റിയാദ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സഊദി അറേബ്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മുലം പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് താല്‍ക്കാലിക ആശ്വാസമേകാനുള്ള പദ്ധതിയുമായി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി. കര്‍ഫ്യൂവും യാത്രാ വിലക്കുമടക്കമുള്ള ശക്തമായ നിയന്ത്രണങ്ങള്‍ക്കിടയില്‍ പലര്‍ക്കും ജോലിയും വരുമാനവുമില്ലാത്ത സ്ഥിതി വിശേഷം സംജാതമായിട്ടുണ്ടെന്നും ലേബര്‍ ക്യാമ്പുകളിലും കുടുംബവുമൊത്ത് താമസിക്കുന്നവര്‍ക്കടക്കം നിത്യച്ചെലവിന് പോലും പ്രയാസപ്പെടുന്ന സാഹചര്യമാണുള്ളതെന്നും യോഗം വിലയിരുത്തി. ആദ്യ ഘട്ടമായി ഇവരില്‍ അര്‍ഹതപ്പെട്ടവരെ കണ്ടെത്തി രണ്ടാഴ്ചത്തെ ഭക്ഷണ വസ്തുക്കളും മരുന്നുകളുമടക്കം വിതരണം ചെയ്യാനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. കോവിഡ് 19 റിലീഫ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിവിധ ഘടകങ്ങളുടെ പ്രധാന പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഉപ സമിതിക്ക് രൂപം നല്‍കി. സഊദി ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വീട്ടിലിരുന്നു കൊണ്ടു തന്നെ രോഗ പ്രതിരോധ മാഗങ്ങള്‍ അവലംബിക്കാന്‍ പ്രവാസി സമൂഹം രംഗത്തുള്ളത് ആശ്വാസകരമാണെന്നും അതിനാല്‍ വൈറസ് വ്യാപനം തടയാന്‍ ഇതേറെ സഹായകമാണെന്നും യോഗം ചൂണ്ടിക്കാട്ടി. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴിലുള്ള വെല്‍ഫെയര്‍ വിംഗ് പ്രവര്‍ത്തകരെ യോഗം പ്രാത്യേകം അഭിനന്ദിച്ചു. ഓണ്‍ലൈന്‍ യോഗത്തില്‍ പ്രസിഡണ്ട് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. ഓര്‍ഗ.സെക്രട്ടറി ജലീല്‍ തിരൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ സലാം തൃക്കരിപ്പൂര്‍, യു.പി മുസ്തഫ, കെ.ടി അബൂബക്കര്‍, അബ്ദുല്‍ മജീദ് പയ്യന്നൂര്‍, കബീര്‍ വൈലത്തൂര്‍, ഷംസു പെരുമ്പട്ട, മുസ്തഫ ചീക്കോട്, മുജീബ് ഉപ്പട, മാമുക്കോയ തറമ്മല്‍, ഷാഹിദ് മാസ്റ്റര്‍, നാസര്‍ മാങ്കാവ്, റസാഖ് വളക്കൈ, നൗഷാദ് ചാക്കീരി ചര്‍ച്ചയില്‍ പങ്കെടുത്തു. ആക്ടിംഗ് സെക്രട്ടറി അരിമ്പ്ര സുബൈര്‍ സ്വാഗതവും സെക്രട്ടറി സഫീര്‍ തിരൂര്‍ നന്ദിയും പറഞ്ഞു.