റമദാനില്‍ അറവുശാലകളില്‍ 70,000 ആടുമാടുകളെ അറുക്കാന്‍ സൗകര്യം; മാംസം എത്തിച്ചു കൊടുക്കും

അബുദാബി: അബുദാബി നഗരത്തിലെയും പ്രാന്ത പ്രദേശങ്ങളിലെയും മുഴുവന്‍ അറവുശാലകളിലും മികച്ച സേവനങ്ങള്‍ നല്‍കാനുള്ള സജ്ജീകരണങ്ങള്‍ ക്രമീകരിച്ചതായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി വ്യക്തമാക്കി.
അബുദാബി സിറ്റി, ബനിയാസ്, ഷഹാമ, അല്‍വത്ബ എന്നീ അറവുശാലകളിലും പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രത്യേകം തയാറാക്കിയ ആപ്‌ളിക്കേഷന്‍ വഴി അറവുശാലകളിലെ സേവനങ്ങള്‍ക്ക് ആവശ്യപ്പെടാനും കഴിയും. ഇതുവഴി അപേക്ഷിക്കുന്നവര്‍ക്ക് മൃഗങ്ങളെ അറുത്ത് മാംസമാക്കി സൗജന്യമായി വീടുകളില്‍ എത്തിച്ചു കൊടുക്കുകയും ചെയ്യും.
നേരിട്ടെത്തുന്നവര്‍ക്ക് വാഹനങ്ങളില്‍ നിന്നും ഇറങ്ങാതെ തന്നെ സേവനം നല്‍കുന്ന രീതിയും ഒരുക്കിയതായി നഗരസഭ അറിയിച്ചു. അബുദാബി 50, ബനിയാസ് 50, അബുദാബി 35, അല്‍വത്ബ 35, അല്‍ഷഹാമ 25 എന്നിങ്ങനെ റമദാനിലെ സേവനങ്ങള്‍ക്കായി വിവിധ അറവുശാലകളില്‍ 145 കശാപ്പുകാരെയാണ് നിയോഗിക്കുന്നത്. മികച്ച ആരോഗ്യ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് അറവുശാലകള്‍ പ്രവര്‍ത്തിക്കുക.
നിലവില്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. സമയത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായാല്‍ ഉപഭോക്താക്കളെ അറിയിക്കുന്നതാണ്. ദൈനംദിന ജോലികള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പും ശേഷവും ഓരോ അറവു ശാലയിലെയും തൊഴിലാളികളുടെ താപനില പരിശോധിക്കുന്നതാണ്. സുരക്ഷക്കും ആരോഗ്യത്തിനുമായി അവര്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കുന്നതുമാണ്.