സ്വകാര്യ മേഖലയിലും കോവിഡ് പരിശോധനക്ക് സംവിധാനം

55

ദുബൈ: യുഎഇ നിവാസികള്‍ക്ക് പണമടച്ചുള്ള കോവിഡ് പരിശോധനക്ക് കൂടുതല്‍ സൗകര്യങ്ങളൊരുങ്ങി. തുംബെ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ദുബൈയിലെയും നോര്‍ത്തേണ്‍ എമിറേറ്റുകളിലെയും 22 ടെസ്റ്റിംഗ് സെന്ററുകള്‍ പൊതുജനങ്ങള്‍ക്കായി ഞായറാഴ്ച തുറന്നു. പരിശോധനാ കേന്ദ്രങ്ങള്‍ നിയന്ത്രിക്കുന്നത് കോളേജ് ഓഫ് അമേരിക്കന്‍ പാത്തോളജിസ്റ്റ് പിന്തുണയുള്ള തുംബെ ലാബുകളാണ്. ഡയറക്ടര്‍ ഡോ. നസീര്‍ പര്‍വൈസിന്റെ നേതൃത്വത്തില്‍ എട്ട് ഗ്രൂപ്പ് ആശുപത്രികളിലും ദുബൈ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലെ 14 ഗ്രൂപ്പ് ക്ലിനിക്കുകളിലും പ്രവര്‍ത്തിക്കുന്നു. ഫുജൈറയിലും റാസല്‍ ഖൈമയിലും ദിവസവും രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ സേവനം ലഭിക്കും. ദുബായ് ഹെല്‍ത്ത് അതോറിറ്റി, ആരോഗ്യ-പ്രതിരോധ മന്ത്രാലയം എന്നിവയുടെ നിര്‍ദേശപ്രകാരമാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
എല്ലാ രോഗലക്ഷണമുള്ള വ്യക്തികളെയും ഇവിടെ പരിശോധിക്കും. താല്‍പര്യമുള്ളവര്‍ക്ക് ലാന്‍ഡ്ലൈന്‍ 046030555, വാട്ട്സ്ആപ്പ് 0566806455 എന്നിവ വഴി ടെസ്റ്റുകള്‍ക്കായി അപേക്ഷിക്കാം. ഫലങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഇമെയില്‍ ചെയ്യും. അതേസമയം യുഎഇ പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമിടയില്‍ 35,000 കോവിഡ് പരിശോധനകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആരോഗ്യ, പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തി. അതിന് അനുസൃതമായി കോവിഡിന്റെ വ്യാപനം തടയുന്നതിനുള്ള വൈറസ് പരിശോധന ശക്തമാക്കാനാണ് ഈ പദ്ധതി.