ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ട: ഷറഫുദ്ദീന്‍ കണ്ണേത്ത്

611

കുവൈത്ത് സിറ്റി: കോവിഡ് 19 ബാധിച്ച് ചികിത്സയില്‍ പ്രവേശിപ്പിച്ച ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത്. കുവൈത്ത് മിശ്‌രിഫ് കോവിഡ് ക്‌ളിനിക്കില്‍ സന്ദര്‍ശനം നടത്തി അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിതാണിത്. കെഎംസിസി മെഡിക്കല്‍ വിംഗ് നേതൃത്വത്തില്‍ രോഗികള്‍ക്ക് നല്‍കി വരുന്ന അവശ്യ വസ്തുക്കളടങ്ങിയ കിറ്റും നേതാക്കള്‍ ആശുപത്രി അധികൃതര്‍ക്ക് കൈമാറി. അവിടെയുള്ള രോഗികളുമായും കെഎംസിസി നേതാക്കള്‍ സംസാരിച്ചു. വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. സന്ദര്‍ശന ശേഷം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എംപി, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, അബ്ദുല്‍ വഹാബ് എംപി, ഡോ. എം.കെ മുനീര്‍ എംഎല്‍എ എന്നിവരെ സംയുക്ത ടെലിഫോണ്‍ സംഭാഷണത്തില്‍ വിവരങ്ങള്‍ ധരിപ്പിച്ചതായും കണ്ണേത്ത് പറഞ്ഞു. നേരത്തെ, ഇന്ത്യന്‍ എംബസി ഉദ്ദ്യോഗസ്ഥരുമായും സംസാരിച്ചിരുന്നതായും നല്ല പ്രതികരണമാണ് അവരില്‍ നിന്നും ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ അംബാസഡര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്തതിരുന്നു. കുവൈത്ത് കെഎംസിസി നേതാക്കളായ ഹാരിസ് വള്ളിയോത്ത്, നിഹാസ് വാണിമേല്‍, ഷാഫി കൊല്ലം, അലികുഞ്ഞ് ഏലത്തൂര്‍, സലീം നിലമ്പൂര്‍, കബീര്‍ മൂസാജിപ്പടി, സിദ്ദീഖ് കോട്ടക്കല്‍ എന്നിവരും മിശ്‌രിഫ് ക്‌ളിനിക് സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.