ദുബൈ/ഷാര്‍ജ: മൂന്നാം സെമസ്റ്റര്‍ ഗതാഗത ഫീസ് എല്ലാ സ്‌കൂളുകളും മാതാപിതാക്കള്‍ക്ക് തിരികെ നല്‍കണമെന്ന് ദുബൈയിലെയും ഷാര്‍ജയിലെയും വിദ്യാഭ്യാസ അധികൃതര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. ഏപ്രില്‍ 5 ന് പുതിയ അക്കാദമിക് സെഷന്‍ ആരംഭിക്കാത്തതിനാല്‍ എല്ലാ ഇന്ത്യന്‍, പാകിസ്ഥാന്‍ സ്‌കൂളുകളും ടേം 1 നുള്ള ബസ് ഫീസ് തിരികെ നല്‍കുമെന്ന് ദുബൈയിലെ നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അറിയിപ്പില്‍ പറയുന്നു. കൊറോണ വൈറസ് തടയുന്നതിനുള്ള തുടര്‍ നടപടികളുടെ ഭാഗമായി കുട്ടികള്‍ വീടുകളില്‍ നിന്ന് വിദൂര പഠനം തുടരുന്നതിനാല്‍ ബസ് ഫീസ് സംബന്ധിച്ച മാതാപിതാക്കളുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള കെഎച്ച്ഡിഎയുടെ ശ്രമങ്ങള്‍ക്ക് അനുസൃതമായാണ് ഈ നീക്കം. അതേസമയം എമിറേറ്റിലെ സ്വകാര്യ, ഏഷ്യന്‍ സ്‌കൂളുകള്‍ക്ക് റീഫണ്ട് പ്രശ്‌നം ഉള്‍പ്പെടുത്തി രണ്ട് സര്‍ക്കുലറുകളും ഷാര്‍ജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി ബുധനാഴ്ച നല്‍കി. സ്വകാര്യ സ്‌കൂളുകള്‍ ഗതാഗത, പോഷകാഹാര ഫീസ് തിരികെ നല്‍കണമെന്നും മൂന്നാം സെമസ്റ്ററില്‍ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും പ്രയോജനം ലഭിക്കാത്ത മറ്റ് ഫീസുകള്‍ നല്‍കണമെന്നും അറിയിപ്പില്‍ പറയുന്നു. അതോറിറ്റിയുടെ കണക്കനുസരിച്ച് ഏപ്രില്‍ 5 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മുഴുവന്‍ ട്യൂഷന്‍ ഫീസും മാതാപിതാക്കള്‍ നല്‍കണം. ഏപ്രില്‍ 5 ന് ആരംഭിക്കുന്ന ആദ്യ സെമസ്റ്ററില്‍ ഏഷ്യന്‍ സ്‌കൂളുകള്‍ ഗതാഗത, പോഷകാഹാര ഫീസ് ശേഖരിക്കരുതെന്നും വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും പ്രയോജനം ലഭിക്കാത്ത മറ്റ് ഫീസുകളും തിരികെ നല്‍കണമെന്ന്് സര്‍ക്കുലറില്‍ പറയുന്നു. ട്യൂഷന്‍ ഫീസ് മാത്രമേ ശേഖരിക്കാവൂ. ഷാര്‍ജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി വ്യക്തമാക്കി.