സാലറി ചലഞ്ച് നിര്‍ബന്ധമാക്കരുത്;ആരോഗ്യവകുപ്പ് ജീവനക്കാരെ ഒഴിവാക്കണം: പ്രതിപക്ഷം

11

സാലറി ചലഞ്ച് നിര്‍ബന്ധമാക്കാന്‍ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജീവനക്കാരുടെ സംഘടനകളുമായി വിഷയം ചര്‍ച്ച ചെയ്യണം. സാലറി ചാലഞ്ചിന് പ്രത്യേക അക്കൗണ്ട് ഉണ്ടാക്കണമെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രളയ ദുരിതാശ്വാസ ഫണ്ട് പ്രത്യേക അക്കൌണ്ടില്‍ സൂക്ഷിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ഇതിന്റെ അനന്തരഫലങ്ങളും പിന്നീട് കാണാന്‍ കഴിഞ്ഞു. അര്‍ഹതപ്പെട്ട പലയാളുകള്‍ക്കും സഹായം ലഭിച്ചില്ലെന്ന് മാത്രമല്ല, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സി.പി.എം പ്രവര്‍ത്തകര്‍ തന്നെ ഫണ്ടില്‍ നിന്ന് തുക വെട്ടിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകളാണ് പുറത്തുവരുന്നത്. ഇതെല്ലാം പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ്.
അതോടൊപ്പം തന്നെ പ്രളയകാലത്തെ ഫണ്ട് ഉപയോഗിച്ച്, തദ്ദേശറോഡ് പുനരുദ്ധാരണപദ്ധതിയില്‍നിന്ന് പ്രതിപക്ഷ എം.എല്‍.എമാരെ പാടെ ഒഴിവാക്കി. 2011 റോഡുകള്‍ അനുവദിച്ചതില്‍ 135 റോഡുകള്‍ മാത്രമാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് നല്‍കിയത്. 35 പ്രതിപക്ഷ എം.എല്‍.എ.മാര്‍ക്ക് ഒരു റോഡ് പോലും അനുവദിച്ചില്ല എന്നത് തികച്ചും അന്യായവും പ്രതിഷേധാര്‍ഹവുമാണ്.
സാലറിചലഞ്ച് യോജിക്കാവുന്ന തീരുമാനമാണ്. എന്നാല്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരെയും പൊലീസ് സേനയെയും അഗ്‌നിശമന സേനാ വിഭാഗത്തിലെയും റവന്യൂ വകുപ്പിലെ ചില വിഭാഗങ്ങളെയും സാലറി ചാലഞ്ചില്‍ നിന്ന് ഒഴിവാക്കണം. ഏറ്റവും ശമ്പളം കുറഞ്ഞ സ്ഥിരം ജീവനക്കാരെയും താല്‍ക്കാലിക ജീവനക്കാരെയും ഒഴിവാക്കണം.
കൃഷിയെയും അനുബന്ധപ്രവര്‍ത്തനങ്ങളെയും ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയ കേന്ദ്ര ഉത്തരവ് കേരളത്തിലും നടപ്പാക്കണം. ഉല്പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയാതെ കൃഷിക്കാന്‍ പ്രയാസത്തിലാണ്. കാഷ്യു, റബ്ബര്‍, പൈനാപ്പിള്‍ തുടങ്ങിയവ വാങ്ങുന്ന കച്ചവടക്കാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം എങ്കിലും കടകള്‍ തുറക്കാന്‍ അനുവാദം നല്‍കണം. കാഷ്യു കോര്‍പ്പറേഷനും കാപ്പക്സും കശുവണ്ടി സംഭരണം ഫലപ്രദമായി നടപ്പിലാക്കണം.
റബര്‍ കൃഷിക്കാരില്‍ നിന്നും റബ്ബര്‍ വാങ്ങാന്‍ സംവിധാനം ഉണ്ടാക്കണം. കര്‍ഷക പെന്‍ഷന്‍  6 മാസത്തെ കുടിശ്ശിക എങ്കിലും നല്‍കണം. മലബാറില്‍ പാല്‍ സംഭരണം നീട്ടിവയ്ക്കാനുള്ള മില്‍മയുടെ തീരുമാനം പുനഃപരിശോധിക്കണം. പാലക്കാട് ചിറ്റൂരില്‍ നടന്ന പാല്‍ ഒഴുക്കി കളയുന്ന അവസ്ഥ ഇനിയുണ്ടാവരുത്. വയനാടില്‍നിന്നുള്ള നിരവധി കര്‍ഷകര്‍ കര്‍ണ്ണാടകത്തില്‍ നേന്ത്രവാഴക്കൃഷി നടത്തുന്നുണ്ട്. ഇവര്‍ക്ക് ആര്‍ക്കും നിരോധനം ഉള്ളതിനാല്‍ കര്‍ണാടകത്തില്‍ എത്താന്‍ കഴിയുന്നില്ല. സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തി ഈ നേന്ത്രക്കുലകള്‍ കേരളത്തില്‍ വില്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.