റാസല്‍ഖൈമ: കോറോണ വൈറസിനെതിരെയുള്ള മുന്‍കരുതലിന്റെ ഭാഗമായി റാസല്‍ഖൈമ പച്ചക്കറി മാര്‍ക്കറ്റില്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. റാസല്‍ഖൈമ പാലത്തിന് സമീപം സ്ഥിതി ചെയ്യുന്ന മാര്‍ക്കറ്റില്‍ പ്രവേശിക്കാന്‍ മുനിസിപ്പാലിറ്റി നാലു വ്യവ സ്ഥകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒരേസമയം 20 വാഹനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ഉപയോക്താക്കള്‍ കയ്യുറകളും മാസ്‌കുകളും ധരിക്കുകയും ഒന്നര മീറ്ററില്‍ കുറയാത്ത ദൂരം പാലിക്കുകയും വേണം. 15 മിനുട്ടിനകം സാധനങ്ങള്‍ വാങ്ങിത്തീര്‍ക്കണമെന്നും നഗരസഭ നിബന്ധനയില്‍ വ്യക്തമാക്കി. രാവിലെ ഏഴ് മുതല്‍ ഉച്ച രണ്ടു വരെയാണ് കടക്കാര്‍ക്ക് പച്ചക്കറി ലഭിക്കാനുള്ള സമയം അനുവദിച്ചിട്ടുള്ളത്. ഉച്ച രണ്ടു മുതല്‍ രാത്രി ഏഴ് വരെയാണ് കര്‍ഷിക വിഭവങ്ങള്‍ നല്‍കാനായി കര്‍ഷകര്‍ക്ക് സമയം നല്‍കിയിട്ടുള്ളത്. വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കാന്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുണ്ടാകും. 15 മിനുട്ട് മാത്രമേ വാഹനങ്ങള്‍ക്ക് അനുമതി നല്‍കുകയുള്ളൂ. റാസല്‍ഖൈമയിലെ വിവിധ മത്സ്യ മാര്‍ക്കറ്റുകളിലെ ഫോണ്‍ നമ്പറുകളും മത്സ്യങ്ങളുടെ വിവരങ്ങളും വിലയും സാമൂഹിക മാധ്യമങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താവിന് മത്സ്യ വില്‍പനക്കാരുമായി ആശയ വിനിമയം നടത്തി ഫോണിലൂടെ ഓര്‍ഡറുകള്‍ നല്‍കാനും വീട്ടിലേക്ക് മത്സ്യങ്ങള്‍ എത്തിക്കാനും ഇതിലൂടെ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. വീടുകളിലെത്തിക്കുന്നതിന് റാസല്‍ഖൈമ ഗതാഗത വിഭഗവുമായി സഹകരിച്ച് 17 ദിര്‍ഹമാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. വിതരണം റാസല്‍ഖൈമ എമിറേറ്റില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
പെട്ടികളുടെ വില നിജപ്പെടുത്തി
റാസല്‍ഖൈമ: മത്സ്യം കേടാവാതിരിക്കാന്‍ മാര്‍ക്കറ്റില്‍ വില്‍പന നടത്തുന്ന തെര്‍മോ കൂളര്‍ ബോക്‌സുകളുടെ വില അധികൃതര്‍ നിജപ്പെടുത്തി. 10 കിലോ വരെ മത്സ്യം സൂക്ഷിക്കാവുന്ന വലിയ പെട്ടിക്ക് 10 ദിര്‍ഹമും ആറു കിലോ സൂക്ഷിക്കാവുന്നതിന് എട്ടു ദിര്‍ഹമും നാലു കിലോ സൂക്ഷിക്കാവുന്ന പെട്ടിക്ക് അഞ്ച് ദിര്‍ഹവുമായാണ് നിജപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ഗുണനിലവാരം കൂടുതലുള്ള പെട്ടികള്‍ക്ക് വിലയില്‍ നേരിയ മാറ്റമുണ്ടാകും.