ജീവന്‍ രക്ഷാ മരുന്നുകള്‍ ലഭിക്കാതെ ഒമാനില്‍ നിത്യ രോഗികള്‍ പ്രയാസത്തില്‍

23

മസ്‌കത്ത്: ഒമാനില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജീവന്‍ രക്ഷാ മരുന്നുകള്‍ ലഭിക്കാതെ നിത്യ രോഗികള്‍ ഏറെ പ്രയാസപ്പെടുന്നു. നാട്ടില്‍ നിന്ന് നോര്‍ക വഴി മരുന്ന് ലഭ്യമാക്കാന്‍ നോര്‍ക സംവിധാനമൊരുക്കി എന്ന അറിയിപ്പിനെ തുടര്‍ന്ന് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞവര്‍, വൃക്ക മാറ്റിവച്ചവര്‍, മാനസിക സമ്മര്‍ദം അനുഭവിക്കുന്നവര്‍ എന്നിവരുടെ മരുന്നുകള്‍ അടിയന്തിരമായി ഒമാനില്‍ എത്തിക്കാന്‍ നാട്ടിലുള്ള കെഎംസിസി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഷാനവാസ് മൂവാറ്റുപുഴ എറണാകുളം നോര്‍ക ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ മരുന്ന് ഒമാനില്‍ എത്തിക്കാന്‍ കാര്‍ഗോ ഏജന്‍സികളെ സമീപിക്കാന്‍ അറിയിച്ചു. ഒരാള്‍ക്ക് മരുന്ന് ഒമാനിലെത്തിക്കാന്‍ 13,000 ഇന്ത്യന്‍ രൂപയാണത്രെ ആവശ്യപ്പെട്ടത്. കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ധാരാളം പേര്‍ നാട്ടില്‍ നിന്നും മരുന്ന് എത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും നോര്‍ക അറിയിച്ച പ്രകാരമുള്ള കാര്‍ഗോ ഏജന്‍സികള്‍ 13,000 രൂപയില്‍ കൂടുതല്‍ തുകയാണ് ഓരോ കിലോക്കും വേണ്ടി ആവശ്യപ്പെടുന്നത്. ഇത് ലോക്ക്ഡാണ്‍ കാരണം പ്രയാസമനുഭവിക്കുന്ന സാധാരണക്കാരായ പ്രവാസി കുടുംബങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല. പ്രവാസി ബന്ധുക്കള്‍ വഴി മതിയായ രേഖകള്‍ പൂര്‍ത്തിയാക്കി നോര്‍ക ഓഫീസുകളില്‍ മരുന്ന് എത്തിക്കുന്നവര്‍ക്ക് സൗജന്യ കാര്‍ഗോ സേവനം നല്‍കി മരുന്ന് ഒമാനില്‍ എത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മസ്‌കത്ത് കെഎംസിസി കോവിഡ് കര്‍മ സമിതി ചീഫ് കോ ഓര്‍ഡിനേറ്റര്‍ കെ. യൂസുഫ് സലിം മുഖ്യമന്ത്രിക്കും നോര്‍ക സിഇഒക്കും പരാതി അയച്ചു. മുഖ്യമന്ത്രിയുടെയും നോര്‍കയുടെയും ഹെല്‍പ് ഡെസ്‌ക് വാട്‌സാപ്പ് നമ്പറിലേക്ക് അപേക്ഷയും നല്‍കിയെങ്കിലും പരിഹാരമായില്ല.