റസാഖ് ഒരുമനയൂര്‍
അബുദാബി: പ്രവാസി സമൂഹത്തിന്റെ മുഴുവന്‍ നെഞ്ചകത്ത് നീറ്റല്‍ സൃഷ്ടിച്ച് ഇന്ത്യയില്‍ നിന്ന് മടക്കി അയച്ച മൂന്ന് മൃതദേഹങ്ങളും ഇന്ന് നാട്ടില്‍ സംസ്‌കരിക്കും. ഇന്നലെ രാത്രി ഇത്തിഹാദ് എയര്‍വേസിന്റെ കാര്‍ഗോ വിമാനത്തിലാണ് വീണ്ടും മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയച്ചത്.
രണ്ടു പഞ്ചാബ് സ്വദേശികളുടെയും ഉത്തരാഖണ്ഡ് സ്വദേശിയുടെയും മൃതദേഹങ്ങളാണ് ഇന്നലെ രാത്രി 7.50ന് അബുദാബിയില്‍ നിന്നും ഇവൈ 9809 കാര്‍ഗോ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടു പോയത്. ഇന്ന് രാവിലെ വീടുകളിലെത്തിക്കുന്ന മൃതദേഹങ്ങള്‍ ഉച്ചക്കു മുമ്പായി സംസ്‌കരിക്കും. ബുധനാഴ്ച രാത്രി അബുദാബിയില്‍ നിന്നും കൊണ്ടു പോയ മൃതദേഹങ്ങള്‍ ഇറക്കാന്‍ അനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു. അബുദാബിയില്‍ തിരിച്ചെത്തിയ മൃതദേഹങ്ങള്‍ ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് അയച്ചിരുന്നതെങ്കിലും മൃതദേഹങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടാണ് തിരിച്ചയച്ചയക്കാനിടയാക്കിയത്. മുസഫയിലെ ഇമേജ് ജനറല്‍ കോണ്‍ട്രാക്ടിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്ന ജഗ്‌സീര്‍ സിംഗ് (27) ജോലിസ്ഥലത്തുണ്ടായ അപകടത്തെ തുടര്‍ന്നാണ് മരിച്ചത്. മുസഫയിലെ തന്നെ സര്‍ദാര്‍ ലൈറ്റിംഗ് കമ്പനിയില്‍ ജോലിക്കാരനായിരുന്ന സഞ്ജീവ് കുമാര്‍ (38) ഹൃദയാഘാതം മൂലമാണ് മരിച്ചത്. മൃതദേഹങ്ങള്‍ തിരിച്ചയച്ച വാര്‍ത്ത ലക്ഷക്കണക്കായ പ്രവാസികളെയും ബന്ധുക്കളെയും ഞെട്ടിച്ചിരുന്നു. കേന്ദ്ര നിലപാടിനെതിരെ ശക്തമായ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളുമാണ് എങ്ങും ഉയര്‍ന്നത്. ഒടുവില്‍ നിലപാട് മാറ്റാന്‍ കേന്ദ്രം നിര്‍ബന്ധിതരാവുകയായിരുന്നു.
ഓരോ ദിവസവും വിവിധ ഗള്‍ഫ് നാടുകളില്‍നിന്ന് നിരവധി മൃതദേഹങ്ങളാണ് ഇന്ത്യയിലെ വിവിധി വിമാനത്താവളത്തില്‍ എത്തുന്നത്. വിലക്ക് ഏര്‍പ്പെടുത്തിയ ദിവസങ്ങളില്‍ ഗള്‍ഫിലെ വിവിധ മോര്‍ച്ചറികളിലായി നിരവധി മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ ക്കായി കാത്തുകിടപ്പുണ്ടായിരുന്നു. വിലക്ക് നീങ്ങി ഇന്നലെയാണ് വീണ്ടും കൊണ്ടുപോകുന്നതിനുള്ള അനുമതി ഇന്ത്യന്‍ എംബസിക്ക് ലഭിച്ചത്. തുടര്‍ന്ന് ബന്ധപ്പെട്ടവരെ എംബസി വിവരം അറിയിക്കുകയും നടപടികള്‍ പൂര്‍ത്തീകരിക്കുകയുമായിരുന്നു.
മരണ വിവരമറിയാത്ത അമ്മക്ക് മുന്നിലേക്ക്
എത്തുന്നത് ജീവനില്ലാത്ത ഏകമകന്‍
തന്റെ ഏക ആണ്‍തിരി പൊന്നു വിളയുന്ന നാട്ടില്‍ നിന്നും ഫോണ്‍ വി ളികളും സന്തോഷ വര്‍ത്തമാനങ്ങളും കാത്തിരിക്കുന്ന ജഗ്‌സിര്‍ സിംഗിന്റെ അമ്മയുടെ മുന്നിലേക്ക് ജീവനില്ലാത്ത ശരീരമാണ് ഇന്നെത്തുക. പഞ്ചാബിലെ ചണ്ഡീഗറിലെ പാഖോ കലാനില്‍ വീട്ടില്‍ കഴിയുന്ന അമ്മ മകന്റെ മരണ വിവരം ഇതുവരെ അറിഞ്ഞിട്ടില്ല.
