സഊദിയില്‍ മൂന്ന് മരണം; 1223 പേര്‍ക്ക് രോഗബാധ

കര്‍ഫ്യൂ സമയത്ത് യാത്ര ചെയ്യാന്‍ അനുമതിയുള്ള രേഖ സഊദി പൊലീസ് ഓഫീസറെ കാണിക്കുന്ന ഡ്രൈവര്‍ (ചിത്രം: എസ്പിഎ)

2,357 പേര്‍ക്ക് രോഗം ഭേദമായി

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ ഞായറാഴ്ച മൂന്ന് പേര്‍ മരിച്ചതോടെ കോവിഡ് 19 മൂലം ആകെ മരിച്ചവരുടെ എണ്ണം 139 ആയി. പുതുതായി 1,223 പേര്‍ക്ക് രോഗബാധ കണ്ടെത്തിയതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 17,522 ആയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 142 പേര്‍ കൂടി രോഗമുക്തി നേടിയതോടെ 2,357 പേര്‍ക്ക് രോഗം പൂര്‍ണമായി മാറി ആസ്പത്രി വിട്ടു. 15,026 പേര്‍ വിവിധയിടങ്ങളിലായി ആസ്പത്രികളിലുണ്ട്. 115 പേരുടെ നില ഗുരുതരമായി തുടരുന്നതായും അദ്ദേഹം അറിയിച്ചു.
മേഖലാടിസ്ഥാനത്തില്‍ ഞായറാഴ്ച ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയിലാണ്. 272 കേസുകളാണ് ഇന്നലെ പുണ്യനഗരിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മറ്റിടങ്ങളിലെ കണക്ക് ഇപ്രകാരം: റിയാദ് 267, മദീന 217, ജിദ്ദ 117, ബെയ്ശ് 113, ഉനൈസ 54, ദമ്മാം 51, ബുറൈദ 20, ജുബൈല്‍ 19, ഹുഫൂഫ് 17, ബഖീഖ് 17, അല്‍ആരിദ 14, താഇഫ് 10, അബുആരീഷ് 10, ഖുലൈസ് 3, തബൂക്ക് 3, സുല്‍ഫി 3, സാജിര്‍ 3, ഖതീഫ് 2, ഹഫര്‍ അല്‍ബാതിന്‍ 2, ഖുറയാത്ത് 2, വാദി ദവാസിര്‍ 2, അല്‍മജാരിദ 1, ഖമീസ് മുശൈത്ത് 1, അല്‍ഖോബാര്‍ 1, ജിസാന്‍ 1, അറാര്‍ 1.
വ്യാപകമായി ഫീല്‍ഡ് ടെസ്റ്റിംഗ് ആരംഭിച്ചതോടെ അനേകം കോവിഡ് കേസുകള്‍ കണ്ടെത്താന്‍ സാധിക്കുന്നുണ്ടെന്ന് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ രോഗബാധയേറ്റവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണം നൂറ്റമ്പതിലധികം മെഡിക്കല്‍ സംഘങ്ങളുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഫീല്‍ഡ് ടെസ്റ്റിംഗ് ആണെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ റമദാനിലും ഈ പരിശോധന തുടരുമെന്നും രാജ്യത്തെ കോവിഡ് മുക്തമാക്കുന്നതില്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുള്ള കര്‍ഫ്യൂവില്‍ റമദാന്‍ പ്രമാണിച്ച് അയവ് വരുത്തിയിട്ടുണ്ടെങ്കിലും സേവനങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ വേണ്ടിയാണ്. സൗകര്യങ്ങള്‍ ആരും ദുരുപയോഗം ചെയ്യരുതെന്നും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.