പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കണം: ഇബ്രാഹിം എളേറ്റില്‍

ദുബൈ/കോഴിക്കോട്: കോവിഡ് 19മായി ബന്ധപ്പെട്ട് യുഎഇയിലടക്കം വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിലവിലുള്ള പ്രത്യേക നിയന്ത്രിത സാഹചര്യത്തില്‍ പ്രയാസത്തിലായ പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ സൗകര്യമൊരുക്കണമെന്ന് ദുബൈ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ കേന്ദ്ര-കേരള സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. യുഎഇയില്‍ നിന്നും എമിറേറ്റ്‌സും ഇത്തിഹാദും അടക്കമുള്ള വിമാന കമ്പനികള്‍ ആളുകളെ ഇന്ത്യയിലേക്ക് കൊണ്ടു പോകാന്‍ സന്നദ്ധമായ സ്ഥിതിക്ക് ആവശ്യമായ നടപടികള്‍ വേഗത്തില്‍ സ്വീകരിച്ചാല്‍ നിരവധി പേര്‍ക്ക് നാട്ടിലെത്താനാകും. കോവിഡ് 19 ഭേദമായവരെ കൂടാതെ, ജോലിയും വേതനവുമില്ലാതായതോടെ ഒരു രോഗവുമില്ലാതെ കഷ്ടപ്പെടുന്ന ആയിരക്കണക്കിന് പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. ഇത് കൂടാതെ, കോവിഡ് 19 അല്ലാതെ, മറ്റു പല തരം അസുഖങ്ങളാല്‍ കഷ്ടപ്പെടുന്ന മറ്റനേകം പേരുമുണ്ട്.
അവരുടെ ചികില്‍സ മുടങ്ങുന്ന സ്ഥിതി വിശേഷവുമുണ്ട്. ആയതിനാല്‍, ഈ വിഷയത്തില്‍ ഉത്തവാദപ്പെട്ട കേന്ദ്ര-കേരള സര്‍ക്കാറുകള്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്നും ഈ പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ വഴിയൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.