തിനായി ബോധവത്കരണവും ലോക്ക് ഡൗണുമായി നട് ഒറ്റക്കെട്ടായി നീങ്ങുമ്പോള്‍ നിയമങ്ങളെ കാറ്റില്‍പറത്തി ഷൊര്‍ണൂര്‍ എം.എല്‍.എ പി.ശശി നടത്തിയ അവലോകനയോഗത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
ചെര്‍പ്പുളശ്ശേരിയിലെ സ്വകാര്യ റീജന്‍സിയിലാണ് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാതെ 65 പേര്‍ പങ്കെടുത്ത യോഗം നടന്നത്. നിയോജകമണ്ഡലത്തിലെ രണ്ടു മുന്‍സിപ്പാലിറ്റികളിലെ ചെയര്‍മാന്‍മാര്‍, സെക്രട്ടറിമാര്‍, മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറിമാര്‍, ഷൊര്‍ണൂര്‍ തഹസില്‍ദാര്‍, പൊലിസ്, എക്‌സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് യോഗം നടത്തിയത്. മണ്ഡലത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗമാണ് നടന്നതെങ്കിലും യോഗത്തിനെത്തിയവരൊക്കെ ഒരു അടിപോലും ഗ്യാപ്പില്ലാതെ അടുത്തടുത്താണ് ഇരുന്നിരുന്നത്. നാമമാത്രമായ ആളുകള്‍ മാത്രമാണ് മാസ്‌ക്ക് പോലും ഉപയോഗിച്ചിരുന്നത്. യോഗഹാളിലേക്ക് പ്രവേശിക്കുന്നവര്‍ക്കായി സാനിറ്റൈസര്‍ സൗകര്യവും ഇല്ലായിരുന്നു. കൊറോണയുടെ വ്യാപന സാധ്യത ഉറപ്പുവരുത്തുന്ന തരത്തിലാണ് ഇന്നലെ എം.എല്‍.എ യോഗം നടത്തിയത്.
അതേസമയം യോഗത്തില്‍ എം.എല്‍.എയുടെ പ്രസംഗം മുഴുവന്‍ കൊറോണയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും പാലിക്കേണ്ട സുരക്ഷാ രീതികളെക്കുറിച്ചുമായിരുന്നു എന്നത് വലിയ തമാശയുമായി. ഇത് രണ്ടാം തവണയാണ് എം.എല്‍.എ ഇതേ രീതിയില്‍ യോഗം വിളിക്കുന്നത്. നിയമംലംഘിച്ച യോഗത്തെകുറിച്ച് വിശദമായി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നവശ്യപ്പെട്ട് മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി കെ.കെ.എ അസീസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി വിനോദ്കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കും പരാതി നല്‍കിയിട്ടുണ്ട്.