ഓണ്‍ലൈന്‍ ദുആ സദസും ശിഹാബ് തങ്ങള്‍ അനുസ്മരണവും നടത്തി

കുവൈത്ത് സിറ്റി: കുവൈത്ത് ഇസ്‌ലാമിക് കൗണ്‍സില്‍ ദഅ്‌വ വിംഗിന് കീഴില്‍ ഫേസ്ബുക് ലൈവ് വഴി സംഘടിപ്പിച്ച ദിക്‌റ്-ദുആ സദസ്സിനും ശിഹാബ് തങ്ങള്‍ അനുസ്മരണത്തിനും കേന്ദ്ര വൈസ് പ്രസിഡണ്ട് മുസ്തഫ ദാരിമി നേതൃത്വം നല്‍കി. ആത്മീയ-സാമൂഹിക സേവന-രാഷ്ട്രീയ മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹാനായ നേതാവായിരുന്നു ശിഹാബ് തങ്ങളെന്ന് അദ്ദേഹം അനുസ്മരിച്ചു. മാനുഷിക മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിലും മതസൗഹാര്‍ദം നിലനിര്‍ത്തുന്നതിലും അദ്ദേഹം കാണിച്ചു തന്ന മഹത്തായ മാതൃക ജാതി-മത-രാഷ്ട്രീയ ഭേദമെന്യേ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. പൊതു സമൂഹത്തില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയും ആദരവും അദ്ദേഹത്തിന്റെ തെളിമയാര്‍ന്ന വ്യക്തിത്വത്തിനും സ്‌നേഹ സമ്പന്നമായ ഇടപെടലുകള്‍ക്കും ലഭിച്ച അംഗീകാരമായിരുന്നു. നമുക്കേവര്‍ക്കും എന്നെന്നും ഓര്‍മിക്കാനും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുമുളള ഒട്ടേറെ ജീവിതാനുഭവങ്ങള്‍ പകര്‍ന്നു നല്‍കിയാണ് ശിഹാബ് തങ്ങള്‍ നമ്മെ വിട്ടു പിരിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.