പ്രവാസി സംഘടനാ നേതാക്കളുമായി പ്രധാനമന്ത്രിയുടെ പ്രതിനിധി അനൗദ്യാഗിക ചര്‍ച്ച നടത്തി

122

ഫുജൈറ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലേക്ക് കെഎംസിസി ഉള്‍പ്പെടെയുള്ള പ്രവാസി സംഘടനകള്‍ അയച്ച കത്തുകളിലെയും നിവേദനങ്ങളിലെയും അപേക്ഷകളെയും നിര്‍ദേശങ്ങളെയും കുറിച്ചുള്ള അനൗപചാരിക ചര്‍ച്ച ഐഎഎസ് ഓഫീസറും ഗവണ്‍മെന്റ് ഉപദേശകനുമായ സി.വി ആനന്ദബോസിന്റെ നേതൃത്വത്തില്‍ പ്രവാസി സംഘടനാ പ്രതിനിധികളുമായി ടെലികോണ്‍ഫറന്‍സിംഗ് മുഖേന നടത്തി. യുഎഇയിലെ വിവിധ പ്രവാസി നേതാക്കളുമായാണ് അദ്ദേഹം ആശയ വിനിമയം നടത്തിയത്.
യുഎഇയില്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിവിധ സംഘടനാ നേതാക്കള്‍ പ്രധാനമന്ത്രിയുടെ പ്രധിനിധികളുടെ മുന്നില്‍ അവതരിപ്പിച്ചു. ജോലി നഷ്ടപ്പെട്ടവരും വിസിറ്റിംഗ് വിസയില്‍ വന്നു കുടുങ്ങിപ്പോയവരും മറ്റു രോഗങ്ങളില്‍ പെട്ട് കഷ്ടപ്പെടുന്നവരും വയോധികരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിശ്ചിത എണ്ണം വരുന്ന ഇന്ത്യക്കാരെയാണ് ഏറ്റവുമടുത്ത അവസരത്തില്‍ നാട്ടിലെത്തിക്കേണ്ടതെന്ന് പ്രവാസി സംഘടനാ നേതാക്കള്‍ സമര്‍ത്ഥിച്ചു. മടങ്ങിപ്പോകുന്നവര്‍ക്കുള്ള ടിക്കറ്റ് ചെലവ് പ്രവാസി കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടി(ഐസിഡബ്‌ള്യുഎഫ്)ല്‍ നിന്നും കണ്ടെത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ലേബര്‍ ക്യാമ്പുകളിലുള്ളവര്‍ക്കായി ഐസൊലേഷന്‍ യൂണിറ്റുകള്‍ സജ്ജമാക്കുന്ന കാര്യത്തില്‍ എംബസി ഇടപെടണമെന്നും കൂടാതെ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ മെഡിക്കല്‍ ടീമിനെ അയക്കാന്‍ ഗവര്‍മെന്റ് തയാറാവണമെന്നും അബുദാബിയില്‍ എംബസിയുടെ ഇടപെടല്‍ വേണമെന്നുമുള്ള അഭ്യര്‍ത്ഥനയും സംഘടനാ പ്രതിനിധികള്‍ നടത്തി. പ്രവാസി സമൂഹത്തിന്റെ പ്രതിനിധികളായ സംഘടനകള്‍ മുന്നോട്ടു വെച്ച നിവേദനങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ആനന്ദ ബോസ് ഉറപ്പ് നല്‍കി. ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, പുത്തൂര്‍ റഹ്മാന്‍, അന്‍വര്‍
നഹ, ഇ.പി ജോണ്‍സണ്‍, എന്‍.പി രാമചന്ദ്രന്‍, സജീവ് പുരുഷോത്തമന്‍, ബിജു സോമന്‍, മുരളി എന്നിവര്‍ പങ്കെടുത്തു.