തന്റെ ഏകമകന്റെ മരണ വാര്‍ത്ത അവര്‍ക്ക് താങ്ങാനാവുന്നതിലേറെയായിരിക്കുമെന്നതുകൊണ്ടാണ് മരണം നടന്നു രണ്ടാഴ്ചയോളമായിട്ടും ബന്ധുക്കള്‍ ഇതുവരെ മരണവിവരം അറിയിക്കാത്തത്. മകന് അപകടം സംഭിവിച്ചുവെന്നും മികച്ച ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുവരുമെന്നും മാത്രമാണ് അമ്മ ജസ്‌വസ്ന്ത് കോറിനോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇന്ന് തന്റെ മകന്റെ മൃതദേഹം മുന്നിലെത്തുന്നതോടെ അവര്‍ താങ്ങാനാവാത്ത ദു:ഖത്തിനുടമയായി മാറുകയാണ്.
അവിവാഹിതനായ ജഗ്‌സിര്‍ സിംഗ് മൂന്നുമാസം മുമ്പ് മാത്രമാണ് ജോലി തേടി അബുദാബിയിലെത്തിയത്. ജോലിയില്‍ പ്രവേശിച്ചു കൃത്യം രണ്ടുമാസം പൂര്‍ത്തിയാകുന്ന ദിവസം വിധി ഈ യുവാവിനെ മരണത്തിന്റെ രൂപത്തിലെത്തി തട്ടിയെടുക്കുകയായിരുന്നു.
മാനുഷിക പരിഗണന കാട്ടി യുഎഇ
ദേശീയ എയര്‍ലൈന്‍ ഇത്തിഹാദ് എയര്‍വേസ്
പിറന്നു വീണ സ്വന്തം നാട്ടിലുള്ളവരുടെ കരുണ അന്യമായിപ്പോകുന്ന കാലത്ത് പതിറ്റാണ്ടുകളായി അന്നം തരുന്ന നാടും ഈ നാട്ടുകാരും പ്രവാസികള്‍ക്ക് തുണയായി മാറുന്ന മഹനീയ മാതൃക തുടരുന്നു.
കഴിഞ്ഞദിവസം ഇന്ത്യയില്‍ നിന്നും മടക്കി അയച്ച മൃതദേഹങ്ങള്‍ ഇന്നലെ വീണ്ടും ഇത്തിഹാദ് എയര്‍വേസിലാണ് നാട്ടിലേക്ക് കൊണ്ടുപോയത്. തങ്ങളുടേതല്ലാത്ത കാരണത്താല്‍ മടക്കിക്കൊണ്ടു വരുന്ന യാത്രക്കാരെയോ വസ്തുക്കളോ കാര്‍ഗോയുമായി ബന്ധപ്പെട്ട മറ്റുള്ളവയോ വീണ്ടും കൊണ്ടു പോകണമെങ്കില്‍ നിരക്ക് ഈടാക്കുമെന്നത് സാധാരണ പതിവും നിയമവുമാണ്.
എന്നാല്‍ ഇത്തിഹാദ് എയര്‍വേസ് ഇന്നലെ മൂന്നുമൃതദേഹങ്ങള്‍ വീണ്ടും നാട്ടിലേക്ക് കൊണ്ടുപോയത് തികച്ചും സൗജന്യമായിട്ടായിരുന്നു. ഒരുപക്ഷെ പ്രവാസികളുടെ സ്വന്തം ദേശീയ എയര്‍ലൈനായ എയര്‍ഇന്ത്യ പോലും ചെയ്യാന്‍ മടിക്കുന്ന കാര്യമാണ് യുഎഇ ദേശീയ എയര്‍ലൈന്‍ ചെയ്തതെന്നത് ശ്രദ്ധേയമാണ്. എല്ലാവരും അവഗണിക്കുമ്പോള്‍ താങ്ങായി കൂടെചേര്‍ത്തുനിര്‍ത്താന്‍ ഗള്‍ഫ് നാടുകളും ഇവിടുത്തെ ഭരണാധികാരിക ളും അനുബന്ധ സ്ഥാപനങ്ങളും ഉണ്ടെന്നത് പ്രവാസികള്‍ക്ക് നല്‍കുന്ന ആശ്വാസം വില മതിക്കാനാവാത്തതാണ്.
സ്വദേശി സ്ഥാപനങ്ങളിലും നിരവധി സ്വദേശി ഭവനങ്ങളിലും ജോലി ചെയ്യുന്ന പ്ര വാസികള്‍ക്ക് ഇത്തരത്തിലുള്ള ഏറെ അനുഭവങ്ങള്‍ പങ്കുവെക്കാനുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ നല്‍കുന്ന ആശ്വാസ വചനങ്ങളും പ്രായസങ്ങളില്‍ നല്‍കുന്ന സഹായങ്ങ ളും ഒരിക്കലും വിസ്മരിക്കാനാവാത്തതാണെന്ന് യുഎഇ ആവര്‍ത്തിച്ചു തെളിയിച്ചുകൊണ്ടിരിക്കുന്നു.