ജലീല്‍ പട്ടാമ്പി
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജന്മനാടുകളിലേക്ക് തിരിച്ചു പോകാനാഗ്രഹിക്കുന്ന പൗരന്മാരെ കൊണ്ടു പോകാത്ത രാജ്യങ്ങള്‍ക്കെതിരെ യുഎഇ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങുന്നു. അത്തരം രാജ്യങ്ങളുമായി യുഎഇക്കുള്ള തൊഴില്‍ കരാറുകള്‍ പുന:പരിശോധിക്കും. ഈ രാജ്യങ്ങളുടെ തൊഴിലാളി റിക്രൂട്ട്‌മെന്റ് ക്വാട്ട വെട്ടിക്കുറക്കാനും യുഎഇ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഏതൊക്കെ രാജ്യങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല.
യുഎഇയിലെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്പനികളുമായുള്ള സഹകരണവും തൊഴില്‍ ബന്ധവും സംബന്ധിച്ചും പുന:പരിശോധനയുണ്ടാകുമെന്ന് മനുഷ്യ വിഭവ-സ്വദേശിവത്കരണ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. പൗരന്മാരെ തിരിച്ചു കൊണ്ടുപോകാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരെ ഭാവിയില്‍ റിക്രൂട്ട് ചെയ്യുമ്പോള്‍ ക്വാട്ട സമ്പ്രദായം അടക്കമുള്ള കണിശമായ നിബന്ധനാകളാണ് ഏര്‍പ്പെടുത്തുകയെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ടില്‍ പറഞ്ഞു. പ്രസ്തുത രാജ്യങ്ങളില്‍ നിന്നുള്ള പരസ്പര ധാരണാപത്രം (എംഒയു -മെമ്മോറാണ്ഡം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ്) റദ്ദാക്കുന്നതടക്കമുള്ള നടപടികളും പരിഗണിക്കും. യുഎഇയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് നേരത്തെ ലീവ് എടുക്കുകയോ, അല്ലെങ്കില്‍ സേവനങ്ങള്‍ അവസാനിപ്പിക്കുകയോ ചെയ്ത പൗരന്മാരെ തിരികെ കൊണ്ടുപോകാത്ത നിരവധി രാജ്യങ്ങളുള്ളതിനാലാണ് ഇത്തരം നീക്കങ്ങളുമായി യുഎഇ രംഗത്തെത്തിയത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്, വിദേശ കാര്യ-രാജ്യാന്തര സഹകരണ മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ അഥോറിറ്റി, നാഷണല്‍ എമര്‍ജെന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അഥോറിറ്റി (എന്‍.സി.ഇ.എം.എ) എന്നിവ ഈയിടെ ഓരോ രാജ്യങ്ങളുടെയും പൗരന്മാരെ അവരവരുടെ നാടുകളിലേക്ക് തിരികെ കൊണ്ടുപോകാനുള്ള മനുഷ്യ കാരുണ്യ സംരംഭം ആരംഭിച്ചിരുന്നു. കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പൗരന്മാരെ മടക്കിക്കൊണ്ടു പോകാന്‍ എല്ലാ രാഷ്ട്രങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രാലയ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കോവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് രോഗം തടയാന്‍ മുന്‍കരുതലെന്ന നിലക്കുള്ള ഈ നീക്കം മനുഷ്യ വിഭവ-സ്വദേശിവത്കരണ മന്ത്രാലയം ഈ മാസമാദ്യം ആരംഭിച്ചത്. ജീവനക്കാര്‍ക്ക് തങ്ങളുടെ വാര്‍ഷിക ലീവ് തീയതികള്‍ സമര്‍പ്പിച്ചോ, അല്ലെങ്കില്‍ തൊഴിലുടമകളില്‍ നിന്നും അണ്‍പെയ്ഡ് ലീവ് സംബന്ധിച്ച് സമ്മതം നേടിയോ മാതൃരാജ്യങ്ങളിലേക്ക് മടങ്ങാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രതിസന്ധി നിറഞ്ഞ അന്തരീക്ഷത്തില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യുഎഇ ഭരണകൂടം നല്‍കുന്ന മികച്ച അവസരമാണിതെന്നും ഈ കാരുണ്യ നീക്കം ഉള്‍ക്കൊള്ളണമെന്നുമാണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നതെന്നാണ് പൊതുവെയുള്ള നിരീക്ഷണം.