കോവിഡ് ബാധയേറ്റ് മരിച്ച മലയാളിയുടെ ഖബറടക്കത്തിന് സാക്ഷിയായി സിദ്ദീഖ് മാത്രം!

109
സിദ്ദീഖ് തുവൂര്‍

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: കോവിഡ് ബാധിച്ച് മരിച്ച മലയാളിയുടെ ഖബറടക്കത്തിന് സാക്ഷിയായി റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവൂര്‍. കോവിഡ് ബാധയേറ്റ് മരിക്കുന്നവരുടെ ഖബറടക്കം സാധാരണ ഗതിയില്‍ ആരോഗ്യ മന്ത്രാലയം തന്നെ അവരുടെ സംവിധാനങ്ങള്‍ ഉപയോഗിച്ച് നിര്‍വഹിക്കുന്ന പതിവ്. എന്നാല്‍, റിയാദിലെ സഊദി-ജര്‍മന്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം മരിച്ച ചെമ്മാട് സ്വദേശി പുതിയകത്ത് സഫ്‌വാന്റെ ഖബറടക്കാന്‍ സിദ്ദീഖിന് പ്രത്യേക അനുമതി ലഭിക്കുകയായിരുന്നു. സഫ്‌വാന് രോഗബാധയുണ്ടായി ആസ്പത്രിയില്‍ പ്രവേശിച്ചത് മുതല്‍ രംഗത്തുണ്ടായിരുന്ന സിദ്ദീഖ് മറ്റു നിരവധി കേസുകള്‍ കൈകാര്യം ചെയ്യുന്നതിനിടയിലാണ് ആരും അടുക്കാന്‍ പേടിക്കുന്ന ദൗത്യം ഏറ്റെടുത്തത്. ആരോഗ്യ മന്ത്രാലയ പ്രൊട്ടോകോള്‍ കൃത്യമായി പാലിച്ച് ഇന്ത്യന്‍ എംബസിയുടെ അധികാര പത്രവുമായി സഫ്‌വാന്റെ മരണത്തിന് മുന്‍പും മരിച്ച ശേഷവും നിരവധി ഓഫീസുകള്‍ കയറിയിറങ്ങിയ സിദ്ദീഖ് റിയാദില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എടുക്കേണ്ട അനുമതികളെല്ലാം കൈവശപ്പെടുത്തിയാണ് കെഎംസിസി സംഘടന തന്നിലേല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വഹിച്ചത്. സിദ്ദീഖ് സുഹൃത്തുക്കളുമായി പങ്കു വെച്ച കാര്യങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു. ജീവിതത്തിലാദ്യമായി ഡിസ്‌പോസബ്ള്‍ കവര്‍ ഓള്‍ കയ്യില്‍ കിട്ടി. മനസ് പതറിയില്ല. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കി. കാല്‍പാദം മുതല്‍ തലവരെ മറയുന്ന കവര്‍ ഓള്‍ ശരീരം മുഴുവന്‍ മറച്ചു. എന്‍90 മാസ്‌കും ഫെയ്‌സ് ഷീള്‍ഡും ധരിച്ചു. രണ്ട് സെറ്റ് കവര്‍ ഓള്‍, മാസ്‌ക് എന്നിവ അധികം നല്‍കിയിരുന്നു. വൈറസ് ബാധയുളളവരെ പരിചരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരാണ് കവര്‍ ഓള്‍ ഉപയോഗിക്കുന്നത്. ഇത് എപ്രകാരമാണ് ഉപയോഗിക്കേണ്ടതെന്ന് ആശുപത്രി അധികൃതര്‍ കാണിച്ചിരുന്നു. ധരിക്കുമ്പോഴും അഴിക്കുമ്പോഴും ശ്രദ്ധ വേണം. കോവിഡ് ബാധിച്ച് മരിച്ച യുവാവിന്റെ മയ്യിത്ത് ഏറ്റുവാങ്ങാനാണ് കവര്‍ ഓള്‍ ധരിച്ചത്. നിപ്പ നാട്ടില്‍ പടര്‍ന്ന കാലത്താണ് ഈ കവര്‍ഓളിനെ കുറിച്ച് മനസ്സിലാക്കിയത് . അത് നേരില്‍ ധരിക്കേണ്ട അവസ്ഥയായി. