സ്വകാര്യ മേഖലക്ക് കരുത്ത് പകര്‍ന്ന് സഊദി ഭരണാധികാരി മൂന്ന് മാസത്തെ ശമ്പളത്തിന്റെ 60 ശതമാനം നല്‍കും

    33

    മുറാസില്‍

    റിയാദ് : കോവിഡ് മൂലം രാജ്യം പ്രതിസന്ധിയെ നേരിടുമ്പോള്‍ പൗരന്മാര്‍ക്ക് സല്‍മാന്‍ രാജാവിന്റെ കാരുണ്യ ഹസ്തം. സ്വകാര്യ മേഖലക്ക് കരുത്ത് പകര്‍ന്ന് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ് സഊദി പൗരന്മാര്‍ക്ക് ആശങ്കള്‍ക്കിടയിലും ആഹ്ലാദംവിതറി. കോവിഡ് മുന്‍കരുതല്‍ കാലം ആരെയും പിരിച്ചു വിടരുതെന്നും ശമ്പളം മുടക്കരുതെന്നും ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ സ്വകര്യമേഖലക്ക് മൂന്ന് മാസക്കാലത്തെ സഊദി പൗരന്മാരുടെ ശമ്പളത്തിന്റെ 60 ശതമാനം വരെ ഗോസി വഴി ഗവണ്മെന്റ് നല്‍കുമെന്നും സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു . .ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സി(ഗോസി)ല്‍ രജിസ്റ്റര്‍ ചെയ്ത സഊദി പൗരന്മാര്‍ക്കാണ് പ്രതിസന്ധി ഘട്ടത്തിലെ അസ്ശ്വസ നടപടി ലഭ്യമാവുക.

    പരമാവധി അഞ്ച് സ്വദേശി ജീവനക്കാരുളള സ്ഥാപനങ്ങളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും 60 ശതമാനം ശമ്പളത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ അതില്‍ കൂടുതല്‍ സ്വദേശി ജീവനക്കാരുളള സ്ഥാപനങ്ങളിലെ 70 ശതമാനം ജീവനക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. സ്വദേശിവത്ക്കരണം ഉള്‍പ്പെടെ മാനദണ്ഡങ്ങള്‍ പാലിച്ച സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാര്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. സഊദിയില്‍ മൊത്തം പന്ത്രണ്ട് ലക്ഷം പൗരന്മാര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും. സ്വകാര്യ മേഖലയിലെ സംരംഭകര്‍ക്ക് ഏറെ ആശ്വാസമാകുന്ന നടപടികളാണ് തിരുഗേഹങ്ങളുടെ സേവകന്റെ ഉത്തരവിലൂടെ നടപ്പിലാക്കുന്നത്.

    ഏപ്രില്‍ മാസത്തെ ആനുകൂല്യം മെയ് ആദ്യം വിതരണം ചെയ്യുമെന്ന് ധനമന്ത്രിയും ഗോസി ചെയര്‍മാനുമായ മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു. ഇതിനായി 9 ബില്യന്‍ റിയാലാണ് നീക്കിവെച്ചിട്ടുള്ളത്. പ്രതിസന്ധി കാലത്തെ ഈ പദ്ധതിയില്‍ ഗുണഭോക്താക്കളല്ലാത്ത സ്വദേശികള്‍ക്കും വിദേശികള്‍ക്കും ശമ്പളം നല്‍കാനുളള ഉത്തരവാദിത്തം അതാത് സ്ഥാപനങ്ങള്‍ക്കുണ്ടെന്നും ധനമന്ത്രിപറഞ്ഞു. ചെറുകിട, ഇടത്തരം സംരംഭകര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മാര്‍ച്ച് 20ന് 70 ബില്യണ്‍ റിയാലിന്റെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതു സ്വകാര്യ മേഖലയില്‍ പണ ലഭ്യത ഉറപ്പുവരുത്തും. സര്‍ക്കാര്‍ ഫീസുകളും ഒഴിവാക്കിയും കുടിശ്ശിക അടക്കാനുളള സമയപരിധി നീട്ടി നല്‍കിയും
    ആശങ്കയില്‍ കഴിഞ്ഞിരുന്ന സഊദി പൗരന്മാര്‍ക്കും സ്വകാര്യ മേഖലക്കും ജീവനക്കാര്‍ക്കും ഏറെ ആശ്വാസം പകര്‍ന്ന് ലോക രാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാവുകയാണ് സഊദി.