അല്‍ ഐന്‍: അല്‍ ഐന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന സഹകരണ സ്ഥാപനമായ അല്‍ ഐന്‍ കോഓപറേറ്റീവ് സൊസൈറ്റി രണ്ടു മൊത്ത വ്യാപാര ശാലകള്‍ തുറന്നു. അല്‍ ഐന്‍ മുനിസിപ്പാലിറ്റി സഹകരണത്തോടെ അല്‍ ഐനിലെ അല്‍സാഖര്‍ വെഡന്നുിംഗ് ഹാളിലും അല്‍ ഹീലി വെഡന്നുിംഗ് ഹാളിലുമായാണ് മൊത്തവ്യാപാര ശാലകള്‍ തുറന്നിരിക്കുന്നത്. കൊറോണ വൈറസ് വ്യാപ്തി മൂലം ക്‌ളേശമനുഭവിക്കുന്ന ഉപയോക്താക്കളുടെ മനസ്സില്‍ നിന്നും ”ഭക്ഷ്യക്ഷാമം സംഭവിക്കാന്‍ പോകുന്നു”വെന്ന അനാവശ്യ ഭീതി അകറ്റുന്നതിനോടൊപ്പം, അവര്‍ക്ക് അത്യാവശ്യം ഉല്‍പന്നങ്ങള്‍ ആദായ വിലയില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വ്യാപാര ശാലകള്‍ തുറന്നിരിക്കുന്നത്. അതിലുപരി, ഉപയോക്താക്കള്‍ക്ക് കൃത്യമായ സാമൂഹിക അകലം പാലിച്ചു കൊണ്ട് സുരക്ഷിതമായി ഷോപ്പിംഗ് നടത്താന്‍ കഴിയുന്ന രീതിയില്‍ ഏകദേശം 50,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അരി, പാചക എണ്ണ, വെള്ളം, ഉപ്പ്, പഞ്ചസാര, പഴവര്‍ഗങ്ങള്‍, പച്ചക്കറി തുടങ്ങിയ നിരവധി ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് പുറമെ, സോപ്പ് പൊടി, ക്‌ളീനിംഗ് ലിക്വിഡ്, അണു നശീകരണ ലായനികള്‍ തുടങ്ങിയ എല്ലാ തരം ഉല്‍പന്നങ്ങളും ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിക്കൊണ്ടാണ് മൊത്ത വ്യാപാര ശാലകള്‍ തുറന്നിരിക്കുന്നത്. അതോടൊപ്പം, യുഎഇ സ്വദേശികള്‍ക്ക് മുനിസിപ്പാലിറ്റി നല്‍കുന്ന ഉല്‍പന്നങ്ങള്‍ സബ്‌സിഡി യോടു കൂടി വാങ്ങാനുള്ള സൗകര്യവും ഈ വ്യാപാര ശാലകളില്‍ ഒരുക്കിയിട്ടുണ്ട് .
”യുഎഇയിലെ എല്ലാ ആളുകളെയും സേവിക്കുന്നതില്‍ ആഹ്‌ളാദമാണുള്ളത്. പൊതുസുരക്ഷ ഉറപ്പു വരുത്താന്‍ എല്ലാ വിഭവങ്ങളും ലഭ്യമാക്കണമെന്ന അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്റെ നിര്‍ദേശം പ്രചോദനാത്മകമാണ്” -അല്‍ ഐന്‍ കോപ്പ് ചെയര്‍മാന്‍ നഹ്‌യാന്‍ ഹമദ് അല്‍ അമീരി അപിപ്രായപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്കാവശ്യമായ ഉല്‍പന്നങ്ങള്‍ ഒരു ബുദ്ധിമുട്ടും കൂടാതെ സുരക്ഷിതമായി ലഭ്യമാക്കുകയെന്നത് ഒരു സഹകരണ പ്രസ്ഥാനമെന്ന നിലക്ക് ഞങളുടെ ഉത്തരവാദിത്വമാണെന്നും അതുകൊണ്ടു തന്നെ, ഇത്തരത്തില്‍ മൊത്ത വ്യാപാര ശാലകള്‍ തുറക്കാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നും അല്‍അമീരി വ്യക്തമാക്കി. ഒരിക്കലും ഊഹാപോഹങ്ങള്‍ക്ക് പിറകെ പോകരുതെന്നും എല്ലാ ഉല്‍പന്നങ്ങളും അല്‍ ഐന്‍ കോപ്പിന്റെ മുഴുവന്‍ സ്‌റ്റോറുകളിലും യഥേഷ്ടം ലഭ്യമാണെന്നും സ്‌റ്റോറുകളില്‍ നിന്നും നേരിട്ടും ഓണ്‍ലൈന്‍ ആയും വേണ്ടത്ര സാധനങ്ങള്‍ വാങ്ങാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു മാസത്തിലധികം നീണ്ടു നില്‍ക്കുന്ന മൊത്തവ്യാപാര ശാലകള്‍ വരാനിരിക്കുന്ന റമദാന്‍ മാസത്തിലും ഏറെ ഉപകാരപ്രദമായിരിക്കുമെന്നതും ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതാണ്.