സമര്‍പ്പണമായിരിക്കണം നമ്മുടെ പ്രവര്‍ത്തനം

ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍

പ്രിയ കെഎംസിസി പ്രവര്‍ത്തകരേ,
കോവിഡ് 19ന്റെ താണ്ഡവത്തില്‍ ലോകം യാതനയുടെ തീച്ചൂളയിലായ സമയമാണിത്. നമ്മള്‍ ഉപജീവനം തേടിയെത്തിയ ഈ രാജ്യവും മഹാമാരിയുടെ ഭാഗമായി. രാജ്യവും ജനങ്ങളും രോഗത്തിന്റെ കടന്നാക്രമണം അതിജീവിക്കാനുള്ള നിതാന്ത പോരാട്ടത്തിലാണ്. സ്വദേശികളെ രോഗ വ്യാപനത്തില്‍ നിന്നും സുരക്ഷിതമാക്കാന്‍ പ്രയത്‌നിക്കുന്ന മട്ടിലും ഭാവത്തിലും തന്നെയാണ് വിദേശികളെയും രോഗക്കെടുതിയില്‍ നിന്ന് കരയ്‌ക്കെത്തിക്കാന്‍ യുഎഇ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ഔദ്യോഗിക കേന്ദ്രങ്ങള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും സഹായകമായി കെഎംസിസിയുടെ പ്രവര്‍ത്തകരും കൈ മെയ് മറന്ന് രക്ഷാ ദൗത്യങ്ങള്‍ക്കിറങ്ങി. നിങ്ങളുടെ ആരോഗ്യവും ആത്മാര്‍ത്ഥതയും കൊണ്ട് രോഗഭീതി താണ്ടിക്കടന്നവര്‍ നിരവധിയാണ്. ഇവിടത്തെ അധികാരികളും മാധ്യമങ്ങളും അത് കാണുകയും അനുഭവിക്കുകയും ചെയ്തു. കെഎംസിസി എന്ന സംഘടനയുടെ പിറവി കൊണ്ട് പൂര്‍വികരും നമ്മുടെ നേതാക്കളും സ്വപ്നം കണ്ട കാര്യങ്ങള്‍ നിങ്ങളുടെ കര്‍മശേഷി കൊണ്ട് അര്‍ത്ഥം പകര്‍ന്ന നാളുകളാണ് കടന്നു പോയത്.
ഈ ദുരന്ത മുഖത്ത് നിലയുറപ്പിച്ച നമ്മുടെ ലക്ഷ്യത്തിലും ചിന്തയിലും താളപ്പിഴ സംഭവിക്കാതെ ശ്രദ്ധിക്കണം. മാധ്യമ വാഴ്ത്തലുകളിലും ജനങ്ങളുടെ നന്ദി വാക്കുകളിലും മനം മറന്ന്, ആത്യന്തികമായ നന്മ നാമാവശേഷമാവരുത്.
ആത്മപ്രശംസയില്‍ നിര്‍വൃതിയടയുന്നത് ശുഭസൂചനയല്ലാത്തതു കൊണ്ടാണ് ”നിങ്ങള്‍ സ്വയം പ്രശംസിക്കരുത്” എന്ന് ഖുര്‍ആന്‍ ഉണര്‍ത്തിയത്.
നമുക്ക് ഈ മഹാമാരിയെ മനുഷ്യരില്‍ നിന്നും തുരത്താന്‍ ഇനിയും കര്‍മനിരതരാവേണ്ടതുണ്ട്. അതിന് പോറലേല്‍പ്പിക്കുന്ന വിധത്തിലും മാര്‍ഗഭ്രംശം സംഭവിപ്പിക്കുന്ന രീതിയിലും വാക്കിലോ പെരുമാറ്റത്തിലോ ഒന്നും ഉണ്ടാവരുതെന്ന ദൃഢപ്രതിജ്ഞ ഓരോ പ്രവര്‍ത്തകരിലുമുണ്ടാവണം.
നാം മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നതും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നതും അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്.
