3 മരണം, 364 പേര്‍ക്ക് കൂടി ബാധ; 685 പേര്‍ക്ക് രോഗം ഭേദമായി

റിയാദ്: സഊദി അറേബ്യയില്‍ വെള്ളിയാഴ്ച 364 പേര്‍ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രോഗബാധിതരുടെ എണ്ണം 3,651 ആയി. മൂന്നു പേര്‍ കൂടി ഇന്നലെ മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 47 പേരായി മാറി. 2,577 പേര്‍ രാജ്യത്തെ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. 685 പേര്‍ക്ക് രോഗം ഭേദമായി. മക്ക 90, മദീന 78, റിയാദ് 69, ജിദ്ദ 54, തബൂക്ക് 22, ഖത്തീഫ് 12, ബുറൈദ 9, ദമ്മാം 6, ഹൊഫൂഫ് 5, തായിഫ് 4, അല്‍ഖര്‍ജ് 3, ദഹ്‌റാന്‍ 2, ഖുന്‍ഫുദ 2, യാമ്പു 2, ജുബൈല്‍ 1, ഖുലൈസ് 1, ദരയ്യ 1, രാസ്തനുറ 1, ഹനാക്കിയ 1, അറാര്‍ 1 എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സഊദിയുടെ പ്രധാന നഗരങ്ങളിലെല്ലാം 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. മദീനയുടെ ചില ഭാഗങ്ങളില്‍ കര്‍ഫ്യൂ കുറേക്കൂടി കര്‍ശനമാക്കി. ഈ ഭാഗങ്ങളില്‍ തീരെ പുറത്തിറങ്ങാന്‍ പാടില്ല. ഭക്ഷണ വിതരണവും വൈദ്യ സഹായവും യഥാക്രമം മാനവ ശേഷി മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഏറ്റെടുത്തു. അല്‍ ശുറൈബാത്ത്, ബനീ ദഫര്‍, ഖുര്‍ബാന്‍, അല്‍ ജുമുഅ, ബനീ ഖുദ്ര, ഇസ്‌കാനിന്റെ ഒരു ഭാഗം എന്നിവിടങ്ങളിലാണ് മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കിയത്.
രോഗ വ്യാപനം തടയുന്നതിന് ഭരണകൂടം കൈക്കൊള്ളുന്ന നടപടികളുമായി എല്ലാവരും സഹകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. രോഗ ലക്ഷണമുള്ളവര്‍ 937 നമ്പറില്‍ ബന്ധപെട്ട് ചികിത്സ തേടണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.