ദുബൈ: സാനിറ്റൈസര്‍ ഉല്‍പന്നങ്ങള്‍ എന്ന് ലേബല്‍ ചെയ്തിട്ടുള്ള എയര്‍ ഫ്രെഷനറുകള്‍ വില്‍ക്കാന്‍ ശ്രമിച്ച കള്ളക്കച്ചവടക്കാര്‍ ഷാര്‍ജയില്‍ പിടിയില്‍. ഇവര്‍ക്ക് കനത്ത പിഴ ഈടാക്കും. എമിറേറ്റിലുടനീളം നടത്തിയ പരിശോധനയില്‍ ഷാര്‍ജ സാമ്പത്തിക വികസന വകുപ്പ് വ്യാജ വസ്തുക്കള്‍ പിടിച്ചെടുത്തു. കൊറോണ വൈറസ് വ്യാപനത്തിനിടയില്‍ പൊതുജനങ്ങളുടെ സുരക്ഷയെ ചൂഷണം ചെയ്യുന്ന കുറ്റവാളികളെ തടയാന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. എമിറേറ്റുകളിലുടനീളമുള്ള ഔട്ട്ലെറ്റുകള്‍ ശുചിത്വ ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹാന്‍ഡ് സാനിറ്റൈസര്‍ പോലുള്ളവ സമീപ ആഴ്ചകളില്‍ താമസക്കാര്‍ അണുബാധയില്‍ നിന്നും രക്ഷനേടാന്‍ സ്ഥിരമായി ഉപയോഗിക്കുന്നു. വ്യാജ സാധനങ്ങള്‍ കണ്ടുകെട്ടുകയും വില്‍പ്പനയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു. ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ഈടാക്കുമെന്നും കൂടുതല്‍ ശിക്ഷയ്ക്കായി പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യും. നിരവധി പേര്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുന്ന സമയത്ത് ഇത്തരം കള്ളക്കച്ചവടക്കാരില്‍ നിന്നും വ്യക്തികളില്‍ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനായി അതോറിറ്റി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് എസ്ഇഡിഡി ചെയര്‍മാന്‍ സുല്‍ത്താന്‍ അബ്ദുല്ല ബിന്‍ ഹദ്ദ അല്‍ സുവൈദി പറഞ്ഞു. ഉപഭോക്തൃ ചട്ടലംഘനം നടത്തുന്നവരെ പിടികൂടാന്‍ 8000000 എന്ന നമ്പറില്‍ എസ്.ഇ.ഡി.ഡിയുമായി ബന്ധപ്പെടാനോ അല്ലെങ്കില്‍ പരാതി നല്‍കാന്‍www.shjconsumer.ae സന്ദര്‍ശിക്കാനോ അഭ്യര്‍ത്ഥിച്ചു.