റമദാനില്‍ പത്തിലധികം പേരുടെ ഒത്തുചേരലുകള്‍ അനുവദിക്കില്ല

57

ദുബൈ: കൊറോണ വൈറസ് പടരാതിരിക്കാനുള്ള പുതിയ ദുബൈ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശപ്രകാരം റമദാനില്‍ പത്തിലധികം പേരുടെ ഒത്തുചേരലുകള്‍ അനുവദനീയമല്ല.
പ്രോട്ടോക്കോളുകള്‍ പ്രകാരം 10 ല്‍ താഴെയുള്ള സ്വകാര്യ സമ്മേളനങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. കുടുംബങ്ങളിലും മറ്റും ഹാന്‍ഡ്ഷേക്കുകളും ആലിംഗനങ്ങളും അനുവദിക്കില്ല. നോമ്പുകാലത്ത് സുഹൂര്‍, ഇഫ്താര്‍ ഒത്തുചേരലുകള്‍ വിപുലീകരിക്കാത്ത രീതിയില്‍ കുടുംബത്തിലോ വളരെ അടുത്ത സുഹൃത്തുക്കളിലോ പരിമിതപ്പെടുത്തണമെന്ന് ദുബൈ സര്‍ക്കാരും ദുബൈ എക്കണോമിയും നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം പറയുന്നു. അംഗീകൃത ചാരിറ്റികളിലൂടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെയും മാത്രമേ ഭക്ഷണ സംഭാവന നല്‍കാവൂ. വിവിധ വീടുകളില്‍ താമസിക്കുന്ന കുടുംബാംഗങ്ങളുമായി ഭക്ഷണം പങ്കിടുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല. കുടുംബം അല്ലെങ്കില്‍ സുഹൃത്തുക്കള്‍ എന്ന നിലയില്‍ ഭക്ഷണം ലഭിക്കുകയാണെങ്കില്‍, അത് ശ്രദ്ധയോടെ വീടുകളിലെ പാത്രങ്ങളിലേക്ക് മാറ്റണം. റമദാന്‍ മാസത്തില്‍ കൂട്ടത്തോടെയുള്ള പ്രാര്‍ത്ഥനകള്‍ അനുവദനീയമല്ല. ഒരേ വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ മാത്രമേ ഗ്രൂപ്പ് പ്രാര്‍ത്ഥനകള്‍ നടക്കൂ. പ്രോട്ടോക്കോളുകള്‍ അനുസരിച്ച്, ഒരേ വീട്ടില്‍ താമസിക്കാത്ത പ്രായമായവരെയും മറ്റ് ഉയര്‍ന്ന അപകടസാധ്യതയുള്ള ആളുകളെയും സന്ദര്‍ശിക്കുന്നത് സ്വന്തം സുരക്ഷയ്ക്കായി ഒഴിവാക്കണം. വിവിധ വീടുകളില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നത് അവശ്യ സാഹചര്യങ്ങളില്‍ മാത്രം പരിമിതപ്പെടുത്തണം. വീടിന് പുറത്തുള്ള ആളുകളെ കണ്ടുമുട്ടരുതെന്നും അജ്ഞാതരായ ആളുകളില്‍ നിന്നുള്ള ഭക്ഷണമോ മറ്റ് വസ്തുക്കളോ സ്വീകരിക്കരുതെന്നും വീടുകളില്‍ സഹായിക്കുന്നവര്‍ക്ക്് നിര്‍ദ്ദേശം നല്‍കണം. അത്യാവശ്യങ്ങള്‍ക്ക് മാത്രം താമസസ്ഥലത്ത് നിന്നും പുറത്തുപോവാന്‍ പാടുള്ളൂ. വീട് വിടുമ്പോള്‍ മാസ്‌കുകള്‍ ധരിക്കേണ്ടതാണ്. ഹാന്‍ഡ് സാനിറ്റൈസര്‍ കൃത്യമായി ഉപയോഗിക്കണം.