റിയാദ്: കോവിഡ് 19 പ്രതിസന്ധിയിലകപ്പെട്ട റൂമുകളിലും ക്യാമ്പുകളിലും കഴിയുന്ന ഒറ്റപ്പെട്ട പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും തുണയായി സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി ഹെല്‍പ് ഡെസ്‌കുമായി രംഗത്ത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സഊദി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് താല്‍ക്കാലിക ആശ്വാസമേകാനുള്ള പദ്ധതിയുമായാണ് ‘അതിജീവിക്കാം കരുതലോടെ, കൈത്താങ്ങായി കെഎംസിസി’ എന്ന ശീര്‍ഷകത്തില്‍ നാല്‍പതോളം വരുന്ന സഊദിയുടെ വിവിധ ഭാഗങ്ങളിലുള്ള കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയതെന്ന് കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.പി മുഹമ്മദ്കുട്ടി, വര്‍ക്കിംഗ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട്, ജന.സെക്രട്ടറി ഖാദര്‍ ചെങ്കള, ട്രഷറര്‍ കുഞ്ഞിമോന്‍ കാക്കിയ എന്നിവര്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനായി നാഷണല്‍ കമ്മിറ്റിയുടെ ഹെല്‍പ് ഡെസ്‌ക് വാര്‍ ഗ്രൂപ് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വിവിധ സെന്‍ട്രല്‍ കമ്മിറ്റികളുടെ കീഴിലുള്ള ഹെല്‍പ് ഡെസ്‌കും സേവന സജ്ജരായി രംഗത്തുണ്ട്. ഓരോ കമ്മിറ്റികളുടെയും പ്രവര്‍ത്തനങ്ങളെ വിലയിരുത്താനും ഉടനടി നടപടികള്‍ കൈക്കൊള്ളാനും നാഷണല്‍ കമ്മിറ്റി നേതാക്കളും വിവിധ സെന്‍ട്രല്‍, കമ്മിറ്റി നേതാക്കളും അടങ്ങിയ വാട്‌സാപ്പ് വഴി ഗ്രൂപ് 24 മണിക്കൂറും ലൈവ് ആയി പ്രവര്‍ത്തിക്കും.
നിയന്ത്രണങ്ങളെ തുടര്‍ന്ന് വ്യാപാര-തൊഴില്‍ മേഖലകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരും നിത്യ വേതനത്തിന് തൊഴിലെടുക്കുന്ന നിര്‍മാണ മേഖലയിലെ തൊഴിലാളികളുമായ നിരവധി പേര്‍ ഭക്ഷണത്തിനും മരുന്നിനും പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ വിവിധ ഭാഗങ്ങളില്‍ സെന്‍ട്രല്‍-ഏരിയ-ജില്ല-മണ്ഡലം-പഞ്ചായത്ത് കമ്മിറ്റികളുടെ കീഴില്‍-ഇവരെ കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ ചെയ്യാനുള്ള കര്‍മ പദ്ധതിയാണ് രൂപപ്പെടുത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു. രാജ്യ വ്യാപകമായുള്ള ഹെല്‍പ് ഡെസ്‌കുകളുടെ നമ്പറുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പ്രയാസപ്പെടുന്നവര്‍ ആ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ ആവശ്യമായ സഹായം ചെയ്യും. ഭക്ഷണത്തിന് പ്രയാസമനുഭവിക്കുന്നവരെയും രോഗികളായവര്‍ക്ക് ആശുപത്രിയിലെത്തിക്കാന്‍ ആവശ്യമായ സഹായങ്ങളും ചെയ്യും. ഈയൊരവസ്ഥയില്‍ നേരിട്ടെത്തി സഹായങ്ങള്‍ ചെയ്യാന്‍ പരിമിതികളുണ്ടെങ്കിലും രാജ്യത്തെ നിയമങ്ങള്‍ പാലിച്ച് സാധിക്കുന്നത് ചെയ്യാന്‍ കെഎംസിസി ഹെല്‍പ് ഡെസ്‌ക് ടീം രംഗത്തുണ്ടാകും. ജോലിയോ കച്ചവടമോ പെട്ടെന്നൊരു ദിവസം ഇല്ലാതാവുമ്പോള്‍ ജീവിതം വഴിമുട്ടുകയും നാട്ടില്‍ ഇവരെ മാത്രം ആശ്രയിച്ചിരിക്കുന്ന കുടുംബം പട്ടിണിയിലാവുകയും ചെയ്യുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് സമൂഹത്തിന്റെ കരുണയും കരുതലും നല്‍കി അവരുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കാത്ത വിധം സഹായങ്ങള്‍ എത്തിച്ചു നല്‍കാന്‍ കെഎംസിസി ശ്രമിക്കുന്നത്. അതോടൊപ്പം തന്നെ, രോഗ വ്യാപനത്തെച്ചൊല്ലിയുള്ള ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ആവശ്യമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തും. ഇതിനായി സഊദിയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളി ഡോക്ടര്‍മാരുടെയും ആസ്പത്രികളുടെയും ക്‌ളിനിക്കുകളുടെയും സഹകരണം തേടിയിട്ടുണ്ട്. വിവിധ സെന്‍ട്രല്‍ കമ്മിറ്റികള്‍ അതത് ഭാഗങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാനും നടപടികളുടെ ഭാഗമായി സാമൂഹിക അകലം പാലിക്കാനുമുള്ള സഊദി ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ അക്ഷരം പ്രതി പാലിക്കാന്‍ പ്രവാസി സമൂഹം ജാഗ്രത പാലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.