കോവിഡ് പ്രതിരോധം: ഷാര്‍ജയില്‍ സാന്ത്വനവുമായി ഷാര്‍ജ കെഎംസിസി

ഷാര്‍ജ: കൊറോണ വൈറസ് ബാധിച്ച സമൂഹങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ സാന്ത്വനവുമായി ഷാര്‍ജ കെഎംസിസി രംഗത്ത്. ഷാര്‍ജ ആരോഗ്യ വകുപ്പും ഷാര്‍ജ കമ്യൂണിറ്റി പോലീസുമായി സഹകരിച്ച് ഐസൊലേഷന്‍-ക്വാറന്റീന്‍ സെന്ററുകളില്‍ ഷാര്‍ജ കെഎംസിസി വളണ്ടിയര്‍മാര്‍ രണ്ടാഴ്ചയായി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. പൊതുജനാരോഗ്യത്തിന് വലിയ പ്രയാസം അനുഭവിച്ചു കൊണ്ടിരിക്കുന്ന കോവിഡ് ബാധിതര്‍ക്കും ഐസൊലേഷന്‍-ക്വാറന്റീന്‍ സെന്ററുകളില്‍ ഇരിക്കുന്നവര്‍ക്കും കോവിഡ് 19 വ്യാപനം മൂലം ജോലി നഷ്ടപ്പെട്ടും സന്ദര്‍ശക വിസയില്‍ വന്ന് കാര്യമായ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും ഈ സമയത്ത് ഷാര്‍ജ കെഎംസിസി വളണ്ടിയര്‍മാര്‍ ആയിരക്കണക്കിന് സൗജന്യ ഭക്ഷണ കിറ്റുകള്‍ ദിനേന ലേബര്‍ ക്യാമ്പുകളിലും മറ്റും സംസ്ഥാന-ജില്ലാ-മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നു.
പകര്‍ച്ച വ്യാധി പകരാതിരിക്കാന്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിക്കുന്നതിനോടൊപ്പം ജോലി സ്ഥലങ്ങളില്‍ ശമ്പളം ലഭിക്കാതെയും ഇന്‍ഷുറന്‍സ് സഹായമില്ലാതെയും പ്രയാസത്തിലായ നിത്യ രോഗികള്‍ക്ക് മരുന്നുകള്‍ എത്തിക്കാനും ഷാര്‍ജ കെഎംസിസി നേതൃത്വത്തില്‍ മെഡിക്കല്‍ വിംഗ് പ്രവര്‍ത്തിച്ചു വരുന്നു. മെഡിക്കല്‍ വിംഗുമായി ബന്ധപ്പെടാന്‍ ഈ നമ്പറുകള്‍ ഉപയോഗിക്കാം: 055 2824157, 055 8829179, 055 7176764, 055 8681550.
കോവിഡ് 19 വൈറസ് ബാധിച്ച സമൂഹങ്ങള്‍ക്ക് സഹായമെത്തിക്കാനും പരിശോധനയുടെ ക്‌ളിനിക്കല്‍ വിവരങ്ങള്‍ അറിയിക്കാനും സംശയമുള്ളവര്‍ക്ക് ആശയ വിനിമയത്തിനും ആരോഗ്യ സംരക്ഷണ വിദഗ്ധരുമായി ബന്ധപ്പെടുത്തി സഹായങ്ങള്‍ എത്തിക്കാനും ഷാര്‍ജ കെഎംസിസിയുടെ 24 മണിക്കൂര്‍ ഹെല്‍പ് ഡെസ്‌ക് സജ്ജമാണ്.
ഹെല്‍പ് ഡെസ്‌ക് നമ്പറുകള്‍: 052 5388992, 054 7512979, 052 1666836, 055 8977123, 056 6449775, 050 6318857, 055 8537070, 055 1364137, 050 6858408, 050 5762904, 050 3625485, 058 8983150, 050 5692100.
പൊതുസ്ഥലങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും ബോധവത്കരണങ്ങള്‍ നടത്തിയും മാസ്‌കുകള്‍ വിതരണം ചെയ്തും ഷാര്‍ജ കെഎംസിസിയുടെ സംസ്ഥാന-ജില്ലാ-മണ്ഡലം കമ്മിറ്റികള്‍ മാതൃകയാവുകയാണ്. ക്വാറന്റീനില്‍ ഇരിക്കുന്നവര്‍ക്ക് ഭക്ഷണപ്പൊതികള്‍ നല്‍കിയും പ്രയാസപ്പെടുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് പാകം ചെയ്യുന്നതിന് ഭക്ഷണ കിറ്റുകള്‍ എത്തിച്ചു കൊടുത്തും ഷാര്‍ജ കെഎംസിസി വനിതാ വിഭാഗവും പ്രവര്‍ത്തിച്ചു വരുന്നു. ഷാര്‍ജ കെഎംസിസിയുടെ കീഴിലുള്ള എല്ലാ സബ് കമ്മിറ്റികളും ഓണ്‍ലൈന്‍-വിര്‍ച്വല്‍ മീറ്റിംഗുകള്‍ നടത്തി കൂട്ടമായി ശക്തമായ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.