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രൊട്ടോകോള്‍ പ്രകാരം സജ്ജമാക്കിയ ആംബുലന്‍സ് എത്തി. മയ്യിത്ത് അതിനകത്ത് വെച്ചു. ആംബുലന്‍സിന് പിന്നാലെ സ്വന്തം കാര്‍ ഓടിച്ചു പോയി. മറ്റാരും കൂട്ടിനില്ല. 24 മണിക്കൂര്‍ കര്‍ഫ്യൂവായതിനാലും ഇത് കോവിഡ് കേസായതിനാലും ആരെയും കൂടെ കൂട്ടാന്‍ സാധിച്ചില്ല. സഹായിക്കാന്‍ സന്നദ്ധരായവര്‍ക്ക് പോലും എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യം. സഫ്‌വാന്റെ മയ്യിത്ത് ഖബറടക്കാനുളള തയ്യാറെടുപ്പ് തുടങ്ങിയിട്ട് നാലു ദിവസമായി. ഓരോ ഓഫീസുകളും കയറിയിറങ്ങി. മലയാളി സമൂഹത്തെ ആശങ്കയിലാഴ്ത്തിയ മരണ വിവരം പുറത്തു വന്നത് മാര്‍ച്ച് 4ന് രാത്രി ആണ്. പിറ്റേദിവസം തന്നെ ഇന്ത്യന്‍ എംബസിയില്‍ നിന്നു മയ്യിത്ത് മറവു ചെയ്യുന്നതിന് നോ ഒബ്ജക്ഷന്‍ ലെറ്റര്‍ കിട്ടി. പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ഖബറടക്കാനുളള അനുമതി പത്രവും നേടി. ആശുപത്രിയില്‍ നിന്നുളള രേഖകളും ലഭിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരെ ഖബറടക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശം കര്‍ശനമായി പാലിക്കണം. ഖബര്‍സ്താനില്‍ സഹായത്തിന് ആളുണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. പ്രത്യേകം അനുമതി നേടിയിരുന്നെങ്കില്‍ സുഹൃത്തുക്കളെ ഒപ്പം കൂട്ടാമായിരുന്നു. ആളുണ്ടാവുമല്ലോ. സുഹൃത്തുക്കളെ ബുദ്ധിമുട്ടിക്കേണ്ട. പ്രത്യേക സാഹചര്യമാണല്ലോ നിലവിലുളളത്. ഇതെല്ലാം മനസ്സിലാക്കിയാണ് ഒറ്റക്ക് പുറപ്പെട്ടത്. മഖ്ബറ അശ്ശിമാലില്‍ ആംബുലന്‍സ് എത്തി. കോവിഡ് മരണം ആണെന്ന് അറിഞ്ഞതോടെ ആരും അടുക്കുന്നില്ല. ഡ്രൈവറുടെ സഹായത്തോടെ മയ്യിത്ത് പുറത്തെടുത്തു. സ്വാഭാവിക മരണം സംഭവിച്ച ചിലരുടെ മയ്യിത്തുകള്‍ മറവു ചെയ്യാന്‍ എത്തിയിട്ടുണ്ട്. അവരില്‍ ചിലര്‍ സഫ്‌വാന്റെ മയ്യിത്തിന് വേണ്ടി നമസ്‌കരിച്ചു. പ്രാര്‍ത്ഥിച്ചു. പക്ഷേ, ഖബറിടത്തിലേക്ക് മയ്യിത്ത് ഇറക്കി വെക്കാനും സഹായിക്കാനും ആരും ഒരുക്കമല്ല. ഇതിനിടെ, ആംബുലന്‍സ് ഡ്രൈവര്‍ സ്ഥലം വിട്ടു. രണ്ട് ഓവര്‍ ഓളും മാസ്‌കും അധികമുണ്ട്. ഇത് ധരിക്കാന്‍ സന്നദ്ധരായ രണ്ടു പേരെ സഹായത്തിന് കിട്ടണം. എങ്കില്‍ മാത്രമേ, ഖബറടക്കാന്‍ കഴിയൂ. പലരെയും സമീപിച്ചു. ഓരോരുത്തര്‍ക്കും അവരവരുടേതായ ബുദ്ധിമുട്ടുകള്‍. ഇതിനിടെ, മഖ്ബറയിലുണ്ടായിരുന്നവരെല്ലാം പോയിക്കഴിഞ്ഞിരുന്നു. പ്രത്യേകിച്ച്, ഓവര്‍ ഓള്‍ ധരിച്ച് മയ്യിത്തുമായി നില്‍ക്കുന്ന ആളെ നോക്കാനോ കേള്‍ക്കാനോ ആരുമൊരുക്കമായിരുന്നില്ല. ഖബറിടത്തിനരികെ ഖല്‍ബിന് പടച്ചവന്‍ പകര്‍ന്ന കരുത്ത് ആത്മ വിശ്വാസം നല്‍കി. മറ്റു മയ്യിത്തുകള്‍ ഖബറടക്കാന്‍ വന്ന ഇരുപത്തിയഞ്ചിലധികം ആളുകള്‍ അവിടെ ഉണ്ടായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ അധിക സമയം ആര്‍ക്കും അവിടെ ചെലവഴിക്കാന്‍ അനുമതിയില്ല. നിമിഷ നേരംകൊണ്ടു എല്ലാവരും അപ്രത്യക്ഷരായി. സമയം ഉച്ച ഒരു മണി കഴിഞ്ഞു. പൊരിവെയില്‍. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന സമയം! പ്രാര്‍ത്ഥന മാത്രമായിരുന്നു കൈമുതല്‍. അതിനിടെ, ഖബര്‍സ്താനിലേക്ക് വന്ന രണ്ടു അറബ് വംശജര്‍ മയ്യിത്ത് ഖബറിലേക്ക് വെക്കാന്‍ സന്നദ്ധരായി വന്നു. അവര്‍ക്ക് രണ്ട് പേര്‍ക്കും കവര്‍ ഓള്‍ നല്‍കി. മാസ്‌കും കയ്യുറയും ധരിച്ചു. പാപമോചനത്തിനുളള പ്രാര്‍ത്ഥനകള്‍ ഉരുവിട്ട് സഫ്‌വാന്റെ മയ്യിത്ത് ഞങ്ങള്‍ മൂന്ന് പേര്‍ ചേര്‍ന്ന് ഖബറിലേക്ക് ഇറക്കി വെച്ചു. കല്ലുകള്‍ പാകി സഹായിച്ച ശേഷം അറബ് വംശജര്‍ പോയി. പിന്നെ സ്വയം മണ്‍വെട്ടിയെടുത്ത് ഖബര്‍ മൂടാന്‍ തുടങ്ങി. മൂന്നു നാലു ദിവസമായി തുടരുന്ന ഉക്കക്കുറവും യാത്രയും. മണ്ണു കോരാന്‍ കഴിയാത്ത വിധം ക്ഷീണിപ്പിച്ചിരുന്നു. എങ്കിലും 75 ശതമാനത്തിലധികം മണ്ണിട്ടു മൂടി. മഖ്ബറയുടെ പരിസരത്ത് പുറത്ത് കണ്ട രണ്ട് ബംഗ്‌ളാദേശ് പൗരന്‍മാരെ വിളിച്ചു. അവര്‍ ചോദിച്ച കൂലിയും നല്‍കി. പകച്ചു നിന്നിടത്തു നിന്നു ഞൊടിയിടയില്‍ എല്ലാം കഴിഞ്ഞതിന്റെ ആശ്വാസം. അല്ലാഹുവിന് സ്തുതി പറഞ്ഞു! പ്രവാസ ജീവിതത്തിനിടയില്‍ നിരവധി മയ്യിത്ത് ഖബറടക്കുന്നതില്‍ പങ്കാളിയായിട്ടുണ്ട്. നിരവധി പ്രവാസി പ്രശ്‌നങ്ങളില്‍ പൊലീസ് സ്‌റ്റേഷനിലും കോടതികളിലും കയറിയിറങ്ങിയിട്ടുണ്ട്. ഇതുപോലെ ഒരു അനുഭവം മറക്കാനാവില്ല. സിദ്ദീഖ് തുവൂരിന്റെ വാക്കുകള്‍ സുഹൃത്തുക്കള്‍ കേട്ടത് നിറകണ്ണുകളോടെ.
