കോവിഡ് ഭേദമായി റാന്നിയിലെ വൃദ്ധ ദമ്പതികള്‍ ആസ്പത്രി വിട്ടു

17
പത്തനംതിട്ടയിലെ ദമ്പതികളെ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടു പോകുന്നു

കോട്ടയം മെഡിക്കല്‍ കോളേജിന് അഭിമാന മുഹൂര്‍ത്തം

കോട്ടയം: കോവിഡ്19 രോഗത്തെ അതിജീവിച്ച് രാജ്യത്തെ ഏറ്റവും മുതിര്‍ന്ന ദമ്പതികളായ  പത്തനംതിട്ട റാന്നി സ്വദേശി 93 വയസുള്ള തോമസും  ഭാര്യ 88കാരിയായ മറിയാമ്മയും.
കോവിഡ് രോഗത്തിനു പുറമെ ഹൃദയാഘാതത്തെയും ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളെയും അതിജീവിച്ചാണ് തോമസ് അദ്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചു വന്നത്. പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളെ മറിയാമ്മയും അതിജീവിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍മായ സംഭവമായാണ് ഇതിനെ വിലയിരുത്തുന്നത്.കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ ഇന്നലെ ആസ്പത്രി വിട്ടു.
ലോകത്ത് തന്നെ 60 വയസിന് മുകളില്‍ കോവിഡ് 19 ബാധിച്ചവരെ ഹൈ റിസ്‌കിലാണ് പെടുത്തിയിരിക്കുന്നത്. ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെ മരണക്കയത്തില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സയിലൂടെയാണ്ജീവത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട ജില്ലയിലുള്ള മൂന്നംഗ കുടുംബത്തിനും അവരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ ഈ വൃദ്ധ ദമ്പതികള്‍ക്കുമാണ് മാര്‍ച്ച് 8ന് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കി. പിന്നീട മാര്‍ച്ച് 9ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.  പരസ്പരം വിളിച്ചാല്‍ കേള്‍ക്കും വിധം ട്രാന്‍സ്പ്ലാന്റ് ഐ.സി.യുവിലാണ് ഇവരെ കടത്തിയിരുന്നത്. അല്‍പസമയം ശബ്ദം കേള്‍ക്കാതിരുന്നാല്‍ തോമസ് മറിയാമ്മേ എന്നു നീട്ടി വിളിക്കും. ഹൃദ്രോഗമുണ്ടായതിനെ തുടര്‍ന്ന് ഇടക്ക് തോമസിനെ വെന്റിലേറ്ററിലേക്കു മാറ്റേണ്ടി വന്നു. ഇരുവര്‍ക്കും മൂത്രസംബന്ധമായ അണുബാധയും ഉണ്ടായി. നാലു ദിവസത്തിനു ശേഷമാണ് തോമസിനെ വെന്റിലേറ്ററില്‍ നിന്നു മാറ്റിയത്.  ആരോഗ്യ നില മെച്ചപ്പെട്ടതിനു ശേഷം വീണ്ടും കൊറോണ ടെസ്റ്റ് നടത്തിയപ്പോള്‍ ഫലം നെഗറ്റീവായി. കഴിഞ്ഞ ദിവസം ലഭിച്ച പരിശോധന ഫലവും നെഗറ്റീവാണ്. ഇതോടെയാണ് ഡിസ്ചാര്‍ജ് ചെയ്യാന്‍   ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.
വീട്ടിലെ ഒരംഗത്തെപ്പോലെ ഇത്രയും അവശതകളുള്ള വൃദ്ധ ദമ്പതികളെ ചികിത്സിച്ച ഒരു നഴ്സിനും കൊറോണ രോഗം പിടിപെട്ടിരുന്നു. നഴ്സ് രേഷ്മ മോഹന്‍ദാസും രോഗം ഭേദമായി ഇന്നലെ ആസ്പത്രി വിട്ടു.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്, സൂപ്രണ്ട് ടി.കെ. ജയകുമാര്‍, ഡെ. സൂപ്രണ്ട് ഡോ. രാജേഷ്, ആര്‍.എം.ഒ. ഡോ. ആര്‍.പി. രെഞ്ജിന്‍, എ.ആര്‍.എം.ഒ. ഡോ. ലിജോ, നഴ്സിംഗ് ഓഫീസര്‍ ഇന്ദിര എന്നിവരുടെ ഏകോപനത്തില്‍ ഡോ. സജിത്കുമാര്‍, ഡോ. ഹരികൃഷ്ണന്‍, ഡോ. അനുരാജ് തുടങ്ങിയ ഏഴംഗ ഡോക്ടര്‍മരുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. 25 നഴ്സുമാരുള്‍പ്പെടെ 40 അംഗ മറ്റ് ജീവനക്കാരും ചികിത്സയില്‍ സജീവ പങ്കാളികളായി.