പ്രയാസപ്പെടുന്നവര്‍ക്ക് എംബസി സഹായം എത്തിക്കണം: റിയാദ് വനിതാ കെഎംസിസി

റിയാദ് കെഎംസിസി വനിതാ വിംഗ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംഗമത്തില്‍ നിന്ന്‌

റിയാദ്: കൊറോണ വൈറസ് വ്യാപനം വഴി സഊദി ഭരണകൂടം നടപ്പാക്കിയ കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായി പ്രയാസമനുഭവിക്കുന്നവര്‍ക്ക് ഇന്ത്യന്‍ എംബസി അടിയന്തിര സഹായം ഉറപ്പു വരുത്തണമെന്ന് റിയാദ് കെഎംസിസി വനിതാ വിംഗ് സംഘടിപ്പിച്ച സംഗമം ആവശ്യപ്പെട്ടു. സൂം ആപ്പ് വഴി നടത്തിയ സംഗമം വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ ഖമറുന്നിസ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി ജസീല മൂസ അധ്യക്ഷത വഹിച്ചു. ജോലിക്ക് പോകാനാവാതെ താമസ സ്ഥലത്ത് കഴിയുന്ന ധാരാളം കുടുംബങ്ങള്‍ റിയാദിലുണ്ട്. അവര്‍ക്ക് എംബസിയുടെ സോഷ്യല്‍ വെല്‍ഫെയര്‍ ഫണ്ട് ഉപയോഗപ്പെടുത്തി ഭക്ഷണ വിതരണം കാര്യക്ഷമതയോടെ നടത്തണം. രോഗികളും ഗര്‍ഭിണികളും വിസാ കാലാവധി കഴിഞ്ഞ കുടുംബങ്ങളുമുള്‍പ്പടെ അടിയന്തിരമായി ഇന്ത്യയിലേക്ക് മടങ്ങേണ്ടവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാവണമെന്നും സംഗമം ആവശ്യപ്പെട്ടു. രോഗം ബാധിച്ച മലയാളി കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന പലര്‍ക്കും ഭക്ഷണക്കിറ്റ് എത്തിക്കാനും വനിതാ കെഎംസിസി പ്രവര്‍ത്തകര്‍ക്ക് ഇതിനകം സാധിച്ചിട്ടുണ്ട്. ‘കൊറോണക്കാലത്തെ വീട്ടുവാസം, വിരസതയകറ്റി ഗുണകരമാക്കാം’ എന്ന വിഷയത്തെ അധികരിച്ച് ഇന്ത്യന്‍ എംബസി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മൈമൂന ടീച്ചര്‍ സംഗമത്തില്‍ ക്‌ളാസെടുത്തു. ദൈവത്തിലുള്ള അചഞ്ചല വിശ്വാസം മുറുകെ പിടിച്ചും ഭരണകൂടങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചും മുന്നോട്ട് പോകണമെന്ന് ടീച്ചര്‍ അഭിപ്രായപ്പെട്ടു. സാമൂഹിക അകലം ഉറപ്പ് വരുത്തണം. ശുചിത്വ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവരുത്. വ്യക്തിപരമായി പലര്‍ക്കും പല കഴിവുകളുമുണ്ട്. സര്‍ഗാത്മകമായ അത്തരം കഴിവുകളെ പരിപോഷിപ്പിക്കാന്‍ ഈ സമയത്തെ ഉപയോഗപ്പെടുത്തണം. സമൂഹത്തിന് ആശ്വാസമാകുന്ന കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയേണ്ടതുണ്ട്. ധാര്‍മിക ബോധമുള്ള ഒരു കുടുംബത്തെ നിര്‍മിച്ചെടുക്കാനും ഈ സന്ദര്‍ഭത്തെ ഉപയോഗപ്പെടുത്താന്‍ കുടുംബിനികള്‍ ശ്രദ്ധിക്കണമെന്നും ടീച്ചര്‍ പറഞ്ഞു. നദീറ ഷംസ്, ഷിംന അബ്ദുല്‍ മജീദ്, ഹസ്ബിന നാസര്‍, താഹിറ മാമുക്കോയ, ഷഹര്‍ബന്‍, ഫസ്‌ന ഷാഹിദ്, നജ്മ ഹാഷിം, സാറ നിസാര്‍, സാബിറ മുസ്തഫ പ്രസംഗിച്ചു. സൗദ മുഹമ്മദ് സ്വാഗതവും ട്രഷറര്‍ നുസൈബ മാമു നന്ദിയും പറഞ്ഞു.