ഒരു മാസം മുമ്പേ റിയാദില്‍ സന്ദര്‍ശക വിസയിലെത്തിയ സഫ്‌വാന്റെ ഭാര്യയെയും അവരോടൊപ്പം സമീപ ഫ്‌ളാറ്റില്‍ കഴിഞ്ഞവരെയും ക്വാറന്റൈനില്‍ എത്തിക്കുന്നതിലും സിദ്ദീഖ് തന്നെയായിരുന്നു പങ്ക് വഹിച്ചത്. കൂടെ റിയാദ് കെഎംസിസി പ്രസിഡണ്ട് സി.പി മുസ്തഫ, മുനീര്‍ മക്കാനി, സിദ്ദീക്ക് കല്ലുപറമ്പന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.
എല്ലാ കാര്യങ്ങളിലും കൃത്യത സിദ്ദീഖിന്റെ മുഖമുദ്രയാണ്. ഏറ്റെടുത്താല്‍ ചെയ്യും, ചെയ്യുന്നതേ ഏറ്റെടുക്കൂ. കഴിയില്ലെങ്കില്‍ ആരോടും അത് കൃത്യമായി വിനയത്തോടെ പറഞ്ഞു ബോധ്യപ്പെടുത്തും. സിദ്ദീഖിന്റെ സേവന പാതയില്‍ എടുകളായി സൂക്ഷിക്കാനുള്ള ആരുമറിയാത്ത ആരോടും പറയാത്ത ഒരു വലിയ സേവന ചരിത്രമുണ്ട്. ചെയ്യുന്നതെല്ലാം അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി മാത്രം. ആരുടേയും പ്രശംസയും പുകഴ്ത്തലുമൊന്നും സിദ്ദീഖിന് താല്പര്യമില്ല. റിയാദ് കെഎംസിസി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തങ്ങളും രാപകല്‍ വിത്യാസമില്ലാതെ നിര്‍വഹിക്കാന്‍ ഈ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സദാ ജാഗ്രത പാലിക്കുന്നു. ഒപ്പം, റിയാദിലെന്ത് സംഭവിച്ചാലും ആദ്യം ഫോണ്‍ വരുന്നതും സിദ്ദീഖിന്റെ മൊബൈലിലേക്കാവും.
കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യുമ്പോഴും ഭീതിയോടെയാണെങ്കിലും കുടുംബനാഥന്റെ ഈ പ്രവര്‍ത്തങ്ങനള്‍ക്ക് കരുത്ത് പകരുകയായിരുന്നു സിദ്ദീഖിന്റെ ഭാര്യയും മക്കളും. റിയാദില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന സിദ്ദീഖ് പാതിരായ്ക്ക് വരുമ്പോഴും വെളുപ്പിന് മുമ്പേ പോകുമ്പോഴും പ്രാര്‍ത്ഥനയിലാണ് ഈ കുടുംബം. ഈ ഖബറടക്കം കഴിഞ്ഞ് വീട്ടിലെത്തിയ സിദ്ദീഖ് അവിടെയുമെടുത്ത് ഒരു തീരുമാനം. എല്ലാ മുന്‍കരുതല്‍ നടപടികളും കൈകൊണ്ടിരുന്നുവെങ്കിലും വീട്ടിലേക്ക് കയറുന്നില്ല, പകരം അടുത്ത ഒരു സുഹൃത്തിന്റെ ഒഴിഞ്ഞ ഫ്‌ളാറ്റിലെ ഒരു മുറിയില്‍ സ്വയം ക്വാറന്റൈനില്‍ പോകാന്‍ തീരുമാനിച്ചു. വീട്ടില്‍ ചെറിയ കുഞ്ഞുണ്ട്. ഒരു തരത്തിലും തന്റെ അശ്രദ്ധ കുടുംബത്തിന് ഭീഷണിയാകരുത്, ഒരു മുന്‍കരുതലാണ് ഒപ്പം സമൂഹത്തോടുള്ള പ്രതിബദ്ധതയും നിറവേറ്റി സിദ്ദീഖ് നിലപാടെടുത്തപ്പോള്‍
സഊദിയിലെ പ്രവാസി സമൂഹം സോഷ്യല്‍ മീഡിയ വഴിയും ഫോണ്‍ സന്ദേശം വഴിയും വിളിച്ചു പറഞ്ഞു, ”നിങ്ങള്‍ ഒറ്റക്കല്ല, പ്രവാസി സമൂഹമുണ്ട് കൂടെ, ഒപ്പം ഒരുപാട് പ്രാര്‍ത്ഥനകളും!”