അതായിരിക്കണം കെഎംസിസി പ്രവര്‍ത്തകരുടെ എക്കാലത്തെയും നിയ്യത്ത്. നമ്മള്‍ മറ്റു സംഘടനകളും സംവിധാനങ്ങളുമായി ഒരു മത്സരത്തിലോ പോരാട്ടത്തിലോ അല്ല. ഇതര സംഘടനകളെയോ സംവിധാനങ്ങളെയോ ഇകഴ്ത്താനും ചെറുതാക്കിക്കാണിക്കാനും ആവരുത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍. അവരുടെ പ്രവര്‍ത്തനങ്ങള്‍ ചെറുതാക്കി കാണുന്നതും നമ്മുടേത് വലുതാക്കി കാണിക്കുന്നത് പോലും ശരിയല്ല. ‘അണ്ണാരക്കണ്ണനും തന്നാലായത്’ എന്നാണ് പണ്ടുള്ളവര്‍ പറയുക. ഓരോരുത്തര്‍ക്കും അവരവരുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മഹത്തായതായിരിക്കും. മാനുഷിക സേവനങ്ങള്‍ നിര്‍ലോഭം ലഭിക്കേണ്ട സമയവുമാണിത്.
നമുക്ക് ലഭിച്ച സൗകര്യങ്ങളും അനുഗ്രഹങ്ങളും ദൈവം നല്‍കിയതാണ് എന്ന ഉറച്ച വിശ്വാസമാണ് നമ്മുടെ വിജയത്തിന്റെ നിദാനം. കെഎംസിസി എന്ന മഹദ് പ്രസ്ഥാനത്തിന് ലഭിച്ച അംഗീകാരം, പൊതുജന സ്വീകാര്യതയും താഴെത്തട്ടിലുള്ള നിസ്വാര്‍ത്ഥരും നിഷ്‌കാമകര്‍മികളുമായ കെഎംസിസിയുടെ പ്രവര്‍ത്തകര്‍ പതിറ്റാണ്ടുകളായി യുഎഇയുടെ മണ്ണില്‍ ചെയ്തു വരുന്ന സമര്‍പ്പിതമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കണ്ടറിഞ്ഞ നല്ലവരും ഉദാരമനസ്‌കരുമായ യുഎഇയുടെ ഭരണാധികാരികള്‍ നമ്മുടെ പ്രസ്ഥാനത്തിന് ചാര്‍ത്തിത്തന്ന സ്‌നേഹത്തിന്റെ കയ്യൊപ്പാണ്.
പിന്തുടരാന്‍ ഒരു വിശ്വാസവും പ്രവര്‍ത്തിക്കാന്‍ കര്‍മ പദ്ധതിയും ഉള്ളവര്‍, യാതനയുടെ കാലത്തെ ഓരോ നിമിഷവും വിലപ്പെട്ടതെന്ന് കരുതണം. പ്രയോജനപ്രദമായ കാര്യങ്ങളില്‍ സദാ വ്യാപരിക്കുമ്പോള്‍ നമ്മുടെ ലക്ഷ്യം സാര്‍ത്ഥകമാകും.
”ഭൂമുഖത്തെ ഏറ്റവും സുന്ദരമായ ദൃശ്യം മനുഷ്യ മുഖമാണ്” എന്നെഴുതിയത് ആംഗല സാഹിത്യകാരന്‍ ചാള്‍സ് ലാംബാണ്. ജാതി, മത, ദേശ, ഭാഷാ ഭേദമെന്യേ ആ മനുഷ്യരുടെ മുഖത്ത് മന്ദഹാസം തിരിച്ചു കൊണ്ടുവരാനുളള ഭഗീരഥ പ്രയത്‌നത്തിലാണ് നമ്മള്‍. രോഗപീഢയില്‍ നിന്നും മനുഷ്യര്‍ കര കയറണം. നാട്ടില്‍ അവരെ കാത്ത് കഴിയുന്ന കുടുംബങ്ങള്‍ ആശ്വാസത്തിലാവണം.
ഇരുനൂറിധികം രാജ്യക്കാര്‍ക്ക് അഭയം നല്‍കുന്ന ഐക്യ എമിറേറ്റുകളിലും പുതിയ പ്രഭാതം തെളിയേണ്ടതുണ്ട്. അതിനായി നമ്മളെല്ലാം പ്രാര്‍ത്ഥിക്കുക, പ്രവര്‍ത്തിക്കുക.
സേവന രംഗത്ത് ജാഗ്രതാപൂര്‍വം നിലകൊള്ളുന്ന നമ്മുടെ പ്രവര്‍ത്തകരെ അല്ലാഹു പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ, ആമീന്‍.
-സ്‌നേഹപൂര്‍വം
നിങ്ങളുടെ
ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